‘കീര്‍ത്തി ചക്ര തൊടാന്‍ പോലും കഴിഞ്ഞില്ല, മരുമകള്‍ കൊണ്ടുപോയി ‘; ക്യാപ്റ്റന്‍ അന്‍ഷുമാന്റെ ഭാര്യക്കെതിരെ ആരോപണവുമായി പിതാവ്
ന്യൂഡല്‍ഹി: സിയാച്ചിനിലുണ്ടായ അപകടത്തില്‍ വീരമൃത്യു വരിച്ച ക്യാപ്റ്റന്‍ അന്‍ഷുമാന്‍ സിങ്ങിന്റെ ഭാര്യയ്‌ക്കെതിരെ ആരോപണവുമായി അന്‍ഷുമാന്റെ മാതാപിതാക്കള്‍. മകന്റെ കീര്‍ത്തി ചക്ര മരുമകള്‍ സ്മൃതി സിങ് കൊണ്ടുപോയെന്നും അത് ഒന്ന് തൊടാന്‍ പോലും കഴിഞ്ഞില്ല എന്നുമായിരുന്നു അന്‍ഷുമാന്റെ പിതാവ് രവി പ്രതാപ് സിങ്ങിന്റെ ആരോപണം. ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് പിതാവ് ഇക്കാര്യം തുറന്ന് പറഞ്ഞത്.
”അന്‍ഷുമാന്റെ സമ്മതത്തോടെയാണ് ഞങ്ങള്‍ അവരുടെ വിവാഹം നടത്തിയത്. വിവാഹത്തിന് ശേഷം അവര്‍ എന്റെ മകളോടൊപ്പം നോയിഡയില്‍ താമസം തുടങ്ങി. 2023 ജൂലൈ 19-ന്, അന്‍ഷുമാന്റെ മരണ വിവരം ലഭിച്ചപ്പോള്‍, ഞാന്‍ അവരെ ലഖ്നൗവിലേക്ക് വിളിച്ചു. ഞങ്ങള്‍ ഗോരഖ്പൂരിലേക്ക് പോയി. എന്നാല്‍ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം സ്മൃതി ഗുരുദാസ്പൂരിലേക്ക് മടങ്ങി. അടുത്ത ദിവസം അമ്മയോടൊപ്പം സ്മൃതി നോയിഡയിലേക്ക് പോയി. അന്‍ഷുമാന്റെ ഫോട്ടോ ആല്‍ബവും വസ്ത്രങ്ങളും മറ്റും അവര്‍ കൊണ്ടുപോയി,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2023 ജൂലൈ 19 നാണ് അന്‍ഷുമാന്‍ വീരമൃത്യു വരിക്കുന്നത്.സിയാച്ചിന്‍ ഹിമാനിയിലെ ബങ്കറിലുണ്ടായ തീപിടുത്തത്തില്‍ ബങ്കറിനുള്ളില്‍ പെട്ടുപോയ സൈനികരെ രക്ഷിക്കാന്‍ നടത്തിയ പ്രവര്‍ത്തനത്തില്‍ പൊള്ളലേല്‍ക്കുകയായിരുന്നു. നാല് സൈനികരെ അദ്ദേഹം സുരക്ഷിതമായി പുറത്തെത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ അന്‍ഷുമാന്‍ സിങ്ങിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി.
നേരത്തെ കീര്‍ത്തിചക്ര ഏറ്റുവാങ്ങിയതിന് ശേഷം സ്മൃതി സിങ്ങ് പങ്കുവെച്ച ഓര്‍മ്മകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ജൂലൈ 18ന് ഞങ്ങള്‍ ദീര്‍ഘനേരം ഫോണില്‍ സംസാരിച്ചിരുന്നു. അടുത്ത 50 കൊല്ലത്തെ ഞങ്ങളുടെ ജീവിതം എങ്ങനെയാണെന്ന് സംസാരിച്ചു. വീടുവയ്ക്കുന്നതിനെക്കുറിച്ചും പിറക്കാനിരിക്കുന്ന കുട്ടികളെക്കുറിച്ചും സംസാരിച്ചു. പിറ്റേന്ന് ഉറങ്ങിയെഴുന്നേല്‍ക്കുമ്പോള്‍ അദ്ദേഹം തങ്ങളെ വിട്ടു പോയെന്ന് ഫോണ്‍ വരുന്നു. അത് ഉള്‍കൊള്ളാന്‍ മണിക്കൂറുകള്‍ വേണ്ടി വന്നു’, ഭാര്യ സ്മൃതി സിങ്ങ് നിറകണ്ണുകളോടെയായിരുന്നു ഓര്‍മ്മ പങ്കുവെച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അന്‍ഷുമാനുമായുള്ള പ്രണയത്തെക്കുറിച്ചും സ്മൃതി വ്യക്തമാക്കിയിരുന്നു. ‘എഞ്ചിനീയറിംഗ് കോളേജിലെ ആദ്യ ദിനത്തിലാണ് ഞങ്ങള്‍ കണ്ടു മുട്ടുന്നത്, ആദ്യ കാഴ്ചയില്‍ തന്നെ പ്രണയത്തിലായി. ഒരു മാസത്തിന് ശേഷം അദ്ദേഹത്തെ ആംഡ് ഫോഴ്സ് മെഡിക്കല്‍ കോളേജിലേക്ക് (അഎങഇ) തിരഞ്ഞെടുത്തു. പിന്നീട് എട്ടു വര്‍ഷം നീണ്ട പ്രണയം. ഒടുവില്‍ ഞങ്ങള്‍ വിവാഹിതരായി. ഇപ്പോള്‍ കീര്‍ത്തി ചക്രം എന്റെ കൈയില്‍ ഉണ്ട്. അവന്‍ ഹീറോ ആണ്. മരണത്തിനു മുമ്പ് നാല് കുടുംബത്തെ രക്ഷിച്ചാണ് മടങ്ങിയത്’ സ്മൃതി അനുസ്മരിച്ചിരുന്നു.