October 16, 2025
#Movie #Top Four

ഹേമകമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുതെന്ന സജിമോന്‍ പാറയിലിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കൊച്ചി: മലയാള സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പഠിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടുന്നത് ചോദ്യം ചെയ്ത് നിര്‍മ്മാതാവ് സജിമോന്‍ പാറയില്‍ നല്‍കിയ ഹര്‍ജി തള്ളി ഹൈക്കോടതി. റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് വിജി അരുണിന്റെ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരന്‍ അപ്പീല്‍ ഹര്‍ജിയുമായി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചില്ലെങ്കില്‍ ഹേമകമ്മിറ്റി റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്ക് ശേഷം പുറത്തുവിടും. വിധി പരിശോധിച്ചതിന് ശേഷം മാത്രമാകും റിപ്പോര്‍ട്ട് പുറത്തുവിടുക.

Also Read; കടം വാങ്ങിയ പണം തിരികെ ചോദിക്കുന്നവരുടെ സഹതാപം പിടിച്ചുപറ്റാന്‍ മകളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തി യുവതി

സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് ഹേമകമ്മിറ്റി റിപ്പോര്‍ട്ടെന്നായിരുന്നു ഹര്‍ജിക്കാരന്റെ വാദം. പേര് വെളിപ്പെടുത്തരുത് എന്ന് ആവശ്യപ്പെട്ടും വിവരങ്ങള്‍ വെളിപ്പെടുത്തില്ലെന്ന വിശ്വാസത്തിലുമാണ് പലരും മൊഴി നല്‍കിയത്. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് സ്വകാര്യതയുടെയും മൊഴി രഹസ്യമായി സൂക്ഷിക്കുമെന്ന് കമ്മീഷന്‍ ഉറപ്പ് നല്‍കിയതിന്റെയും ലംഘനമാണെന്നും ഹര്‍ജിക്കാരന്‍ വാദിച്ചു.

എന്നാല്‍ ഹര്‍ജിക്കാരന് ഇക്കാര്യത്തില്‍ ചോദ്യം ചെയ്യാനുള്ള നിയമപരമായ അവകാശമില്ലെന്നാണ് വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ വാദിച്ചത്. പൊതുതാത്പര്യത്തെക്കുറിച്ചാണ് പറയുന്നത്. എന്നാല്‍ എങ്ങനെയാണ് ഇത് ഹര്‍ജിക്കാരനെ ബാധിക്കുന്നത് എന്ന് പറയുന്നുമില്ല. കമ്മീഷനില്‍ ഹര്‍ജിക്കാരന്‍ കക്ഷിയായിരുന്നില്ല. മാത്രമല്ല, തന്റെ താത്പര്യത്തെ എങ്ങനെ അത് ബാധിക്കുമെന്നും തന്നെ കേള്‍ക്കണമെന്നും ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും വിവരാവകാശ കമ്മീഷന്‍ കോടതിയില്‍ പറഞ്ഞിരുന്നു. സുപ്രീംകോടതിയുടെ നിര്‍ദേശം പാലിച്ചാണ് നടപടികള്‍ സ്വീകരിച്ചതെന്നും വിവരാവകാശ കമ്മീഷന്‍ അറിയിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

കേസില്‍ കക്ഷി ചേര്‍ന്ന വിവരാവകാശ കമ്മീഷന്‍, അന്വേഷണത്തിന്റെ അടിസ്ഥാനത്തിലുള്ള കമ്മിറ്റിയുടെ നിര്‍ദേശങ്ങള്‍ പ്രസിദ്ധീകരിക്കണമെന്നാണ് ആവശ്യപ്പെട്ടത്. വ്യക്തിപരമായ സ്വകാര്യതയെ പ്രതികൂലമായി ബാധിക്കുന്ന എന്തെങ്കിലും ഭാഗങ്ങള്‍ ഉണ്ടെങ്കില്‍ അതൊഴിവാക്കി പ്രസിദ്ധീകരിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസില്‍ കക്ഷി ചേര്‍ന്ന ഡബ്ല്യൂസിസിയും റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം അറിയിച്ചിട്ടുണ്ട്. സംസ്ഥാന വനിതാ കമ്മീഷനും ഹര്‍ജിയില്‍ കക്ഷി ചേര്‍ന്നിരുന്നു.

നടി ആക്രമിക്കപ്പെട്ടതിന് പിന്നാലെയാണ് സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ ജസ്റ്റിസ് കെ ഹേമയുടെ അധ്യക്ഷതയില്‍ കമ്മിറ്റിയെ നിയമിച്ചത്. വിമന്‍ ഇന്‍ സിനിമ കളക്ടീവ് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. വിഷയം പഠിച്ച് 2019ലാണ് കമ്മിറ്റി സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

Leave a comment

Your email address will not be published. Required fields are marked *