October 16, 2025
#Premium

മുഖ്യമന്ത്രി പിണങ്ങി, വിഴിഞ്ഞത്ത് മുന്‍ മന്ത്രി ദേവര്‍കോവില്‍ ഔട്ട്

വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്ണില്‍ നിന്നും മുന്‍ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ വിട്ടുനിന്നത് വിവാദമാകുന്നു. പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരിക്കെ വിഴിഞ്ഞവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മന്ത്രിയെന്ന നിലയില്‍ അഹമ്മദ് ദേവര്‍കോവില്‍ സജീവമായി ഇടപെട്ടിരുന്നു. എന്നിട്ടും കേരളത്തിന്റെ സ്വപ്നപദ്ധതി യാഥാര്‍ത്ഥ്യമാകുന്ന അതിപ്രധാന നിമിഷത്തില്‍ നിന്നും മുന്‍മന്ത്രിക്ക് മാറി നില്‍ക്കേണ്ടി വന്നു.

ഔദ്യോഗിക ചടങ്ങുകള്‍ നടക്കുമ്പോള്‍ നിയമസഭാ സാമാജികര്‍ക്ക് ഔദ്യോഗികമായി ലഭിക്കുന്ന ക്ഷണക്കത്തല്ലാതെ മറ്റൊരു അറിയിപ്പും അഹമ്മദ് ദേവര്‍ കോവിലിന് ലഭിച്ചിരുന്നില്ല. ട്രയല്‍ റണ്‍ വേളയില്‍ മുന്‍മന്ത്രി എന്ന നിലയിലുള്ള പരിഗണനയും ഉത്തരവാദിത്തവും ലഭിക്കുമെന്നും അദ്ദേഹവും ഒപ്പുള്ളവരും കണക്കുകൂട്ടിയിരുന്നു. എന്നാല്‍ പ്രത്യേക പരിഗണനകള്‍ ഒന്നും അദ്ദേഹത്തിനോ ഐ.എന്‍.എല്‍ നേതാക്കള്‍ക്കോ ലഭിച്ചതുമില്ല.

ട്രയല്‍റണ്‍ വേളയില്‍ ബോധപൂര്‍വ്വം പ്രതിപക്ഷത്തെമാറ്റി നിര്‍ത്തി എന്ന പരാതി ശക്തമായി ഉയര്‍ന്നിരുന്നു. വിഴിഞ്ഞം പദ്ധതിക്ക് തുടക്കമിട്ട ഉമ്മന്‍ചാണ്ടിയെ സര്‍ക്കാര്‍ അനുസ്മരിക്കാതിരുന്നതും വലിയ വീഴ്ചകളായി ചൂണ്ടിക്കാണിക്കുന്നുമുണ്ട്. തങ്ങളുടെ അസംതൃപ്തി തുറന്നടിക്കാന്‍ ഈ വിധത്തില്‍ പ്രതിപക്ഷത്തിന് കഴിഞ്ഞു. അതേസമയം, ഘടകകക്ഷിയായതിനാല്‍ ഈ വിധം അവഗണനകള്‍ക്കെതിരെ ഒന്ന് പ്രതികരിക്കാന്‍ പോലുമാകാത്ത ഗതികേടിലാണ് മുന്‍ മന്ത്രിയും പാര്‍ട്ടിയും ഇപ്പോള്‍ എത്തിനില്‍ക്കുന്നത്.

സര്‍ക്കാര്‍ തങ്ങളെ അവഗണിച്ചതല്ലെന്നും, പാര്‍ട്ടിയുടെ മീറ്റിംഗ് ഉള്ളത് കൊണ്ടാണ് ചടങ്ങില്‍ പങ്കെടുക്കാതിരുന്നതെന്നുമാണ് അഹമ്മദ് ദേവര്‍കോവിലിന്റെ വിശദീകരണം. മുന്‍മന്ത്രി ഈ വിധത്തിലാണ് പ്രതികരിക്കുന്നതെങ്കിലും സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകര്‍ പോലുമത് വിശ്വസിക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. വിഴിഞ്ഞം പോലെ ഒരു അഭിമാന പദ്ധതിയുടെ ട്രയല്‍റണ്‍ വേളയായതിനാല്‍ പാര്‍ട്ടിയുടെ പരിപാടികള്‍ മാറ്റിവെക്കാവുന്നതേ ഉള്ളൂ. എന്നിട്ടും അതിന് ഐ.എന്‍.എല്‍ നേതൃത്വം തയ്യാറായില്ല. സര്‍ക്കാരിനോടുള്ള പ്രതിഷേധമല്ലാതെ മറ്റെന്താണിത്? ഉയരുന്ന ആരോപണങ്ങള്‍ ഈ വിധത്തിലാണ്.

Also Read; PSC കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിയെ പുറത്താക്കി CPIM

യു.ഡി.എഫിനോടും, ഉമ്മന്‍ചാണ്ടിയോടുമൊന്നും ഈ സര്‍ക്കാര്‍ നീതി കാണിച്ചില്ല എന്ന് പ്രതിപക്ഷത്തിന് വേണ്ടി എം.വിന്‍സെന്റ് എം.എല്‍.എ വേദിയില്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ വിഴിഞ്ഞം തുറമുഖമടക്കമുള്ളവയുടെ ചുമതലയുണ്ടായിരുന്ന മുന്‍മന്ത്രിയെ ഈ വിധത്തില്‍ അവഗണിച്ചതിനെതിരെ ചെറുതായി ഒന്നു പ്രതികരിക്കാന്‍ പോലും ആരുമുണ്ടായില്ല എന്നതാണ് കൗതുകം.

ഈ വിധം ഒരു അവഗണന ഐ.എന്‍.എല്‍ ചോദിച്ച് വാങ്ങിയതാണെന്ന വിലയിരുത്തലാണ് രാഷ്ടീയ കേന്ദ്രങ്ങള്‍ക്ക് ഉള്ളത്. ഐ.എന്‍.എല്ലിലെ പിളര്‍പ്പിന് ശേഷം ദേശീയ നേതൃത്വത്തിന്റെ പിന്‍ബലമുറപ്പിച്ചാണ് ഔദ്യോഗിക പാര്‍ട്ടിയെന്ന നിലയില്‍ ഐ.എന്‍.എല്‍ ഇടതു മുന്നണിയുടെ ഭാഗമായി നിലനിന്നതും ദേവര്‍കോവില്‍ മന്ത്രിയായി തുടര്‍ന്നതും. സംഘടനാപരമായി ദേവര്‍കോവില്‍ വിഭാഗം ദുര്‍ബലമാണെന്ന് അധികം വൈകും മുമ്പെ ഇടതു നേതൃത്വത്തിന് ബോധ്യമായി. അവകാശവാദങ്ങള്‍ക്കപ്പുറം മുന്നണി പ്രവര്‍ത്തനങ്ങള്‍ ക്രിയാത്മകമായി നടപ്പാക്കാന്‍ ഐ.എന്‍.എല്ലിന് കഴിയുന്നില്ലെന്ന പൊതുവിലയിരുത്തലാണ് മറ്റ് ഇടതു ഘടകകക്ഷികള്‍ക്കുമുണ്ടായത്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കൂടാതെ ലോക്‌സഭാ തെരഞ്ഞെടുപ്പിലേറ്റ കനത്ത ആഘാതത്തിന് ശേഷം ഐ.എന്‍.എല്ലിന്റെ നിലപാടുകളിലും വലിയ മാറ്റങ്ങള്‍ ഉണ്ടായി. അടുത്ത തവണ തുടര്‍ഭരണം ഉണ്ടാകില്ലെന്നും, മുസ്ലിം ലീഗുവഴി യു.ഡി.എഫില്‍ എത്തുന്നതാണ് സുരക്ഷിതമെന്നുമുള്ള ബോധത്തിലേക്ക് ഐ.എന്‍.എല്‍ മാറുന്നുവെന്ന ആരോപണങ്ങളും ഉയര്‍ന്നു. ഐ.എന്‍.എല്ലിന്റെ പ്രവര്‍ത്തക സമിതി യോഗങ്ങളില്‍ പിണറായി സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയരാന്‍ തുങ്ങിയത് ഈ ഘട്ടത്തിലാണ്. ഐ.എന്‍.എല്ലിന്റെ കാസര്‍കോട്ടെ യോഗത്തില്‍ നേതാക്കള്‍ വരെ ഇടതുസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്ന വിധത്തിലും, മുന്നണിയില്‍ തുടരുന്നതില്‍ കാര്യമില്ലെന്ന തരത്തിലും പ്രതികരിച്ച ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയകള്‍ വഴി പുറത്തെത്തുകയും ചെയ്തു. ഇത് വലിയ ചര്‍ച്ചയായി മാറിയതോടെ ഇടതു മുന്നണിയിലെ ഘടകകക്ഷികള്‍ വരെ ഐ.എന്‍.എല്ലിനെതിരെ തിരിയുന്ന സാഹചര്യമുണ്ടായി. ഐഎന്‍ എല്ലിന്റെ നീക്കങ്ങളില്‍ കടുത്ത അസംതൃപ്തിയാണ് മുഖ്യമന്ത്രിക്കുമുള്ളത്. ഇപ്പോഴത്തെ സംഭവ വികാസങ്ങള്‍ക്ക് വഴിയൊരുക്കിയതും അതുതന്നെയാണെന്നാണ് സൂചന.

പ്രൊഫ. അബ്ദുള്‍ വഹാബിന്റെ നേതൃത്വത്തിലുള്ള വിഭാഗമാണ് ഇടത് നിലപാടുകള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്നതെന്ന വികാരം അവര്‍ക്കിടയില്‍ ശക്തമായതും ഈ സാഹചര്യത്തിലാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പുവേളയില്‍ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് വഹാബ് വിഭാഗം നാഷണല്‍ ലീഗ് എന്ന് പേര് മാറ്റിയതും മുന്നണി പ്രവര്‍ത്തനങ്ങളില്‍ സജീവമായതും. തങ്ങളുടെ പ്രഖ്യാപിത ശത്രുക്കളായ വഹാബ് വിഭാഗത്തിന് ഇടത് മുന്നണിയില്‍ ലഭിക്കുന്ന പരിഗണനയിലും വലിയ അസംതൃപ്തിയാണ് ഐ.എന്‍.എല്ലിനുള്ളത്. ഇതെല്ലാമാണ് ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിധത്തിലുള്ള പ്രതികരണങ്ങളിലേക്ക് ഐ.എന്‍.എല്ലിനെ എത്തിച്ചത്.

ഈ രാഷ്ട്രീയ സാഹചര്യങ്ങളെ സി.പി.എം നേതൃത്വം സസൂഷ്മം നിരീക്ഷിച്ച് വരികയായിരുന്നു. അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴുണ്ടായ സംഭവ വികാസങ്ങള്‍ക്ക് പിറകിലുള്ളത്. എന്തു തന്നെയായാലും, പിണറായി സര്‍ക്കാര്‍ മുന്‍ തുറമുഖ വകുപ്പ് മന്ത്രിക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്നത് വ്യക്തം. അത് രാഷ്ട്രീയമായി ഐ.എന്‍.എല്ലിന് വലിയ തിരിച്ചടിയായി മാറിയെന്നതും പറയാതിരിക്കാനാവില്ല.

Leave a comment

Your email address will not be published. Required fields are marked *