തൃശൂര്‍ പൂരം കലക്കാന്‍ ഗൂഡാലോചന നടന്നുവെന്നത് വെറും ആരോപണം, ‘തൃശ്ശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞു’; പരിഹസിച്ച് കെ സുരേന്ദ്രന്‍
കൊച്ചി: തൃശൂര്‍ പൂരം കലക്കാന്‍ ഗൂഡാലോചന നടന്നുവെന്ന വി എസ് സുനില്‍ കുമാറിന്റെ പ്രസ്ഥാവന വെറും ആരോപണമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. തൃശൂരില്‍ താമര വിരിഞ്ഞപ്പോള്‍ സുനില്‍ കുമാറിന്റെ ചെവിയില്‍ ചെമ്പരത്തി വിരിഞ്ഞുവെന്നും സുരേന്ദ്രന്‍ പരിഹസിച്ചു. അതേസമയം പി വി അന്‍വര്‍ ഉന്നയിച്ച പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും ചേര്‍ന്ന് പറഞ്ഞു തീര്‍ക്കാന്‍ ഇത് കുടുംബ പ്രശ്‌നമല്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. സിപിഐഎം കേന്ദ്രനേതൃത്വം എന്താണ് മിണ്ടാത്തതെന്ന് ചോദിച്ച സുരേന്ദ്രന്‍ ബിനോയ് വിശ്വത്തിന് നട്ടെല്ലിന്റെ സ്ഥാനത്ത് വാഴപ്പിണ്ടിയാണെന്നും ആരോപിച്ചു. കാനം രാജേന്ദ്രനും വെളിയം ഭാര്‍ഗവനും ഇരുന്ന സ്ഥാനത്താണ് ബിനോയ് വിശ്വമിരിക്കുന്നത്. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കേണ്ടതാണെങ്കില്‍ അന്വേഷിച്ചിരിക്കും. അന്‍വറിന്റെ പരാതി കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് കൈമാറണമെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.
Also Read ; വിജയ്‌യുടെ പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തില്‍ രാഹുല്‍ ഗാന്ധിയേയും പിണറായി വിജയനേയും പങ്കെടുപ്പിക്കാന്‍ നീക്കം
തൃശ്ശൂര്‍പൂരം അലങ്കോലമായ സംഭവത്തില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് വി എസ് സുനില്‍കുമാര്‍ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തുനല്‍കുമെന്നും അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നാലേ ചേരയാണോ മൂര്‍ഖനാണോയെന്ന് തീരുമാനിക്കാന്‍ പറ്റൂവെന്നും സുനില്‍കുമാര്‍ തൃശ്ശൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
”പകല്‍പ്പൂരത്തിനെ സംബന്ധിച്ച് അന്ന് ആര്‍ക്കും പരാതി ഉണ്ടായിരുന്നില്ല. എന്നാല്‍ രാത്രി വളരെ നാടകീയ സംഭവങ്ങളാണ് അരങ്ങേറിയത്. ബിജെപി സ്ഥാനാര്‍ഥിയായ സുരേഷ് ഗോപി പുലര്‍ച്ചെ ആംബുലന്‍സില്‍ വന്നതും ആര്‍എസ്എസ് നേതാക്കള്‍ നാടകീയമായി പ്രത്യക്ഷപ്പെട്ടതും യാദൃച്ഛികമല്ല. പൂരം കലക്കാന്‍ പിന്നില്‍ എല്‍ഡിഎഫാണെന്ന് വരുത്തിതീര്‍ക്കാന്‍ ബിജെപി ആര്‍എസ്എസ് ശ്രമം നടത്തി. അതിന്റെ ദോഷഫലം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായ എനിക്കാണ് ബാധിച്ചത്. ഞാനടക്കം പ്രതിക്കൂട്ടിലായി. ആരാണ് മേളം നിര്‍ത്തി വയ്ക്കാന്‍ തീരുമാനിച്ചത്? വെടിക്കെട്ട് വേണ്ടെന്ന് ആരാണ് തീരുമാനിച്ചത്? പിന്നില്‍ ആര്‍എസ്എസ് പോലീസ് ഗൂഢാലോചനയുണ്ടോയെന്ന് എനിക്ക് അറിയില്ല, അത് പുറത്തുവിടേണ്ടത് സര്‍ക്കാരാണ്. ലോക്‌സഭാ സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് വിഷയത്തില്‍ ഇടപെടുന്നതില്‍ അനൗചിത്യമുണ്ടായിരുന്നു”, സുനില്‍ കുമാറിന്റെ വാക്കുകള്‍.
Join with metropost : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ താഴെ കാണുന്ന ലിങ്കിലൂടെ Join ചെയ്യാം





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































