January 22, 2025
#Crime #gulf #International #Top News

പത്താം ക്ലാസ് വിദ്യാര്‍ഥി തീവ്രവാദ സംഘടനയില്‍ ചേര്‍ന്നു; അഞ്ച് വര്‍ഷം തടവ് ശിക്ഷ വിധിച്ച് കുവൈറ്റ് ജുവനൈല്‍ കോടതി

കുവൈറ്റ് സിറ്റി: നിരോധിത സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റ് ഓഫ് ഇറാഖ് ആന്‍ഡ് സിറിയയില്‍ (ഐഎസ്) ചേരുകയും മുബാറക് അല്‍ കബീറിലെ ഹുസൈനിയ്യ ശിയാ പള്ളിയില്‍ ബോംബാക്രമണം നടത്താന്‍ പദ്ധതിയിടുകയും ചെയ്ത കേസില്‍ പത്താം ക്ലാസ് വിദ്യാര്‍ഥിക്കെതിരേ ശിക്ഷ വിധിച്ച് കുവൈറ്റിലെ ജുവനൈല്‍ കോടതി. അഞ്ച് വര്‍ഷത്തെ തടവിനാണ് 15കാരനായ വിദ്യാര്‍ഥിയെ ജുവനൈല്‍ കോടതി ജഡ്ജി ഫഹദ് അല്‍ അവാദി ശിക്ഷ വിധിച്ചത്. എന്നാല്‍ രാജ്യ താല്‍പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ കുട്ടിയെ കോടതി കുറ്റവിമുക്തനാക്കുകയും ചെയ്തതായി പ്രാദേശിക മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Also Read ; ഡല്‍ഹിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം

താന്‍ ആക്രമണത്തിന് പദ്ധതിയിട്ടതായും എന്നാല്‍ തന്റെ പദ്ധതി നടപ്പിലാക്കാന്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും തന്റെ കൈവശം സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നില്ലെന്നും വിദ്യാര്‍ഥി കോടതിയെ അറിയിച്ചു. 2023 ജനുവരി മുതല്‍ 2024 ഫെബ്രുവരി 20 വരെയുള്ള വിദ്യാര്‍ഥിയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ച് തയ്യാറാക്കിയ കുറ്റപത്രത്തിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരേ നേരത്തേ പബ്ലിക് പ്രോസിക്യൂഷനിലെ ജുവനൈല്‍ പ്രൊട്ടക്ഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് കുറ്റം ചുമത്തിയിരുന്നു.

നിരോധിത സംഘനയില്‍ ചേര്‍ന്നതിലൂടെ അദ്ദേഹം ദേശീയ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ചുവെന്നും കുറ്റപത്രത്തില്‍ പറഞ്ഞിരുന്നു. ഇതുവഴി രാജ്യത്തിന്റെ അടിസ്ഥാന സംവിധാനങ്ങളെ തകര്‍ക്കാനും അതിന്റെ സാമൂഹികവും സാമ്പത്തികവുമായ സംവിധാനങ്ങളെ ആക്രമിക്കാനുമാണ് പ്രതി ലക്ഷ്യമിട്ടത്.

നിരോധിത സംഘടനയുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ചു

ഇന്റര്‍നെറ്റിലും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലും നിരോധിത സംഘടനയെ കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം പ്രസിദ്ധീകരിക്കുകയും മറ്റുള്ളവരെ സംഘടനയിലേക്ക് ആകര്‍ഷിക്കുകയും ചെയ്തുവെന്നതാണ് വിദ്യാര്‍ഥിക്കെതിരായ മറ്റൊരു കുറ്റം. സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഐഎസ്സിന്റെ ആശയങ്ങള്‍ പ്രോത്സാഹിപ്പിക്കുകയും തീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഉപയോഗിക്കുന്ന സ്ഫോടകവസ്തുക്കളും മറ്റ് ഉപകരണങ്ങളും എങ്ങനെ നിര്‍മ്മിക്കാമെന്ന് അതുവഴി കാണിച്ചുകൊടുക്കുകയും ചെയ്തതായും പബ്ലിക് പ്രൊസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ പരിശീലനം

മുബാറക് അല്‍ കബീറിലെ ഖുദ്‌സ് മസ്ജിദ് സ്‌ഫോടനം നടത്താന്‍ സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാനുള്ള പരിശീലനവും ഇയാള്‍ക്ക് ലഭിച്ചിരുന്നു. ശിയാക്കള്‍ക്കെതിരായ ചിന്തയും വെറുപ്പും അവഹേളനവും പ്രകടിപ്പിക്കാന്‍ ടെലഗ്രാം ഉള്‍പ്പെടെയുള്ള സാമൂഹിക മാധ്യമങ്ങള്‍ വിദ്യാര്‍ഥി ഉപയോഗിച്ചു. പള്ളിയില്‍ സ്ഫോടനം നടത്തുന്നതോടെ ജനങ്ങള്‍ക്കിടയില്‍ വിഭാഗീയ കലാപം സൃഷ്ടിക്കുകയായിരുന്നു വിദ്യാര്‍ഥിയുടെ ലക്ഷ്യം. അതോടൊപ്പം കുവൈറ്റ് അമീറിന്റെ അവകാശങ്ങളെയും അധികാരത്തെയും പരസ്യമായി ചോദ്യം ചെയ്യുകയും വിമര്‍ശിക്കുകയും ചെയ്തതായും കോടതി കണ്ടെത്തി.

Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

Leave a comment

Your email address will not be published. Required fields are marked *