കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തി ; സ്ഥിരീകരിച്ച് റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡ
ബെംഗളൂരു: കര്‍ണാടകയിലെ ഷിരൂരില്‍ കാണാതായ അര്‍ജുന്റെ ട്രക്ക് നദിക്കടിയില്‍ കണ്ടെത്തി. പുഴയോരത്തുനിന്ന് ഇരുപതുമീറ്ററോളം മാറിയാണ് ട്രക്ക് കണ്ടെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണ ബൈര ഗൗഡയും പോലീസും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് ബൂം എസ്‌കവേറ്റര്‍ ഉപയോഗിച്ച് ഉടന്‍ പുറത്തെടുക്കണമെന്നും അതിനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുമെന്നും കാര്‍വാര്‍ എസ്പിയും അറിയിച്ചു.
Also Read ; 123 രൂപയ്ക്ക് അണ്‍ലിമിറ്റഡ് കോള്‍, 28 ദിവസം വാലിഡിറ്റി ; പുതിയ ജിയോ ഭാരത് 4ജി ഫോണുകള്‍ പുറത്തിറക്കി അംബാനി
ഡീപ് സെര്‍ച്ച് ഡിറ്റക്ടറടക്കം അത്യാധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ച തിരച്ചിലിനിടെയാണ് പുഴയുടെ അടിഭാഗത്തുനിന്ന് ലോറി കണ്ടെത്തിയതെന്ന് മന്ത്രി പറഞ്ഞു. കാലാവസ്ഥ അനുകൂലമാണെങ്കില്‍ രാത്രിയും പരിശോധന തുടരുമെന്നും കൂട്ടിച്ചേര്‍ത്തു. പക്ഷെ പ്രദേശത്ത് ഇപ്പോള്‍ ശക്തമായ മഴയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
നേരത്തേ മണ്‍കൂനയില്‍ നിന്ന് അര്‍ജുന്റെ ലോറിയില്‍ തടികള്‍ കെട്ടാന്‍ ഉപയോഗിച്ചിരുന്നു എന്ന് കരുതുന്ന കയറുകളും ഇതിനടുത്ത് ലോഹ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു. 300ഓളം മരക്കഷ്ണങ്ങളാണ് ലോറിയില്‍ ഉണ്ടായിരുന്നതെങ്കിലും ഒന്നും ഇതുവരെ കണ്ടെത്തിയിട്ടില്ല. വളരെ സൂക്ഷിച്ചാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നതെന്നും താഴെ നിന്ന് മണ്ണ് എടുക്കുമ്പോള്‍ മുകളില്‍ നിന്ന് വീണ്ടും ഇടിയാന്‍ സാദ്ധ്യതയുണ്ടെന്നും അധികൃതര്‍ പറയുന്നു.
Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം