എഡിഎം നവീന്‍ ബാബു അവസാനയാത്രയില്‍ ഒരു താക്കോല്‍ തന്നെ ഏല്‍പ്പിച്ചിരുന്നെന്ന് ഡ്രൈവറുടെ മൊഴി
കണ്ണൂര്‍: യാത്രയയപ്പ് യോഗത്തിന് ശേഷം എഡിഎം നവീന്‍ ബാബു ക്വാര്‍ട്ടേഴ്‌സിന്റെ ഒരു താക്കോല്‍ തനിക്ക് കൈമാറിയിരുന്നതായി ഡ്രൈവര്‍ എം.ഷംസുദ്ദീന്റെ മൊഴി. യോഗത്തിന് പിന്നാലെ ഔദ്യോഗിക വാഹനത്തില്‍ കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തുള്ള മുനീശ്വരന്‍ കോവിലിനടുത്ത് ഇറങ്ങുമ്പോഴാണ് താക്കോല്‍ കൈമാറിയതെന്നാണ് ഡ്രൈവര്‍ പറഞ്ഞത്. നേരത്തെ എഡിഎമ്മിന്റെ ക്വാര്‍ട്ടേഴ്‌സ് തെരഞ്ഞെടുപ്പ് ഡെപ്യൂട്ടി കളക്ടര്‍ താമസിച്ചിരുന്നു.അദ്ദേഹം താമസം കഴിഞ്ഞ് പോകുമ്പോള്‍ കൈമാറിയ താക്കോല്‍ ഉപയോഗിച്ചായിരിക്കാം നാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ച നവീന്‍ ബാബു തിങ്കളാഴ്ച രാത്രി ക്വാര്‍ട്ടേഴ്‌സ് തുറന്നതെന്നാണ് പോലീസ് കരുതുന്നത്.
യാത്രയയപ്പ് യോഗത്തിനുശേഷം പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സ് ഒഴിവാക്കി പോകാനായിരുന്നു അദ്ദേഹം ആദ്യം തീരുമാനിച്ചിരുന്നത്. അതിനായി ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ കളക്ടറേറ്റില്‍ തിരിച്ചേല്‍പ്പിച്ചു. എന്നാല്‍, ജില്ലാപഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി.പി.ദിവ്യ യാത്രയയപ്പ് യോഗത്തില്‍ കയറിച്ചെന്ന് നടത്തിയ ആരോപണങ്ങള്‍ക്ക് ശേഷം അദ്ദേഹം താക്കോല്‍ വീണ്ടും വാങ്ങി. നാട്ടിലേക്കുള്ള യാത്ര മാറ്റിവെക്കാനുദ്ദേശിച്ചായിരിക്കുമത് എന്നാണ് പോലീസ് കണക്കുകൂട്ടുന്നത്.
എന്നാല്‍ തീവണ്ടിയുടെ സമയമാകാറായപ്പോള്‍ റെയില്‍വേ സ്റ്റേഷനിലേക്ക് ഔദ്യോഗിക വാഹനത്തില്‍ പുറപ്പെട്ടെങ്കിലും പാതിവഴിയില്‍ ഇറങ്ങി. അപ്പോഴാണ് ഒരു താക്കോല്‍ ഷംസുദ്ദീന് കൈമാറിയത്.യാത്രയയപ്പ് യോഗം കഴിഞ്ഞ് നാട്ടിലേക്ക് പോകുമ്പോള്‍ എടുക്കാനായുള്ള സാധനങ്ങളൊന്നും ഓഫീസിലേക്ക് അദ്ദേഹം കൊണ്ടുവന്നിരുന്നില്ല. ഫോണ്‍ വിളിച്ചിട്ടും എടുക്കാതിരുന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെ ക്വാര്‍ട്ടേഴ്‌സിലെത്തിയവര്‍ കണ്ടത് മുന്‍വാതില്‍ പാതി തുറന്നിട്ട നിലയിലായിരുന്നു. അതിരാവിലെ ഉണര്‍ന്ന് വാതില്‍ തുറന്നിടുന്നത് അദ്ദേഹത്തിന്റെ ശീലമായിരുന്നു. അത് പ്രതീക്ഷിച്ചാണ് ഡ്രൈവറും ഗണ്‍മാനും അയല്‍വാസിയും മുറിക്കുള്ളില്‍ കയറിയത്. എന്നാല്‍ അപ്പോഴാണ് തൂങ്ങി മരിച്ച നിലയില്‍ നവീന്‍ ബാബുവിനെ കണ്ടെത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..