ബോളിവുഡ് നടി രവീണ ടണ്ഠന്‍ മദ്യപിച്ചിരുന്നില്ല, നടിക്കെതിരായ പരാതി വ്യാജമെന്ന് മുംബൈ പോലീസ്
മുംബൈ: ബോളിവുഡ് നടി രവീണ ടണ്ഠന് എതിരെ ലഭിച്ച പരാതി വ്യാജമെന്ന് മുംബൈ പോലീസ്. അമിതവേഗതയില്‍ മദ്യപിച്ച് വാഹനമോടിച്ചെന്നും നാട്ടുകാരെ അപമാനിച്ചെന്നുമായിരുന്നു പരാതി. സിസിടിവി ഉള്‍പ്പടെ പരിശോധിച്ചതിന് ശേഷമാണ് പരാതി വ്യാജമാണെന്ന് പോലീസ് വ്യക്തമാക്കിയത്. നേരത്തെ തനിക്കെതിരെയുള്ള പരാതി വ്യാജമാണെന്ന് സോഷ്യല്‍ മീഡിയയിലൂടെ രവീണയും പ്രതികരിച്ചിരുന്നു.
Also Read ; നടി രവീണ ടണ്ഠന്റെ കാര്‍ മൂന്നുപേരെ ഇടിച്ചിട്ടു, നടിയെ നാട്ടുകാര്‍ കൈയേറ്റം ചെയ്‌തെന്ന് റിപ്പോര്‍ട്ട്
പരാതിക്കാരന്‍ വ്യാജ പരാതിയാണ് നല്‍കിയതെന്നും പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചുവെന്നും പോലീസ് അറിയിച്ചു. നടിയുടെ വാഹനം ആരെയും ഇടിച്ചിട്ടില്ല. നടിയുടെ ഡ്രൈവര്‍ വാഹനം റിവേര്‍സ് എടുമ്പോള്‍ പരാതിക്കാരുടെ കുടുംബം അത് വഴി പോകുകയായിരുന്നു. ഇവര്‍ കാര്‍ നിര്‍ത്തിച്ചു ആളുവരുന്നുണ്ടോയെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്ന് സ്ഥലത്ത് തര്‍ക്കം ഉടലെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. മുംബൈ ബാന്ദ്രയിലായിരുന്നു സംഭവം.
തര്‍ക്കം രൂക്ഷമായതോടയാണ് ഡ്രൈവറെ സംരക്ഷിക്കാനായാണ് രവീണ ടണ്ഠന്‍ ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഇറങ്ങിയത്. കൂടിനിന്ന ആളുകള്‍ നടിയെ അധിക്ഷേപിച്ചുവെന്നും വിവരങ്ങളുണ്ട്. ഇരുകൂട്ടരും പോലീസില്‍ പരാതിയും നല്‍കിയിരുന്നു. പിന്നാലെ ഇരുകൂട്ടരും പരാതി പിന്‍വലിക്കുകയും ചെയ്തിരുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം