തനിക്കെതിരായ പീഡന പരാതി ചതി, പിന്നില്‍ സിനിമാ മേഖലയില്‍ നിന്നുള്ളവരെന്ന് സംശയിക്കുന്നു ; പരാതി നല്‍കി നിവിന്‍ പോളി

തിരുവനന്തപുരം: തനിക്കെതിരായ യുവതിയുടെ ലൈംഗികാരോപണത്തിനു പിന്നില്‍ ഗൂഡാലോചന നടന്നതായി സംശയിച്ച് നടന്‍ നിവിന്‍ പോളി. ഇതിനുപിന്നില്‍ സിനിമയില്‍ നിന്നുള്ളവര്‍ തന്നെയാണ് ഉള്ളതെന്ന് സംശയമുണ്ടെന്നും നിവിന്‍ പറഞ്ഞു. ലൈംഗികാരോപണം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് എഡിജിപിക്ക് നല്‍കിയ പരാതിയിലാണ് നിവിന്‍ ഇക്കാര്യം ഉന്നയിച്ചിരിക്കുന്നത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ നിരവധി പേരാണ് നടന്‍മാര്‍ക്കും സംവിധായകര്‍ക്കുമെതിരെ ലൈംഗികാരോപണവുമായി രംഗത്തെത്തിയത്. അക്കൂട്ടത്തിലാണ് നിവിന്‍ പോളിക്കെതിരെയും ആരോപണം ഉയര്‍ന്നത്. സിനിമയില്‍ അവസരം വാഗാദാനം ചെയ്ത് പീഡിപ്പിച്ചു എന്നായിരുന്നു നിവിനെതിരെയുള്ള ആരോപണം. എന്നാല്‍ അന്നു തന്നെ ആരോപണം നിഷേധിച്ച നിവിന്‍ നിയമ നടപടികളുമായി മുന്നോട്ടു പോകുമെന്ന് അറിയിച്ചിരുന്നു.
ക്രൈം ബ്രാഞ്ച് എ.ഡി.ജി.പി എച്ച്.വെങ്കടേഷാണ് പ്രത്യേക അന്വേഷണ സംഘത്തലവന്‍. അദ്ദേഹത്തിന്റെ ഓഫീസിലെത്തിയാണ് നിവിന്‍ പരാതി കൈമാറിയത്. തനിക്കെതിരായ പീഡന പരാതി ചതിയാണെന്നാണ് അദ്ദേഹം പരാതിയില്‍ പറയുന്നത്. ഈ സംഭവവുമായി ബന്ധപ്പെട്ട് താന്‍ നിരപരാധിയാണെന്നും പരാതിയിലുണ്ട്.
തനിക്കെതിരായ പീഡനപരാതിയില്‍ വിശദമായ അന്വേഷണം വേണമെന്ന് നിവിന്‍ പോളി ആവശ്യപ്പെട്ടു. ഈ പീഡനപരാതി എങ്ങനെയുണ്ടായി എന്നതിനെ സംബന്ധിച്ചാണ് അന്വേഷണം വേണ്ടത്. അതില്‍ ഗുരുതരമായ ഗൂഢാലോചന നടന്നതായി സംശയിക്കുന്നു. സിനിമാ മേഖലയിലുള്ളവര്‍തന്നെയാണ് ഇതിനുപിന്നിലെന്ന് സംശയിക്കുന്നുവെന്നും അദ്ദേഹത്തിന്റെ പരാതിയില്‍ പറയുന്നു.