സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജെ ബേബി അന്തരിച്ചു

കോഴിക്കോട്: സാംസ്‌കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ ജെ ബേബി അന്തരിച്ചു. വയനാട് ചീങ്ങോട്ടെ നടവയലിലെ വീടിനോട് ചേര്‍ന്ന കളരിയില്‍ ഞായറാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. നാടക കലാകാരന്‍, സാഹിത്യകാരന്‍, ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തകന്‍ എന്ന നിലയിലെല്ലാം കെ ജെ ബേബി സ്വന്തം ഇടപെടലുകള്‍ അടയാളപ്പെടുത്തിയിരുന്നു. വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികളുടെ ബദല്‍ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ കെ ജെ ബേബി സജീവമായി ഇടപെട്ടിരുന്നു. കെ ജെ ബേബിയുടെ മാവേലി മന്റം എന്ന നോവലിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡും മുട്ടത്തുവര്‍ക്കി അവാര്‍ഡും ലഭിച്ചിരുന്നു.
Also Read ; പീഡനം പോലെ തന്നെ വേദനാജനകമാണ് വ്യാജ പീഡനാരോപണം നേരിടേണ്ടിവരുന്നതും, നിയമ പോരാട്ടം തുടരും: ജയസൂര്യ
കണ്ണൂര്‍ മാവിലായി സ്വദേശിയായ ബേബി 1973ലാണ് വയനാട്ടിലേയ്ക്ക് താമസം മാറുന്നത്. ഇക്കാലത്താണ് ആദിവാസി വിഭാഗങ്ങള്‍ക്കൊപ്പം താമസിക്കുകയും അവരുടെ പരമ്പരാഗത കലാ-സാംസ്‌കാരിക ജീവിതം അടുത്തറിയുകയും ചെയ്തത്. ആദിവാസികളുടെ പാട്ടുകളുടെയും ഐതിഹ്യങ്ങളുടെയും സമ്പന്നമായ ലോകം ബേബിയിലെ എഴുത്തുകാരനെ സ്വാധീനിച്ചിരുന്നു. കേരളത്തിലെ നക്‌സലൈറ്റ് മുന്നേറ്റത്തിന്റെ സാംസ്‌കാരിക മുഖമായിരുന്ന സാംസ്‌കാരിക വേദിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ബേബി. താന്‍ തൊട്ടറിഞ്ഞ ആദിവാസി ജീവിതം മുന്‍നിര്‍ത്തി 1970കളുടെ അവസാനം ബേബി നാടുഗദ്ദിക എന്ന നാടകം രചിച്ചു. വയനാട് സാംസ്‌കാരിക വേദിയുടെ കീഴില്‍ ഈ നാടകം കേരളമെമ്പാടും ബേബിയുടെ നേതൃത്വത്തില്‍ അവതരിപ്പിക്കപ്പെട്ടു. ഇതിനെ തുടര്‍ന്ന് 1981 മേയ് 22-ന് കോഴിക്കോട് മുതലക്കുളത്തുവച്ച് സംഘാടകരെ പോലീസ് അറസ്റ്റ് ചെയ്തു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
വയനാട്ടിലെ ആദിവാസി വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ ഭാഷയും കലയും ജീവിതപരിസരവും നിലനിര്‍ത്തിക്കൊണ്ടുള്ള വിദ്യാഭ്യാസ രീതിയാണ് അനിവാര്യമെന്ന തിരിച്ചറിവില്‍ നിന്നാണ് 1993ല്‍ ബേബി കനവ് എന്ന ബദല്‍ വിദ്യാഭ്യാസ കേന്ദ്രം ആരംഭിക്കുന്നത്. ആദിവാസി വിദ്യാര്‍ത്ഥികളെ സ്വന്തം നിലയില്‍ സ്വാശ്രയരാക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു അദ്ദേഹം കനവ് സ്ഥാപിച്ചത്. 2006ല്‍ കനവിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്നും കെ ജെ ബേബി പിന്‍മാറി. അദ്ദേഹം പഠിപ്പിച്ച മുതിര്‍ന്ന വിദ്യാര്‍ത്ഥികളെ ചുമതലയേല്‍പ്പിച്ചായിരുന്നു അദ്ദേഹത്തിന്റെ പിന്മാറ്റം. ഇവിടെ പഠിച്ച വിദ്യാര്‍ത്ഥികള്‍ കലാ-സാഹിത്യ മേഖലകളില്‍ ഇടംനേടിയിട്ടുണ്ട്.