വ്യവസായി മുംതാസ് അലിയുടെ മരണത്തിന് പിന്നില്‍ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ചതിന്റെ സമ്മര്‍ദമെന്ന് പോലീസ്
മംഗളുരു: പ്രമുഖ വ്യവസായി ബി എം മുംതാസ് അലിയുടെ മൃതദേഹം കഴിഞ്ഞദിവസം കുളൂര്‍ പാലത്തിന് അടിയില്‍ നിന്നും കണ്ടെത്തിയിരുന്നു. എന്നാല്‍ മരണത്തിന് മുമ്പ് തന്നെ ഹണിട്രാപ്പില്‍ കുടുക്കാന്‍ ഒരു സംഘം ശ്രമിച്ചിരുന്നെന്ന് കുടുംബ വാട്‌സാപ്പ് ഗ്രൂപ്പില്‍ മുംതാസ് അലി മെസ്സേജ് അയച്ചിരുന്നു. ഇത് പ്രകാരം ഒരു സ്ത്രീ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചു.
ഞായറാഴ്ച പുലര്‍ച്ചെയാണ് മുംതാസ് അലി കുളൂര്‍ പാലത്തിന് മുകളില്‍ നിന്ന് ഫാല്‍ഗുനിപ്പുഴയിലേക്ക് ചാടി ആത്മഹത്യ ചെയ്തത്. വിവരം കിട്ടിയതിന് പിന്നാലെ പോലീസും ഫയര്‍ഫോഴ്‌സും ഉള്‍പ്പടെയുള്ളവര്‍ രക്ഷപ്രവര്‍ത്തനത്തിനായി രംഗത്തിറങ്ങി. ഇരുട്ടുന്നത് വരെ തെരച്ചില്‍ നടത്തിയെങ്കിലും മുംതാസ് അലിയെ കണ്ടെത്താനായിരുന്നില്ല. പാലത്തിന് 15 മീറ്റര്‍ അകലെയായി തിങ്കളാഴ്ച രാവിലെയാണ് മുംതാസ് അലിയുടെ മൃതദേഹം പൊങ്ങിയത്. ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ഒരു സംഘം ശ്രമിച്ചതിന്റെ സമ്മര്‍ദ്ദം സഹിക്കാനാവാതെയാണ് മുംതാസ് അലി ആത്മഹത്യ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍.
താന്‍ ഇനി തിരിച്ച് വരില്ലെന്ന് മകള്‍ക്കയച്ച മെസേജും പോലീസ് പരിശോധിച്ചു. ഈ മെസേജുകള്‍ അയച്ച മൊബൈല്‍ ഫോണ്‍ കാറില്‍ നിന്ന് പോലീസ് കണ്ടെത്തി. പുലര്‍ച്ചെ പാലത്തില്‍ നിന്ന് മുംതാസ് അലി ചാടിയത് കണ്ട ഒരു ടാക്‌സി ഡ്രൈവറുടെ മൊഴിയും നിര്‍ണായകമായി. ഇതോടെയാണ് ആത്മഹത്യയെന്ന് പോലീസ് ഉറപ്പിച്ചത്. തുടര്‍ന്ന് അന്വേഷണം മെസേജില്‍ പറഞ്ഞിരിക്കുന്നവരിലേക്ക് നീണ്ടു. മംഗളുരു സ്വദേശികളായ റൈഹാനത്ത് ഷുഹൈബ്, ഇവരുടെ ഭര്‍ത്താവ് ഷുഹൈബ്, അബ്ദുല്‍ സത്താര്‍, കലന്തര്‍ ഷാഫി, മുഹമ്മദ് മുസ്തഫ, മുഹമ്മദ് സിറാജ് സലാം എന്നിവര്‍ക്കെതിരെ പോലീസ് ആത്മഹത്യാ പ്രേരണ, ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം എന്നീ വകുപ്പുകള്‍ ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികള്‍ നിലവില്‍ ഒളിവിലാണ്. ഇവര്‍ രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..