‘അന്നും ഇന്നും വ്യക്തിപരമായി എനിക്ക് വിഷമമേയുള്ളു’; നടി നിമിഷ സജയനെതിരായ സൈബര്‍ ആക്രമണത്തില്‍ ഗോകുല്‍ സുരേഷ്
സുരേഷ് ഗോപിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സമൂഹ മാധ്യമങ്ങളില്‍ സൈബര്‍ ആക്രമണം നേരിടുകയാണ് നടി നിമിഷ സജയന്‍. നാല് വര്‍ഷം മുന്‍പ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടെ നടി പറഞ്ഞ കാര്യങ്ങളാണ് ഇന്ന് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നതും നിമിഷയ്‌ക്കെതിരെ മോശം പരാമര്‍ശങ്ങളെത്തുന്നതും. സംഭവത്തില്‍ പ്രതികരിച്ചെത്തിയിരിക്കുകയാണ് നടനും സുരേഷ് ഗോപിയുടെ മകനുമായ ഗോകുല്‍ സുരേഷ്.
Also Read ; കൊല്ലത്ത് വനിതാ നേതാക്കളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്
നടി അന്ന് അങ്ങനെ പറഞ്ഞതിലും ഇന്ന് അവര്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകുന്ന സൈബര്‍ ആക്രമണത്തിലും വ്യക്തിപരമായ വിഷമം മാത്രമേയുള്ളൂ. അന്ന് അത് പറയുമ്പോള്‍ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് പറയുന്നതെന്നുള്ള ഒരു ചിന്ത നടിക്ക് അപ്പോള്‍ ഉണ്ടായിരുന്നിരിക്കില്ല എന്നും ഗോകുല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നിമിഷയുടെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഗോകുല്‍ സംസാരിച്ചത്.
‘ആ നടി അത് പറഞ്ഞിട്ട് ഇത്രയും വര്‍ഷമായില്ലേ. അന്നത് പറയുമ്പോള്‍ ഒരു സഹപ്രവര്‍ത്തകനെക്കുറിച്ചാണ് പറയുന്നതെന്നോ താന്‍ ജോലി ചെയ്യുന്ന അതേ മേഖലയിലെ ഒരു സീനിയര്‍ കലാകാരനെക്കുറിച്ചാണ് സംസാരിക്കുന്നത് എന്നോ ഉള്ള ഒരു ചിന്ത അപ്പോള്‍ ഉണ്ടായിരിക്കില്ല. ഇന്ന് അവര്‍ക്ക് അതൊരു തിരിച്ചടിയായി മാറിക്കാണാം. അവരെ ഇപ്പോള്‍ അങ്ങനെ വിഷമിപ്പിക്കുന്നതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ. അന്ന് അവര്‍ അത് പറഞ്ഞതിലും എനിക്ക് വ്യക്തിപരമായി വിഷമമേ ഉള്ളൂ’- ഗോകുല്‍ പറഞ്ഞു.
സുരേഷ് ഗോപിക്കെതിരായി വരുന്ന ട്രോളുകളെ കുറിച്ചും താരം സംസാരിച്ചു. സമൂഹ മാധ്യമങ്ങള്‍ തന്നെയാണ് അച്ഛനെ ഏറ്റവും കൂടുതല്‍ ട്രോളുകള്‍ക്ക് വിധേയനാക്കിയിട്ടുള്ളത്. അതിനെയൊക്കെ മറികടന്ന് അച്ഛന്‍ ഇവിടെ വരെ എത്തി. ജനങ്ങളെ സേവിക്കുക എന്നത് അച്ഛന്റെ കാഴ്ച്ചപ്പാടാണ്. ആ നിലയ്ക്ക് കേന്ദ്രമന്ത്രിയായാലും നല്ലത്. ആയില്ലെങ്കിലും അച്ഛനെ കൊണ്ട് എന്തെല്ലാം ചെയ്യാന്‍ സാധിക്കുമോ അത് ചെയ്യും. എന്തായാലും നല്ലത് ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് തന്നെ അത് കാണാന്‍ പറ്റും. അച്ഛനില്‍ നിന്ന് ഒരു അബദ്ധമോ മോശമോ നടക്കുമ്പോള്‍ അത് പ്രദര്‍ശിപ്പിക്കാന്‍ കാണിക്കുന്ന അതേ വ്യഗ്രത നല്ലത് ചെയ്യുമ്പോഴും ഉണ്ടാകണം’-ഗോകുല്‍ പറഞ്ഞു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































