അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചു, സ്‌കൂട്ടര്‍ യാത്രികയുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ പറഞ്ഞിട്ടില്ല : അജ്മലിനെതിരെ ശ്രീക്കുട്ടിയുടെ മൊഴി

കൊല്ലം: കൊല്ലം മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാര്‍ കയറ്റികൊന്ന സംഭവത്തിലെ ഒന്നാം പ്രതിയായ അജ്മലിനെതിരെ രണ്ടാം പ്രതി ശ്രീക്കുട്ടിയുടെ നിര്‍ണായക മൊഴി. അജ്മല്‍ നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ചെന്നാണ് ഡോ.ശ്രീക്കുട്ടി മൊഴി നല്‍കിയിരിക്കുന്നത്. കാറിനടിയില്‍ ആളുണ്ടെന്ന് അറിഞ്ഞിരുന്നില്ലെന്നും കുഞ്ഞുമോളുടെ ശരീരത്തിലൂടെ കാര്‍ കയറ്റിയിറക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ശ്രീക്കുട്ടി പറഞ്ഞു. തന്റെ പണവും സ്വര്‍ണാഭരണങ്ങളും അജ്മല്‍ കൈക്കലാക്കിയിരുന്നു. അത് തിരികെ വാങ്ങാനാണ് അജ്മലിനൊപ്പം സൗഹൃദം തുടര്‍ന്നതെന്നും ശ്രീക്കുട്ടി കൂട്ടിച്ചേര്‍ത്തു. നിലവില്‍ പ്രേരണാകുറ്റമാണ് ശ്രീക്കുട്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്.
Also Read ; വെള്ളം ചോദിച്ച് വീട്ടിലെത്തി മാല കവര്‍ന്ന കേസ്; യുവതി പിടിയില്‍
എന്നാല്‍ അജ്മലും ശ്രീക്കുട്ടിയും രാസലഹരിക്കും മദ്യത്തിനും അടിമകളാണെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. അപകടം നടന്ന തലേദിവസം ഇരുവരും താമസിച്ച ഹോട്ടല്‍ മുറിയില്‍ നിന്ന് എംഡിഎംഎ അടക്കം ഉപയോഗിച്ചതിന് പോലീസിന് തെളിവ് ലഭിച്ചിട്ടുണ്ട്. 14 ന് ഹോട്ടലില്‍ ഒരുമിച്ച് താമസിച്ച ഇവര്‍ ലഹരി ഉപയോഗിച്ചിരുന്നതായി പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഹോട്ടല്‍ മുറിയില്‍ നിന്ന് മദ്യക്കുപ്പികളും കണ്ടെടുത്തു. കരുനാഗപ്പള്ളിയിലെ ഹോട്ടലിലാണ് ഇരുവരും മുറിയെടുത്തത്. മുമ്പും ഇവര്‍ ഇതേ ഹോട്ടലില്‍ മൂന്ന് തവണ മുറിയെടുത്തിരുന്നു. ഇവര്‍ക്ക് എവിടെ നിന്നാണ് ലഹരിമരുന്ന് കിട്ടുന്നതെന്ന് അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..