മലയാള സിനിമയുടെ മാതൃഭാവത്തിന് നാട് വിട നല്‍കും; രാവിലെ 9 മുതല്‍ 12 മണി വരെ പൊതുദര്‍ശനം
കൊച്ചി: മലയാള സിനിമയുടെ മാതൃഭാവത്തിന് നാട് ഇന്ന് വിട നല്‍കും. ഇന്ന് രാവിലെ 9 മണി മുതല്‍ 12 മണിവരെ കളമശ്ശേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരിക്കും. താരങ്ങളായ മോഹന്‍ലാലും മമ്മൂട്ടിയുമടക്കം കവിയൂര്‍ പൊന്നമ്മയ്ക്ക് ആദരമര്‍പ്പിക്കാനെത്തും. തുടര്‍ന്ന് ആലുവയിലെ വീട്ടുവളപ്പിലാണ് സംസ്‌കാരം നടക്കുക. എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഇന്നലെ വൈകീട്ട് അഞ്ചരയോടെയായിരുന്നു അന്ത്യം.
അമ്മ വേഷങ്ങളിലൂടെ മലയാളികളുടെ മനസില്‍ ഇടം പിടിച്ച അഭിനേത്രിയായിരുന്നു കവിയൂര്‍ പൊന്നമ്മ. നാന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച മലയാള സിനിമയുടെ അമ്മയായ കവിയൂര്‍ പൊന്നമ്മ കെപിഎസി നാടകങ്ങളിലൂടെയാണ് അഭിനയ ലോകത്തേക്ക് എത്തിയത്. 1962 മുതല്‍ സിനിമയില്‍ സജീവമായി. ശ്രീരാമ പട്ടാഭിഷേകം ആയിരുന്നു ആദ്യ സിനിമ. 1964ല്‍ കുടുംബിനി എന്ന സിനിമയിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീടങ്ങോട്ട് അമ്മ വേഷങ്ങളില്‍ തിളങ്ങി. നാല് തവണ മികച്ച രണ്ടാമത്തെ നടിക്കുള്ള സംസ്ഥാന പുരസ്‌കാരം നേടി. അര്‍ബുദ രോഗത്തിന് ചികിത്സയിലിരിക്കെയാണ് 79 വയസില്‍ കൊച്ചിയില്‍ മരണത്തിന് കീഴടങ്ങിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
മുഖ്യമന്ത്രിയുടെ അനുശോചന കുറിപ്പ്
മാതൃഭാവമുള്ള കഥാപാത്രങ്ങളിലൂടെ മലയാളികളുടെ ഹൃദയത്തില്‍ ഇടംനേടിയ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ അതീവ ദുഃഖം രേഖപ്പെടുത്തുന്നു. ആ സുദീര്‍ഘമായ കലാജീവിതം സിനിമയില്‍ മാത്രം ഒതുങ്ങിയിരുന്നില്ല. നാടകത്തിലും ടെലിവിഷനിലുമെല്ലാം ശ്രദ്ധേയമായ സംഭാവനകള്‍ അവര്‍ അര്‍പ്പിച്ചു. കവിയൂര്‍ പൊന്നമ്മയുടെ കലാജീവിതം തളിരിട്ടതും വളര്‍ന്നതും കേരളത്തിന്റെ പുരോഗമന സാംസ്‌കാരിക മുന്നേറ്റത്തില്‍ നിര്‍ണ്ണായക പങ്കു വഹിച്ച കെപിഎസി-യിലാണ്. തുടര്‍ന്ന് മറ്റു പല പ്രധാന നാടകസമിതികളിലും പ്രവര്‍ത്തിച്ച അവര്‍ മൂലധനം, പുതിയ ആകാശം പുതിയ ഭൂമി തുടങ്ങിയ അക്കാലത്തെ ജനപ്രിയ നാടകങ്ങളില്‍ അവിസ്മരണീയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
തുടര്‍ന്ന് അവര്‍ വളരെ പെട്ടെന്നു തന്നെ മലയാള സിനിമയുടെ അവിഭാജ്യഘടകമായി. പ്രഗത്ഭരായ സംവിധായകരുടെ സിനിമകളില്‍ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങളിലൂടെ അവര്‍ തിളങ്ങി. തന്മയത്വത്തോടെ അവതരിപ്പിച്ച അമ്മവേഷങ്ങള്‍ മലയാളികളില്‍ അവരോടുള്ള ആത്മബന്ധം സുദൃഢമാക്കി. നാലു തവണയാണ് മികച്ച സഹനടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കവിയൂര്‍ പൊന്നമ്മയ്ക്ക് ലഭിച്ചത്. അവരുടെ അഭിനയ മികവിന് അടിവരയിടുന്ന നേട്ടമാണിത്.
മലയാള സിനിമയുടെയും നാടകലോകത്തിന്റെയും ചരിത്രത്തില്‍ തന്റേതായ സ്ഥാനം ഉറപ്പിച്ച കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തോടെ തിളക്കമുള്ള ഒരു അദ്ധ്യായത്തിനാണ് തിരശ്ശീല വീണിരിക്കുന്നത്. തന്റെ കഥാപാത്രങ്ങളിലൂടെ അവര്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കും. കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു. അവരുടെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തില്‍ പങ്കു ചേരുന്നു.





Malayalam 











































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































