#Crime #Tech news #Top Four

ഓണ്‍ലൈന്‍ ലോട്ടറി തട്ടിപ്പ്: 60 വ്യാജ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കണമെന്ന് ഗൂഗിളിന് നിര്‍ദേശം നല്‍കി കേരള പോലീസ്

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ പേരില്‍ ഓണ്‍ലൈനില്‍ വ്യാജ ലോട്ടറിവില്പന വ്യാപകമായതിനെ തുടര്‍ന്ന നടന്ന അന്വേഷണത്തില്‍ 60 വ്യാജ ആപ്പുകള്‍ കണ്ടെത്തി. ഈ ആപ്പുകള്‍ പ്ലേസ്റ്റോറില്‍ നിന്ന് നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഗൂഗിളിന് കേരള പോലീസ് നോട്ടീസ് നല്‍കി. ഇത്തരം ഓണ്‍ലൈന്‍ ലോട്ടറികളുടെ പരസ്യങ്ങള്‍ ഫേസ്ബുക്കില്‍ നിന്ന് നീക്കം ചെയ്യാന്‍ മെറ്റയ്ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.

തട്ടിപ്പുമായി ബന്ധപ്പെട്ട് 25 വ്യാജ ഫേസ് ബുക്ക് പ്രൊഫൈലും 20 വെബ് സൈറ്റുകളും കണ്ടെത്തിയിട്ടുണ്ട്. കേരള മെഗാമില്യണ്‍ ലോട്ടറി, കേരള സമ്മര്‍ സീസണ്‍ ധമാക്ക എന്നീ പേരുകളില്‍ സമൂഹമാധ്യമങ്ങള്‍ വഴി കേരള സംസ്ഥാന ലോട്ടറി ഓണ്‍ലൈന്‍ ആയി എടുക്കാം എന്ന വ്യാജപരസ്യം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വാട്‌സ്ആപ്പ്, ടെലഗ്രാം, ഇന്‍സ്റ്റാഗ്രാം മുതലായ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ടായിരുന്നു.

കേരള സര്‍ക്കാര്‍ ഓണ്‍ലൈന്‍ ലോട്ടറി ആരംഭിച്ചെന്നും 40 രൂപ മുടക്കിയാല്‍ 12 കോടി രൂപ വരെ നേടാമെന്നുമുള്ള സന്ദേശമാണ് ആദ്യം ലഭിക്കുക. സന്ദേശത്തില്‍ പറയുന്ന നമ്പറിലേയ്ക്ക് 40 രൂപ അയച്ചാല്‍ വാട്‌സ്ആപ്പിലേയ്ക്ക് വ്യാജ ലോട്ടറി ടിക്കറ്റ് ചിത്രം ലഭിക്കും. നറുക്കെടുപ്പിന്റെ സമയം കഴിയുമ്പോള്‍ കൃത്രിമമായി നിര്‍മ്മിച്ച നറുക്കെടുപ്പ് ഫലം തട്ടിപ്പുകാര്‍ അയച്ചുനല്‍കുന്നതുവഴി കൈവശമുള്ള ടിക്കറ്റിന് അഞ്ചു ലക്ഷം രൂപ സമ്മാനം ലഭിച്ചതായി കാണും.

Also Read; കഴക്കൂട്ടത്തുനിന്ന് കാണാതായ പെണ്‍കുട്ടിയുടെ സിസിടിവി ദൃശ്യം ലഭിച്ചു: നാഗര്‍കോവില്‍ സ്‌റ്റേഷനിലിറങ്ങി വെള്ളം നിറച്ച് തിരികെ ട്രെയിനില്‍ കയറി

ഇതോടെ തട്ടിപ്പിന്റെ അടുത്തഘട്ടം ആരംഭിക്കുന്നു. സര്‍ക്കാര്‍ പ്രതിനിധിയെന്നു പരിചയപ്പെടുത്തിക്കൊണ്ട് ഒരാള്‍ ഫോണില്‍ വിളിക്കുകയും സമ്മാനത്തുക ലഭിക്കാന്‍ ജി എസ് ടി, സ്റ്റാമ്പ് ഡ്യൂട്ടി എന്നീ ആവശ്യത്തിനായി പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു.
ഇങ്ങനെ പണം ട്രാന്‍സ്ഫര്‍ ചെയ്തുകഴിയുമ്പോള്‍ റിസര്‍വ്വ് ബാങ്ക് സമ്മാനത്തുക പിടിച്ചുവച്ചിരിക്കുന്നതായും സമ്മാനം കൈമാറാനായി കൂടുതല്‍ പണം വേണമെന്നും ആവശ്യപ്പെടുന്നു.

ഇത്തരത്തില്‍ വ്യാജരേഖകളോടെ വളരെ വിശ്വസനീയമായി തോന്നിപ്പിക്കുന്ന രീതിയില്‍ നടത്തുന്ന ഓണ്‍ലൈന്‍ ഭാഗ്യക്കുറിയുടെ തട്ടിപ്പിന് ഇരയാകാതിരിക്കാന്‍ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഉടന്‍ തന്നെ 1930 എന്ന നമ്പറില്‍ വിവരം അറിയിക്കണമെന്നും കേരള പൊലീസ് അറിയിച്ചു.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *