വിവാദ ബി ജെ പി നേതാവ് ബ്രിജ് ഭൂഷണിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ട് മരണം
ലഖ്നൗ: ഗുസ്തി ഫെഡറേഷന്‍ മുന്‍ മേധാവിയും ഉത്തര്‍പ്രദേശിലെ പ്രമുഖ ബി ജെ പി നേതാവുമായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകന്റെ അകമ്പടി വാഹനം ഇടിച്ച് രണ്ടുപേര്‍ മരിച്ചു. അപകടത്തില്‍ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന്റെ മകനും കൈസര്‍ഗഞ്ച് മണ്ഡലത്തിലെ ബി ജെ പി സ്ഥാനാര്‍ത്ഥിയുമായ കരണ്‍ ഭൂഷണ്‍ സിംഗിന്റെ വാഹനവ്യൂഹത്തില്‍ ഉള്‍പ്പെട്ട ടൊയോട്ട ഫോര്‍ച്യൂണര്‍ ബൈക്ക് യാത്രികരെ ഇടിക്കുകയായിരുന്നുവെന്നാണ് വിവരം. മരണപ്പെട്ടവരില്‍ ഒരാള്‍ 17 വയസ്സുകാരനാണ്.
Also Read; പഴകിയ ഭക്ഷണം പിടിച്ചെടുത്തു; തൃശ്ശൂരില്‍ 10 ഹോട്ടലുകള്‍ക്കെതിരെ നടപടി
അപകടസ്ഥലത്ത് നിന്നുള്ള ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. ദൃശ്യങ്ങള്‍ അപകടത്തില്‍പ്പെട്ട കാറിന്റെ പിന്‍വശത്തെ വിന്‍ഡ്സ്‌ക്രീനില്‍ ‘പോലീസ് എസ്‌കോര്‍ട്ട്’ എന്ന് എഴുതിയിരിക്കുന്നത് കാണാം, ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ കുടുംബം നടത്തുന്ന നന്ദിനി നഗര്‍ വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനമാണ് ഇത്.
ലൈംഗിക ആരോപണങ്ങള്‍ അടക്കമുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ആറ് തവണ എംപിയായിരുന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിന് ഇത്തവണ ബി ജെ പി സീറ്റ് നല്‍കിയിരുന്നില്ല. ബ്രിജ് ഭൂഷണെ മാറ്റി നിര്‍ത്തിയെങ്കിലും മകന് സീറ്റ് നല്‍കികൊണ്ട് അദ്ദേഹത്തെ ബി ജെ പി പിണക്കാതെയും നിര്‍ത്തുകയായിരുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വനിതാ ഗുസ്തി താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന ആരോപണം നേരിടേണ്ടി വന്ന ബ്രിജ് ഭൂഷണ്‍ ശരണ്‍ സിംഗിനെതിരെ വലിയ പ്രതിഷേധമായിരുന്നു ഗുസ്തി താരങ്ങളുടെ ഭാഗത്തും നിന്നും ഉയര്‍ന്ന് വന്നത്. ഇതേ തുടര്‍ന്ന് അദ്ദേഹത്തെ ഫെഡറേഷന്റെ തലപ്പത്ത് നിന്ന് നീക്കുകയും ചെയ്തിരുന്നു. രാജ്യത്തെ മുന്‍നിര ഗുസ്തി താരങ്ങള്‍ ഉള്‍പ്പെടേയുള്ളവരായിരുന്നു ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിനെതിരായ പ്രതിഷേധം നയിച്ചത്.





Malayalam 























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































