തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പ്രതിഫലം ലഭിച്ചില്ല; കാരണം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ച
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്ത സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാര്‍ക്ക് പണം കിട്ടാതിരിക്കാന്‍ കാരണം പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഗുരുതര വീഴ്ച. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതിയില്ലാതെ പൊലീസ് എസ്പിഒമാരെ നിയമിച്ചതാണ് പണം കിട്ടാന്‍ തടസ്സമാകുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ്് ഓഫീസറുടെ ഓഫീസ് അറയിച്ചു. ആകെ ആറരക്കോടി കിട്ടേണ്ടതില്‍ വെറും 36 ലക്ഷം രൂപമാത്രമാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ അനുവദിച്ചത്.
Also Read ;കാറില്‍ സ്വിമ്മിംഗ് പൂള്‍ സജ്ജീകരിച്ച കേസ് ; സഞ്ജു ടെക്കിയുടെ ലൈസന്‍സ് ആജീവനാന്തം റദ്ദാക്കി
മുന്‍ വര്‍ഷങ്ങളില്‍ തെരഞ്ഞെടുപ്പ് കഴിഞ്ഞ ഉടന്‍ ബൂത്തില്‍ വിതരണം ചെയ്തിരുന്ന പണമാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഒന്നരമാസമായിട്ടും കിട്ടാത്തത്. സ്റ്റുഡന്റ് പൊലീസ് കേഡറ്റ്, എന്‍സിസി, എന്‍എസ്എസ് എന്നിവയില്‍പ്പെട്ട വിദ്യാര്‍ത്ഥികളും സര്‍വീസില്‍ നിന്ന് വിരമിച്ച ഭടന്മാരുമെല്ലാം ഇത്തവണ തെരഞ്ഞെടുപ്പ്് സ്പെഷ്യല്‍ പൊലീസ് ഓഫീസര്‍മാരായി. ദിവസം 1300 രൂപ വെച്ച് രണ്ട് ദിവസത്തേക്ക് 2600 രൂപയാണ് കിട്ടേണ്ട്. ഒന്നും കിട്ടിയില്ല. സംസ്ഥാനത്ത് ആകെ 25,000 ലേറെ പേരെ വിവിധയിടങ്ങളില്‍ നിയമിച്ചു. ആകെ കൊടുക്കേണ്ടത് ആറരക്കോടി രൂപ. കിട്ടിയതാകട്ടെ വെറും 36 ലക്ഷവും. ഈ പണം വിമുക്തഭടന്‍മാര്‍ക്ക് കൊടുക്കണമെന്നും ബാക്കി പണം ഉടന്‍ കിട്ടുമെന്നും പൊലീസ് ഹെഡ് ക്വാട്ടേഴ്സില്‍ നിന്ന് ജില്ലാ പൊലീസ് മേധാവികള്‍ക്ക് അറിയിപ്പും വന്നു. പിന്നെയും ദിവസങ്ങള്‍ കഴിഞ്ഞിട്ടും പണം കിട്ടാതായതോടെയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ ഓഫീസില്‍ റിപ്പോര്‍ട്ടര്‍ സംഘം നേരിട്ടെത്തി കാര്യങ്ങള്‍ തിരക്കിയത്.
പൊലീസിന്റെ ഭാഗത്ത് നിന്നുണ്ടായ ഗുരുതര വീഴ്ചയാണ് പണം കൊടുക്കാതിരിക്കാന്‍ കാരണമെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. എസ്പിഒമാരുടെ നിയമനം തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചില്ല. മൂന്ന് വിഭാഗങ്ങളെ മാത്രമേ എസ്പിഒമാര്‍ ആക്കാവൂ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശവും കേരളാ പൊലീസ് കാറ്റില്‍പ്പറത്തി. ഇതോടെ വിദ്യാര്‍ത്ഥികള്‍ പണം കിട്ടാതെ പൊലീസ് സ്റ്റേഷനുകള്‍ കയറിയിറങ്ങിത്തുടങ്ങി. ദിവസങ്ങളോളം പണിയെടുത്ത് വിദ്യാര്‍ത്ഥികളെ എസ്പിഒമാരാക്കിയ സ്റ്റേഷനിലെ എസ്ഐമാരും സിഐമാരും ആണ് ശരിക്കും വെട്ടിലായത്. പണം ചോദിച്ച് എത്തുന്നവരോട് മറുപടി പറയാന്‍ ആകുന്നില്ല. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ഇക്കാര്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചിട്ടുണ്ടെങ്കിലും എന്ന് പണം കിട്ടുമെന്ന് ഒരു പിടിയുമില്ല.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം