ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍ ; 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്, 5000 പേര്‍ക്ക് പരിക്ക്
ബെയ്‌റൂട്ട്: ലെബനനില്‍ ആക്രമണം അഴിച്ചുവിട്ട് ഇസ്രായേല്‍. കഴിഞ്ഞ ദിവസം നടത്തിയ വ്യോമാക്രമണത്തില്‍ 24 കുട്ടികളടക്കം 492 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഇസ്രായേല്‍ ആക്രമണം നടത്തിയെന്ന് ലെബനന്‍ ആരോഗ്യമന്ത്രി ഫിറോസ് അബിയാദ് സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ ഏകദേശം 5,000 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രി പറഞ്ഞു.
Also Read ; തൃശൂര്‍ പൂരം കലക്കല്‍: അന്വേഷണ റിപ്പോര്‍ട്ടിനെ വീണ്ടും വിമര്‍ശിച്ച് സിപിഐ മുഖപത്രം ജനയുഗം
24 മണിക്കൂറിനുള്ളില്‍ തെക്കന്‍, കിഴക്കന്‍ ലെബനനിലെ 1,100 ഓളം ഹിസ്ബുള്ള കേന്ദ്രങ്ങള്‍ ആക്രമിച്ചതായി ഇസ്രായേല്‍ പറഞ്ഞു. ഹിസ്ബുള്ളയുടെ മൂന്നാമത്തെ കമാന്‍ഡായ അലി കരാക്കെയെ ലക്ഷ്യമിട്ടായിരുന്നു ബെയ്‌റൂട്ടിലെ ആക്രമണമെന്ന് ഹിസ്ബുള്ളയോട് അടുത്ത വൃത്തങ്ങള്‍ പറഞ്ഞു. തെക്കന്‍ ലെബനനിലെയും ലെബനന്‍ പ്രദേശത്തിനുള്ളിലെ ബെക്കയിലെയും ഏകദേശം 800 ഹിസ്ബുള്ള ഭീകര കേന്ദ്രങ്ങളില്‍ ആക്രമണം നടത്തിയതായി ഇസ്രായേല്‍ സൈന്യം അറിയിച്ചു.
അതേസമയം ഹിസ്ബുള്ള ഇസ്രായേലിലെ അഞ്ചിടത്ത് ആക്രമണങ്ങള്‍ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തില്‍ നിന്ന് പിന്മാറാന്‍ ലോകശക്തികള്‍ അഭ്യര്‍ഥിച്ചു. വെള്ളിയാഴ്ച തെക്കന്‍ ബെയ്റൂട്ടില്‍ ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹിസ്ബുള്ളയുടെ ഫോഴ്സ് കമാന്‍ഡര്‍ ഇബ്രാഹിം അഖില്‍ ഉള്‍പ്പെടെ 39 പേര്‍ കൊല്ലപ്പെടുകയും മൂവായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം ഹിസ്ബുല്ലയുമായി ബന്ധമുള്ള സ്ഥലങ്ങളില്‍ നിന്ന് ജനങ്ങള്‍ ഒഴിഞ്ഞു പോകണമെന്ന് ഇസ്രയേല്‍ സൈനിക വക്താവ് റിയര്‍ അഡ്മിറല്‍ ഡാനിയല്‍ ഹഗാരി ലെബനന്‍ ജനതയോട് ആവശ്യപ്പെട്ടു. ലെബനനിലുടനീളം വ്യാപിച്ചുകിടക്കുന്ന ഹിസ്ബുല്ല ഭീകരകേന്ദ്രങ്ങള്‍ക്കെതിരെ ഇസ്രയേല്‍ സൈന്യം വരും ദിവസങ്ങളില്‍ ആക്രമണം വര്‍ധിപ്പിക്കുമെന്നും ഹഗാരി പറഞ്ഞു.