പ്ലസ് വണ്‍ പ്രവേശനം; മൂന്നാംഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ മുക്കാല്‍ ലക്ഷം പേര്‍ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വണ്‍ പ്രവേശനത്തിന്റെ മൂന്നാം ഘട്ട അലോട്ട്‌മെന്റ് കഴിഞ്ഞിട്ടും മലബാറില്‍ മുക്കാല്‍ ലക്ഷം പേര്‍ പുറത്ത്. ബാക്കിയുള്ള മെറിറ്റ്, കമ്യൂണിറ്റി, മാനേജ്‌മെന്റ് ക്വാട്ട സീറ്റുകള്‍ പരിഗണിച്ചാലും 54000 സീറ്റിന്റെ കുറവാണ് മലബാര്‍ ജില്ലകളിലുള്ളത്. ഈ കണക്കുകള്‍ വ്യക്തമാക്കുന്നത് മൂന്നാം അലോട്ട്‌മെന്റ തീരുമ്പോഴും മലബാറില്‍ സീറ്റ് പ്രതിസന്ധി അതിരൂക്ഷമായി തുടരുകയാണ് എന്നതാണ്.
പാലക്കാട് മുതല്‍ കാസര്‍കോട് വരെയുള്ള ജില്ലകളിലെ മുക്കാല്‍ ലക്ഷം പേര്‍ക്ക് ഇപ്പോഴും സീറ്റില്ല. ഏകജാലക പ്രവേശനത്തിലുള്ള മെറിറ്റ് സീറ്റുകള്‍ക്ക് പുറമെ സ്‌പോര്‍ട്‌സ്, കമ്യൂണിറ്റി, മാനേജ്‌മെന്റ്, അണ്‍എയ്ഡഡ് ക്വോട്ട സീറ്റുകളിലെ പ്രവേശനം കൂടി ചേര്‍ക്കുമ്പോഴാണ് 75,027 അപേക്ഷകര്‍ പുറത്തുനില്‍ക്കുന്നത്. സംസ്ഥാനത്താകെ ഇനി അവശേഷിക്കുന്നത് 3588 മെറിറ്റ് സീറ്റുകള്‍ മാത്രമാണ്. ഇതില്‍ മലബാറില്‍ ബാക്കിയുള്ളത് 1332 സീറ്റുകളാണ്. മെറിറ്റടിസ്ഥാനത്തില്‍ സ്‌കൂള്‍തലത്തില്‍ പ്രവേശനം നടത്തുന്ന കമ്യൂണിറ്റി ക്വാട്ടയില്‍ സംസ്ഥാനത്ത് ആകെയുള്ള 24,253 സീറ്റുകളില്‍ 14,706 സീറ്റുകളിലും പ്രവേശനം പൂര്‍ത്തിയായി. ഇനി അവശേഷിക്കുന്നത് 9547 സീറ്റുകളാണ്. ഇതില്‍ മലബാര്‍ ജില്ലകളില്‍ ബാക്കിയുള്ളത് 3391 സീറ്റുകളാണ്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
എയ്ഡഡ് മാനേജ്‌മെന്റുകള്‍ക്ക് ഇഷ്ട പ്രകാരം പ്രവേശനം നടത്താവുന്ന മാനേജ്‌മെന്റ് ക്വാട്ടയില്‍ 36,187 സീറ്റുകളാണ് അവശേഷിക്കുന്നത്. ഇതില്‍ മലബാര്‍ മേഖലയിലുള്ളത് 15,268 സീറ്റുകളാണ്. ഈ സീറ്റുകള്‍ കൂടി പരിഗണിച്ചാലും മലബാറിലെ സീറ്റുകളുടെ കുറവ് 54000ന് മുകളിലായിരിക്കും. സീറ്റ് ക്ഷാമം രൂക്ഷമായ മലപ്പുറത്ത് 82,446 അപേക്ഷകരില്‍ 50,036 പേര്‍ മെറിറ്റിലും മറ്റ് വിവിധ ക്വാട്ട സീറ്റുകളിലായി 4196 പേരും അലോട്ട്‌മെന്റ് നേടി. ജില്ലയില്‍ ഇനിയും 28,214 പേര്‍ പ്രവേശനം ലഭിക്കാത്തവരായുണ്ട്. ഇതില്‍ കോഴിക്കോട് ജില്ലയില്‍ 13,941 ഉം പാലക്കാട് 16,528 ഉം കാസര്‍കോട് 5326 ഉം വയനാട്ടില്‍ 2411 ഉം അപേക്ഷകര്‍ അലോട്ട്‌മെന്റ് ലഭിക്കാത്തവരായുണ്ട്.
Also Read; മുതലപ്പൊഴിയില്‍ വീണ്ടും അപകടം; മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
മൂന്നാം അലോട്ട്‌മെന്റിന് ശേഷം മലബാറിലെ സീറ്റ് ക്ഷാമത്തില്‍ സ്ഥിതി വിലയിരുത്തി തുടര്‍നടപടി സ്വീകരിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി നിയമസഭയില്‍ പറഞ്ഞത്. സര്‍ക്കാറിന് നിയന്ത്രണമുള്ള ഏകജാലക പ്രവേശനത്തിന്റെ പരിധിയില്‍ വരാത്തതും ഉയര്‍ന്ന ഫീസ് നല്‍കി പഠിക്കേണ്ടതുമായ അണ്‍എയ്ഡഡ് സീറ്റുകള്‍ കൂടി ചേര്‍ത്തുള്ള കണക്കാണ് വിദ്യാഭ്യാസ മന്ത്രി സഭയില്‍ അവതരിപ്പിച്ചിരുന്നത്. മന്ത്രിയുടെ വാദങ്ങളെല്ലാം പൊളിക്കുന്നതാണ് മൂന്നാം അലോട്ട്‌മെന്റ് പുറത്തുവന്നപ്പോഴുള്ള കണക്കുകള്‍.