January 22, 2025
#kerala #Top Four

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെ നയരൂപീകരണ സമിതിയില്‍ നിന്നും മാറ്റണം ; മുഖ്യമന്ത്രിക്ക് കത്തയച്ച് വിനയന്‍

കൊച്ചി: ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനെതിരെ സംവിധായകന്‍ വിനയന്‍. ഉണ്ണികൃഷ്ണനെ സിനിമാ നയരൂപീകരണ സമിതിയില്‍ അംഗമായി നിയമിച്ചതിനെതിരെ വിനയന്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചത്. തൊഴില്‍ നിഷേധം നടത്തി എന്ന കുറ്റത്തിന് കോമ്പറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ ശിക്ഷിക്കുകയും സുപ്രീംകോടതി അതു ശരിവയ്ക്കുകയും ചെയ്ത ഉണ്ണികൃഷ്ണനെ സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് വിനയന്‍ കത്തിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ഇത് സൂചിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം കത്തിലൂടെ പറഞ്ഞു.

Also Read ; ആര് നയിക്കും താരസംഘടനയെ, പൃഥ്വിരാജ്, ടൊവിനോ തുടങ്ങിയവരെ നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്ന് ആവശ്യം

നീതിപരമല്ലാത്ത, നിഷ്പക്ഷത ഇല്ലാത്ത പ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി നയരൂപീകരണത്തിലിരുന്നാല്‍ എന്തായിരിക്കുമുണ്ടാകുകയെന്ന് വിനയന്‍ പ്രതികരിച്ചു. ബി ഉണ്ണികൃഷ്ണനെ പോലെയുള്ളവര്‍ നേതൃത്വത്തില്‍ വരികയാണെങ്കില്‍ തങ്ങളെ പോലെ, ചെറിയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയും കാര്യങ്ങള്‍ തുറന്നു പറയുകയും ചെയ്യുന്ന ആളുകളുടെ അവസ്ഥയെന്താകുമെന്നും വിനയന്‍ ചോദിച്ചു.

‘കോംപറ്റീഷന്‍ കമ്മീഷന്റെ ശിക്ഷ ശരി വെച്ച് കൊണ്ട് സുപ്രീം കോടതി 2020ലിറക്കിയ വിധി ന്യായത്തിന്റെ പകര്‍പ്പ് ഞാന്‍ മുഖ്യമന്ത്രിക്ക് അയച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ 137 മുതല്‍ 141 വരെ പേജുകളില്‍ ഇത് വളരെ കൃത്യമായി പ്രതിപാദിക്കുന്നുണ്ട്. എന്നെ 12 വര്‍ഷത്തോളം സിനിമ ചെയ്യാന്‍ അനുവദിക്കാതെ വിലക്കിയ, എന്റെ ജീവിതത്തില്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കിയ ഫെഫ്കയ്ക്കും ജനറല്‍ സെക്രട്ടറിക്കും ഫൈന്‍ അടക്കേണ്ടി വന്നു. നീതിപരമല്ലാത്ത, നിഷ്പക്ഷത ഇല്ലാത്ത പ്രവര്‍ത്തനം നടത്തിയ ഒരു വ്യക്തി നയരൂപീകരണത്തിലിരുന്നാല്‍ എന്തായിരിക്കുമുണ്ടാകുക. അത് ഞാന്‍ ചൂണ്ടിക്കാട്ടി,’ വിനയന്‍ പറഞ്ഞു.

2020ല്‍ സുപ്രീംകോടതി വിധി വന്നപ്പോള്‍ തന്നെ സര്‍ക്കാര്‍ തൊഴില്‍ നിഷേധനത്തിനെതിരെ നടപടിയെടുക്കേണ്ടതായിരുന്നുവെന്നും അന്ന് സര്‍ക്കാര്‍ വിളിച്ച് ചോദിച്ചില്ലെന്നും വിനയന്‍ പറഞ്ഞു. വലിയ സംഘടനയായ അമ്മയ്ക്കും ഫെഫ്കയ്ക്കും വലിയ തുക ഫൈന്‍ വന്ന കേസാണിത്. ആരും അന്വേഷിച്ചില്ലെന്നും വിനയന്‍ കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പവര്‍ ഗ്രൂപ്പ് ബി ഉണ്ണികൃഷ്ണനെ ഉപയോഗിക്കുകയാണെന്നും പവര്‍ ഗ്രൂപ്പിന്റെ ആഗ്രഹത്തിനൊപ്പം നിന്ന് തന്നെ പോലെയുള്ള ആളുകള്‍ക്കൊക്കെ തൊഴില്‍ നിഷേധിക്കുകയും ചെയ്യുന്നുവെന്നും അദ്ദേഹം ആരോപിച്ചു. ഫെഫ്ക നല്ലൊരു സംഘടനയാണ്, താനുണ്ടാക്കിയ മാക്ട എന്ന യൂണിയനെ ഒന്നര വര്‍ഷം കൊണ്ട് തകര്‍ത്ത് സൂപ്പര്‍ സ്റ്റാറുകള്‍ക്ക് വേണ്ടി യൂണിയനുണ്ടാക്കിയവരല്ലേ, നോക്കി കാണാമെന്നും വിനയന്‍ പരിഹസിച്ചു.

 

 

Leave a comment

Your email address will not be published. Required fields are marked *