ജൂണ്‍ മൂന്നിന് സ്‌കൂള്‍ തുറക്കും, മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: മുഖ്യമന്ത്രി പിണറായി വിജയന്‍
സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സ്‌കൂള്‍ തുറക്കലുമായി ബന്ധപ്പെട്ട കാര്യം ചര്‍ച്ച ചെയ്യാനായി മന്ത്രിമാരായ വി. ശിവന്‍കുട്ടി, ആര്‍. ബിന്ദു, എം.ബി. രാജേഷ്, കെ. രാജന്‍, പി. രാജീവ് എന്നിവരും ബന്ധപ്പെട്ട ഉദ്യോഗസ്ഥരും ചേര്‍ന്ന ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
”ജൂണ്‍ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വര്‍ഷം ആരംഭിക്കും. അതിന് മുന്നോടിയായി സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം. അറ്റകുറ്റ പണികള്‍ നടത്തണം. അദ്ധ്യയന വര്‍ഷം ആരംഭിക്കുന്നതിനു മുന്‍പ് എല്ലാ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്കും ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം. സ്‌കൂളും പരിസരവും വൃത്തിയാക്കണം. ശുദ്ധമായ കുടിവെള്ളം ഉറപ്പാക്കണം. സ്‌കൂളുകളില്‍ നിര്‍ത്തിയിട്ട ഉപയോഗശൂന്യമായ വാഹനങ്ങള്‍ നീക്കം ചെയ്യണം. ഉപയോഗശൂന്യമായ ഫര്‍ണിച്ചര്‍, മറ്റ് ഉപകരണങ്ങള്‍ എന്നിവ നീക്കം ചെയ്യുകയോ പ്രത്യേക മുറിയില്‍ സൂക്ഷിക്കുകയോ വേണം. സ്‌കൂള്‍ പരിസരത്തെ അപകടാവസ്ഥയിലുള്ള മരങ്ങള്‍, ബോര്‍ഡുകള്‍, ഹോര്‍ഡിംഗ്സ് എന്നിവ മാറ്റണം. സ്‌കൂളിലേയ്ക്കുളള വഴി, പരിസരം എന്നിവിടങ്ങളിലെ അപകടാവസ്ഥയില്‍ നില്‍ക്കുന്ന വൈദ്യുത പോസ്റ്റുകള്‍, വൈദ്യുത കമ്പികള്‍ എന്നിവ ഒഴിവാക്കണം.
സ്‌കൂള്‍ ബസ്സുകള്‍, സ്‌കൂളില്‍ കുട്ടികളെ എത്തിക്കുന്ന മറ്റ് സ്വകാര്യ വാഹനങ്ങള്‍ എന്നിവയുടെ ഫിറ്റ്നസ് പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കണം.ഗോത്ര വിദ്യാര്‍ത്ഥികള്‍ക്ക് ഗോത്ര ഭാഷയില്‍ വിദ്യാഭ്യാസം ചെയ്യാന്‍ അവസരം നല്‍കുന്നതിനും പിന്തുണ ഉറപ്പാക്കുന്നതിനും നിയമിച്ച മെന്റര്‍ ടീച്ചര്‍മാര്‍ സ്‌കൂള്‍ തുറക്കുന്ന ദിവസം തന്നെ എത്തുമെന്ന് ഉറപ്പാക്കണം. എല്ലാ കുട്ടികളും സ്‌കൂളുകളില്‍ എത്തുന്നുവെന്ന് ട്രൈബല്‍ പ്രൊമോട്ടര്‍മാര്‍ ഉറപ്പാക്കണം. ശുചിത്വ വിദ്യാലയം ഹരിത വിദ്യാലയം ക്യാംപെയ്ന്‍ നടത്തണം. വസ്ത്രം, പുസ്തകം, ഉച്ചഭക്ഷണം എന്നിവ ഉറപ്പാക്കണം. സ്‌കൂള്‍ പരിസരത്ത് ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗവും വില്‍പ്പനയും നടക്കുന്നില്ലെന്ന് ഉറപ്പാക്കണം. എക്സൈസ് വകുപ്പും പോലീസും നിശ്ചിത ഇടവേളകളില്‍ കടകളും മറ്റും പരിശോധന നടത്തണം. ജില്ലാതല ജനജാഗ്രത സമിതി നിശ്ചിത ഇടവേളകളില്‍ യോഗം ചേര്‍ന്ന് ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണമെന്നും’ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.
‘ബോധവത്കരണ, എന്‍ഫോഴ്‌സ്‌മെന്റ് നടപടികള്‍ ശക്തമാക്കും. പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ ലഹരി ഉപയോഗം മൂലം ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ പ്രതിപാദിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലഹരി മുക്തമാക്കാന്‍ കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍, അധ്യാപകര്‍ എന്നിവരുടെ സഹകരണം ഉറപ്പാക്കണം. രക്ഷകര്‍ത്താകളെ പങ്കെടുപ്പിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കണ ക്ലാസ് സംഘടിപ്പിക്കും. ജൂണ്‍ 26ന് ആന്റിനാര്‍ക്കോട്ടിക് ദിനത്തില്‍ കുട്ടികളുടെ പാര്‍ലമെന്റ് നടത്തണം. ഒക്ടോബര്‍ 2ന് കുട്ടികളുടെ താമസസ്ഥലങ്ങളില്‍ ജനങ്ങളെ കൂടി പങ്കെടുപ്പിച്ച് സംവാദ സദസ് നടത്തും. നവംബര്‍ 1ന് മുഖ്യമന്ത്രിയുടെ ലഹരി വിരുദ്ധ സന്ദേശം വീടുകളില്‍ എത്തിക്കും. നവംബര്‍ 14ന് പ്രത്യേക ശിശുദിന അസംബ്ലി ചേരും. ഡിസംബര്‍ 10ന് ലഹരി വിരുദ്ധ സെമിനാര്‍ നടത്തും. 2025 ജനുവരി 30ന് ക്ലാസ് സഭകള്‍ ചേര്‍ന്ന് ഈ വര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അവലോകനവും നടത്തും. തെളിവാനം വരയ്ക്കുന്നവര്‍ എന്ന കൈപുസ്തകത്തെ ആസ്പദമാക്കി തയ്യാറാക്കിയ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണം. എല്ലാ സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലും കാലതാമസമില്ലാതെ ലഹരി വിരുദ്ധ പോസ്റ്റര്‍ പതിക്കണം. ലഹരി ഉപയോഗം സാമൂഹ്യ വിപത്തായി കണ്ട് ഒറ്റക്കെട്ടായി നേരിടണമെന്നും’ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































