വെല്‍ഫെയര്‍ സെസിന് ധനവകുപ്പിന്റെ അംഗീകാരമില്ല

തൃശ്ശൂര്‍: ഭക്ഷ്യമന്ത്രി മുന്‍കൈയെടുത്ത് രൂപം കൊടുത്ത വെല്‍ഫെയര്‍ സെസിന് ധനവകുപ്പ് അംഗീകാരം നല്‍കാത്തതിനെത്തുടര്‍ന്ന് റേഷന്‍ വ്യാപാരികള്‍ കുടിശ്ശികക്കുരുക്കില്‍. റേഷന്‍ വ്യാപാരികളുടെ ക്ഷേമപെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കാനും ക്ഷേമനിധിയിലേക്ക് തുക സമാഹരിക്കാനുമായിരുന്നു സെസ്. മുന്‍ഗണനേതരവിഭാഗം ഗുണഭോക്താക്കളില്‍ നിന്ന് നിശ്ചിത കാലത്തേക്ക് പ്രതിമാസം ഒരു രൂപ വെല്‍ഫയര്‍ ഫണ്ട് സെസ് പിരിക്കാനായിരുന്നു തീരുമാനം. ധനവകുപ്പ് തീരുമാനം എടുക്കാത്തതോടെ അഞ്ച് മാസമായി പെന്‍ഷന്‍ കുടിശ്ശികയാണ്.
51,87,883 ഉപഭോക്താക്കളാണ് സംസ്ഥാനത്ത് നീല, വെള്ള കാര്‍ഡുകളില്‍നിന്ന് റേഷന്‍ വാങ്ങുന്നത്. ഇവരില്‍ നിന്ന് ഒരു രൂപ വീതം ആറുമാസം ഈടാക്കിയാല്‍ 2.12 കോടി രൂപ സമാഹരിക്കാമെന്നായിരുന്നു കണക്കുകൂട്ടല്‍. റേഷന്‍ വ്യാപാരികളുടെ സംഘടനാ പ്രതിനിധികളുമായി മന്ത്രി ജി.ആര്‍. അനില്‍ നടത്തിയ ചര്‍ച്ചയിലാണ് പദ്ധതിക്ക് രൂപം നല്‍കിയത്. പ്രതിമാസം 200 രൂപയാണ് ക്ഷേമ നിധിയിലേക്ക് ഒരു വ്യാപാരി അടയ്‌ക്കേണ്ടത്. 62 വയസ്സ് കഴിയുമ്പോഴാണ് പെന്‍ഷന്‍ ലഭിക്കുന്നത്. ക്ഷേമനിധിരൂപവത്കരിച്ചപ്പോള്‍ വിദ്യാഭ്യാസ വായ്പ, ചികിത്സാ സഹായധനം എന്നിവയൊക്കെ ലഭിക്കുമെന്ന വാഗ്ദാനവും നല്‍കിയിരുന്നു.
ഇതിനിടെ സബ്സിഡി മണ്ണെണ്ണ വിതരണത്തിനുള്ള സര്‍ക്കാരിന്റെ പുതിയ നടപടി സംസ്ഥാനത്തെ ഭൂരിഭാഗം റേഷന്‍ കടകളെയും ബാധിക്കുമെന്നും നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നും റേഷന്‍ വ്യാപാരികള്‍ വ്യക്തമാക്കി. സബ്സിഡി മണ്ണെണ്ണ ഒരു പഞ്ചായത്തിലെ ഒന്നോ രണ്ടോ റേഷന്‍ കടകള്‍ വഴി മാത്രം വിതരണം ചെയ്യാനാണ് ഭക്ഷ്യ സിവില്‍ സപ്ലൈസ് വകുപ്പ് ലക്ഷ്യമിടുന്നത്. ഇതു സംബന്ധിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് താലൂക്ക് സപ്ലൈ ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം. സര്‍ക്കാര്‍ നടപടി റേഷന്‍ വ്യാപാരികള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് വഴിവയ്ക്കുമെന്നാണ് പ്രധാന വിമര്‍ശനം. ഒരു പഞ്ചായത്തിലെ ഒന്നോ രണ്ടോ റേഷന്‍ കടകളില്‍ മാത്രം മണ്ണെണ്ണ എത്തുമ്പോള്‍ ഈ കടകളില്‍ നിന്ന് തന്നെ കാര്‍ഡ് ഉടമകള്‍ അരിയും മറ്റ് സാധനങ്ങളും വാങ്ങുന്ന സാഹചര്യമുണ്ടാകും. ഇത് മറ്റുള്ളവരുടെ കച്ചവടത്തെ ബാധിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.
Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം