സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും ; സമഗ്രമായ സിനിമാനയം രൂപീകരിക്കാന്‍ ലക്ഷ്യം
കൊച്ചി: സിനിമ കോണ്‍ക്ലേവ് നവംബറില്‍ കൊച്ചിയില്‍ നടക്കും. നവംബര്‍ നാലാം വാരമാണ് കോണ്‍ക്ലേവ് നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. മുഖ്യമന്ത്രിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടന ദിവസം തീരുമാനിക്കും.വിവിധ മേഖലകളില്‍ നിന്നുള്ള 350 ക്ഷണിതാക്കള്‍ പങ്കെടുക്കും. സമഗ്രമായ സിനിമാനയം രൂപീകരിക്കുകയാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യം. കെഎസ്എഫ്ഡിസിയ്ക്കാണ് കോണ്‍ക്ലേവിന്റെ ഏകോപന ചുമതല. കോണ്‍ക്ലേവിന് മുന്‍പ് സിനിമ സംഘടനകളുമായി ചര്‍ച്ച നടത്തും.അതേസമയം സമഗ്രമായ സിനിമാ നയം രൂപീകരിക്കുന്നതിന് മുന്നോടിയായാണ് സിനിമാ മേഖലയിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നുമുള്ള പ്രമുഖരെ ഉള്‍പ്പെടുത്തി വിപുലമായ കോണ്‍ക്ലേവ് നടത്തുന്നതെന്നാണ് സര്‍ക്കാര്‍ വിശദീകരണം.
Also Read ; മണിയന്‍ പിള്ളരാജു,മുകേഷ്,ഇടവേള ബാബു,ജയസൂര്യ ; നടന്‍മാര്‍ക്കെതിരെ ഗുരുതര ആരോപണവുമായി നടി
എന്നാല്‍ കോണ്‍ക്ലേവുമായി സഹകരിക്കില്ലെന്നാണ് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുള്ളത്. ഇരകളെയും വേട്ടക്കാരേയും ഒരുമിച്ചിരുത്തിയാണോ കോണ്‍ക്ലേവ് നടത്തുന്നതെന്ന് ഡബ്ല്യുസിസിയും ചോദിച്ചിരുന്നു. അതേസമയം, നടന്‍ സിദ്ദിഖിനും സംവിധായകന്‍ രഞ്ജിത്തിനും എതിരെ ഉയര്‍ന്ന ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന ലൈംഗികാരോപണങ്ങള്‍ സര്‍ക്കാരിനെയും പ്രതിരോധത്തിലാക്കിയ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇടപെട്ട് അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 
























































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































