#kerala #Top Four

ലൈംഗികാതിക്രമ പരാതി ; നടന്‍ മുകേഷിനെതിരെ കേസെടുത്ത് പോലീസ്

കൊച്ചി: ലൈംഗികാതിക്രമ പരാതിയില്‍ നടനും എംഎല്‍എയുമായ മുകേഷിനെതിരെ കേസെടുത്തു. മരട് പോലീസാണ് മുകേഷിനെതിരെ കേസെടുത്തിരിക്കുന്നത്. ഈ മാസം 26ാം തിയതിയാണ് നടി മുകേഷ് ഉള്‍പ്പെടെ സിനിമാ മേഖലയിലെ ഏഴ് പേര്‍ക്കെതിരെ ആരോപണം ഉന്നയിച്ചത്. പിന്നീട് ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ ഇമെയില്‍ മുഖാന്തരം നടി ഇവര്‍ക്കെതിരെ പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പോലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. ഐപിസി 354 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. തനിക്ക് വിട്ടുവീഴ്ച ചെയ്താലേ എഎംഎംഎ സംഘടനയില്‍ അംഗത്വം ലഭിക്കുകയുള്ളു, താനറിയാതെ മലയാള സിനിമയില്‍ ഒന്നും നടക്കില്ലെന്ന് മുകേഷ് പറഞ്ഞതായി നടിയുടെ മൊഴിയിലുണ്ട്.

Join with metropost :വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

ഇതേ നടിയുടെ പരാതിയില്‍ നടന്‍ ജയസൂര്യക്കെതിരെയും കേസെടുത്തിട്ടുണ്ട്. തിരുവനന്തപുരം കണ്‍ന്റോണ്‍മെന്റ് പോലീസാണ് ജയസൂര്യക്കെതിരെ കേസ് എടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സെക്രട്ടറിയേറ്റില്‍ വെച്ചുള്ള സിനിമാ ചിത്രീകരണത്തിനിടെ ശുചിമുറിയുടെ സമീപത്തുവെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. ഐപിസി 354, 354എ, 509എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ലൈംഗികാതിക്രമം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തുകയായിരുന്നു.

നടിയുടെ ആലുവയിലെ വീട്ടിലെത്തി പ്രത്യേകാന്വേഷണ സംഘത്തില്‍ ഉള്‍പ്പെട്ട ഡിഐജി അജിത ബീഗവും ജി പൂങ്കുഴലിയുമടക്കമുള്ളവരുടെ നേതൃത്വത്തില്‍ മൊഴിയെടുക്കുകയായിരുന്നു. ഇരുവര്‍ക്ക് പുറമെ ഇടവേള ബാബു, മണിയന്‍ പിള്ള രാജു, ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍, കോണ്‍ഗ്രസ് നേതാവ് അഡ്വ. വിഎസ് ചന്ദ്രശേഖരന്‍ എന്നിവര്‍ക്കെതിരെയാണ് നടി പരാതി നല്‍കിയിരിക്കുന്നത്. പത്ത് മണിക്കൂര്‍ നീണ്ട മൊഴിയെടുപ്പാണ് കഴിഞ്ഞ ദിവസം നടന്നത്.

 

 

Leave a comment

Your email address will not be published. Required fields are marked *