മൂന്ന് വര്‍ഷ ബിരുദം ഇനി രണ്ടരവര്‍ഷത്തില്‍ പൂര്‍ത്തിയാക്കാം
തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍വകലാ ശാലകളിലും കോളജുകളിലും അടുത്ത അധ്യയന വര്‍ഷം ആരംഭിക്കുന്ന നാല് വര്‍ഷ ഓണേഴ്‌സ് ബിരുദ കോഴ്‌സുകള്‍ നിശ്ചിത സമയത്തിന് മുമ്പ് പൂര്‍ത്തിയാക്കാന്‍ അവസരം. നാല് വര്‍ഷത്തിനിടെ വിദ്യാര്‍ഥി ആര്‍ജിക്കേണ്ട 177 ക്രെഡിറ്റുകള്‍ പൂര്‍ത്തിയാക്കി മൂന്നരവര്‍ഷം കൊണ്ട് കോഴ്‌സ് പൂര്‍ത്തിയാക്കാം. മൂന്ന് വര്‍ഷ ബിരുദ കോഴ്‌സാണ് ചെയ്യുന്നതെങ്കില്‍ ആവശ്യമായ 133 ക്രെഡിറ്റുകള്‍ നേടി രണ്ടരവര്‍ഷം കൊണ്ടും കോഴ്‌സ് പൂര്‍ത്തിയാക്കാം.
പഠനത്തിനിടെ വിദ്യാര്‍ഥിക്ക് സംസ്ഥാനത്തെ മറ്റൊരു സര്‍വകലാശാലയിലേക്ക് മാറി കോഴ്സ് പൂര്‍ത്തിയാക്കാനുമാകും. ഒരു സര്‍വകലാശാലയില്‍നിന്ന് നേടിയ ക്രെഡിറ്റുകള്‍ മാറ്റം വാങ്ങുന്ന സര്‍വകലാശാലയിലേക്ക് കൈമാറിയായിരിക്കും (ക്രെഡിറ്റ് ട്രാന്‍സ്ഫര്‍) ഇത് നടപ്പാക്കുക. പഠനത്തിനിടെ ഇടവേളയും അനുവദിക്കും. റെഗുലര്‍ പഠനത്തോടൊപ്പം ഓണ്‍ലൈന്‍ പഠനത്തിലൂടെ നേടുന്ന കോഴ്സുകളുടെ ക്രെഡിറ്റും ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാന്‍ ഉപയോഗിക്കാം. ലോകത്ത് എവിടെനിന്ന് നേടിയ ക്രെഡിറ്റും ബിരുദ കോഴ്‌സ്സിന്റെ ഭാഗമാക്കി മാറ്റാനാകും. പരീക്ഷ-മുല്യനിര്‍ണയ രീതികളില്‍ കൊണ്ടുവരുന്ന മാറ്റത്തിന്റെ ഭാഗമായി പരീക്ഷ ദൈര്‍ഘ്യം കുറക്കുന്നതോടൊപ്പം കോഴ്‌സിലൂടെ വിദ്യാര്‍ഥി ആര്‍ജിച്ച നൈപുണിയും വിലയിരുത്തും. എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തില്‍ മാത്രം വിലയിരുത്തുന്നതിന് പകരം വിവിധ രീതിയിലുള്ള കഴിവുകള്‍ പരിശോധിക്കും. എഴുത്തുപരീക്ഷ-ഇന്റേണല്‍ അസസ്‌മെന്റ് അനുപാതം നിലവിലെ 80:20 എന്നതില്‍നിന്ന് 70:30 ആക്കും. ഘട്ടംഘട്ടമായി ഇത് 60:40 ആക്കി മാറ്റാനും ലക്ഷ്യമിടുന്നു.
പി.ജി പഠനം ഒരുവര്‍ഷം
നാല് വര്‍ഷ ഓണേഴ്സ് ബിരുദം പൂര്‍ത്തിയാക്കു ന്നവര്‍ക്ക് ഒരു വര്‍ഷം കൊണ്ട് പി.ജി പൂര്‍ത്തിയാക്കാന്‍ കഴിയുന്ന രീതിയില്‍ ലാറ്ററല്‍ എന്‍ട്രി സംവിധാനം കൊണ്ടുവരും. ഗവേഷണ സ്വഭാവത്തിലുള്ള നാല് വര്‍ഷ ബിരുദം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഗവേഷണത്തിന് നേരിട്ട് ചേരാന്‍ കഴിയുന്ന രീതിയിലുള്ള യു.ജി.സിയുടെ പരിഷ്‌കാരവും നടപ്പാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ബിന്ദു അറിയിച്ചു.
നൈപുണ്യവികസന കേന്ദ്രങ്ങള്‍
പുതിയ ബിരുദ കോഴ്സുകളുടെ ഭാഗമായി കോളജുകളിലും സര്‍വകലാശാലകളിലും യു.ജി.സി മാര്‍ഗരേഖ പ്രകാരം നൈപുണ്യവികസന കേന്ദ്രങ്ങള്‍ തുടങ്ങും.
നൈപുണ്യ വിടവ് നികത്താന്‍ വ്യവസായ സംബന്ധിയായ ഹ്യസ്വകാല കോഴ്സുകള്‍ ആരംഭിക്കും. ഉന്നത വിദ്യാഭ്യാസത്തിലേക്ക് തൊഴില്‍ നൈപുണ്യത്തെ സമന്വയിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് കേന്ദ്രങ്ങള്‍ തുടങ്ങുന്നത്. സെന്റര്‍ ഫോര്‍സ്‌കില്‍ ഡെവലപ്മെന്റ് കോഴ്സസ് ആന്‍ഡ് കരിയര്‍ പ്ലാനിങ് എന്ന പേരില്‍ സ്വയംപര്യാപ്ത രീതിയിലാകും കേന്ദ്രങ്ങള്‍ സ്ഥാപിക്കുക. നൈപുണ്യവികസന കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിന് അനുയോജ്യ പ്രഫഷനല്‍ പരിശീലന ഏജന്‍സികളെ സര്‍ക്കാര്‍തലത്തില്‍ തെരഞ്ഞെടുക്കും. ഉന്നത വിദ്യാഭ്യാസ കൗണ്‍സിലിന്റെ നേതൃത്വത്തിലായിരിക്കും നടപടികള്‍.
കോഴ്സ് തുടക്കം ജൂലൈ ഒന്നിന്
നാലുവര്‍ഷ കോഴ്സുകളുടെ ഔദ്യോഗിക തുടക്കം ജൂലൈ ഒന്നിന് നടക്കുമെന്ന് മന്ത്രി ഡോ. ആര്‍. ബിന്ദു പറഞ്ഞു. സംസ്ഥാനതലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ പങ്കെടുപ്പിച്ചാകും പരിപാടി സംഘടിപ്പിക്കുക. സംസ്ഥാനത്തെ മുഴുവന്‍ സര്‍വകലാശാലകളിലും കോളജുകളിലും ലോഞ്ചിങ് പരിപാടി സംഘടിപ്പിക്കും.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം