കാസര്‍കോട് നഗരത്തിലെ ദേശീയപാത തിങ്കളാഴ്ച രാത്രി 9 മുതല്‍ 12 മണിക്കൂര്‍ അടയ്ക്കും; വാഹനങ്ങള്‍ ഇതുവഴി പോകണം

കാസര്‍കോട്: മേല്‍പ്പാല നിര്‍മ്മാണം നടക്കുന്നതിനാല്‍ തിങ്കളാഴ്ച രാത്രി (13 മെയ്) രാത്രി ഒമ്പത് മുതല്‍ കാസര്‍കോട് നഗരത്തിലെ ദേശീയപാത അടയ്ക്കും. 12 മണിക്കൂര്‍ നേരമാണ് ഈ പാത അടയ്ക്കുക. ദേശീയപാത 66ന്റെ മേല്‍പ്പാലത്തിന്റെ പണിയാണ് നടക്കുന്നത്. മേല്‍പ്പാലത്തിന്റെ സ്പാന്‍ കോണ്‍ക്രീറ്റ് ചെയ്യാനാണ് നുള്ളിപ്പാടി അയ്യപ്പഭജനമന്ദിരത്തിനും കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനും ഇടയില്‍ 150 മീറ്റര്‍ ഭാഗം അടയ്ക്കുക.
കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയിലേക്കാണ് മംഗളൂരു ഭാഗത്തുനിന്ന് വരുന്ന വണ്ടികളെ വഴിതിരിച്ചുവിടുക. പുതിയ ബസ്സ്റ്റാന്‍ഡ് കവലയില്‍നിന്ന് തിരിഞ്ഞ് എംജി റോഡ് വഴി കയറണം. ചെര്‍ക്കള ഭാഗത്തുനിന്നുള്ള വാഹനങ്ങള്‍ വിദ്യാനഗര്‍-ചൗക്കി-ഉളിയത്തടുക്ക വഴിയും മധൂര്‍ റോഡ് വഴിയും തിരിച്ചുവിടും.
മഹാരാഷ്ട്ര മുതല്‍ തമിഴ്‌നാട് വരെയുള്ള അഞ്ച് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ആറുവരിപ്പാതയുടെ ജോലികള്‍ കേരളത്തില്‍ തകൃതിയായി നടക്കുകയാണ്. കേരളത്തില്‍ പുതിയ നഗരങ്ങളെ രൂപപ്പെടുത്താന്‍ വരെ സാധ്യതയുള്ള പാത കൂടിയാണിത്. നിലവിലെ നഗരങ്ങളുമായി ബന്ധപ്പെടുത്തി ഈ റോഡിന് പോകാന്‍ സ്ഥലലഭ്യതയുടെ പ്രശ്‌നമുണ്ടായിരുന്നു. ഇക്കാരണത്താല്‍ പലയിടത്തും നഗരങ്ങളില്‍ നിന്ന് വിട്ടുമാറിയാണ് എന്‍എച്ച് 66ന്റെ യാത്ര. ഇത് പലയിടത്തും പുതിയ നഗരങ്ങളെയും പട്ടണങ്ങളെയും രൂപപ്പെടുത്തിയേക്കാം. സര്‍വ്വീസ് റോഡുകളിലേക്ക് കയറുന്ന ഭാഗങ്ങളിലെല്ലാം പുതിയ കവലകളെങ്കിലും രൂപപ്പെടും.
കാസര്‍കോട് നഗരത്തില്‍ വന്‍ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ എന്‍എച്ച് 66ന് സാധിക്കും. കാസര്‍കോട് നഗരത്തിനു മുകളിലൂടെ 27.5 മീറ്റര്‍ വീതിയുള്ള പാലത്തിലാണ് ഈ ആറുവരിപ്പാത പോകുക. 1.12 കിലോമീറ്ററാണ് പാലത്തിന്റെ നീളം. കാസര്‍കോട് നഗരത്തിലെ ഗതാഗതക്കുരുക്ക് ഇതോടെ ഇല്ലാതാകും. പാലത്തിനു മുകളിലൂടെ വാഹനങ്ങളെല്ലാം കടന്നുപോകുമ്പോള്‍ നഗരത്തിന് അത് ഗുണം ചെയ്യുമോയെന്ന് ചിലര്‍ക്കെങ്കിലും സംശയമുണ്ട്. പക്ഷെ കാസര്‍കോട് നഗരത്തിലൂടെ കടന്നുപോകുക മാത്രം വേണ്ട വാഹനങ്ങള്‍ അനാവശ്യമായി ഗതാഗതക്കുരുക്കുണ്ടാക്കുന്നത് മേലിലുണ്ടാകില്ല എന്നത് വലിയ ആശ്വാസമാണ്. ഇതുവഴി നഗരത്തിന്റെ യഥാര്‍ത്ഥ ഉപയോക്താക്കളെ കൂടുതലാകര്‍ഷിക്കാന്‍ കഴിയും.
Join with metro post :വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം