2025ല്‍ സമ്പൂര്‍ണ ശുചിത്വ കേരളം: കാമ്പയിനുമായി സര്‍ക്കാര്‍
തിരുവനന്തപുരം: മാലിന്യമുക്ത കേരളത്തിനായി വന്‍ കാമ്പയിനുമായി സര്‍ക്കാര്‍. ഭരണപക്ഷവും പ്രതിപക്ഷവും യോജിച്ച് ഒക്ടോബര്‍ രണ്ടുമുതല്‍ മാര്‍ച്ച് 30 വരെ സംസ്ഥാന വ്യാപക പ്രചാരണം നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ തീരുമാനമായി. തദ്ദേശ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക് നിരോധനം കര്‍ശനമായി നടപ്പാക്കാനും നിരോധിത പ്ലാസ്റ്റിക് വരുന്നത് തടയാന്‍ അതിര്‍ത്തികളില്‍ ഹരിത ചെക് പോസ്റ്റുകള്‍ സ്ഥാപിക്കാനും തീരുമാനിച്ചു. പഞ്ചായത്തുകളില്‍ ശുചിത്വപദയാത്രകള്‍ നടത്തും. 2025 മാര്‍ച്ച് 30ന് സമ്പൂര്‍ണ ശുചിത്വ കേരളം പ്രഖ്യാപിക്കലാണ് ലക്ഷ്യം.
കാമ്പയിന്റെ പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി അധ്യക്ഷനായി ഉന്നതതലസമിതി രൂപവത്കരിച്ചു. പ്രതിപക്ഷ നേതാവ് വി. ഡി. സതീശനും മന്ത്രിമാരുമാണ് അംഗങ്ങള്‍. മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന ജില്ലപ്രാദേശികതലങ്ങളില്‍ സ്ഥാപിക്കുന്ന മാതൃകകള്‍ ഉദ്ഘാടനം ചെയ്താണ് കാമ്പയിന്‍ ആരംഭിക്കുകയെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read ; 40-ാം ജന്മദിനത്തില്‍ പുതിയ തെലുങ്ക് ചിത്രവുമായി ദുല്‍ഖര്‍ സല്‍മാന്‍; തിരിച്ചു വാ കുഞ്ഞിക്കാ എന്ന് ആരാധകര്‍
ഉദ്ഘാടനം ചെയ്യേണ്ട മാതൃകാസ്ഥലങ്ങള്‍ ഏതൊക്കെയെന്ന് സെപ്റ്റംബര്‍ 20നകം പ്രസിദ്ധപ്പെടുത്തും. ഉദ്ഘാടനത്തിന് ആവശ്യമായ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സെപ്റ്റംബര്‍ 30നകം പൂര്‍ത്തിയാക്കും. അയല്‍ക്കൂട്ടങ്ങള്‍, ഗ്രാമങ്ങള്‍, നഗരങ്ങള്‍, സര്‍ക്കാര്‍ ,പൊതുമേഖല ഓഫിസുകള്‍, വിദ്യാലയങ്ങള്‍, കലാലയങ്ങള്‍, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ എന്നിവ ഹരിതമായി മാറണം.

മാലിന്യത്തിന്റെ അളവ് കുറക്കല്‍, കൃത്യമായി തരം തിരിക്കല്‍, ജൈവ മാലിന്യവും ദ്രവമാലിന്യവും ഉറവിടത്തില്‍ സംസ്‌കരിക്കല്‍, അജൈവ പാഴ്വസ്തുക്കള്‍ ഹരിതകര്‍മസേനകള്‍ക്ക് കൈമാറല്‍ മുതലായ പ്രവര്‍ത്തനങ്ങള്‍ ജനപങ്കാളിത്തത്തോടെ നടത്തും. സെപ്റ്റിക് മാലിന്യ സംസ്‌കരണത്തിന് ആവശ്യമായ പ്ലാന്റുകള്‍ സ്ഥാപിക്കണം. ജലസ്രോതസ്സും നീര്‍ച്ചാലുകളും ശുദ്ധീകരിക്കണം. ശാസ്ത്രീയരീതിയില്‍ ലാന്‍ഡ്ഫില്ലുകള്‍ ആരംഭിക്കാനാകണം. കൂട്ടായ ഇടപെടലിലൂടെ പൊതുബോധം ഉണ്ടാക്കാനാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































