വയനാട് പരപ്പന്‍പാറയില്‍ നിന്നും ശരീരഭാഗം കണ്ടെത്തി ; ഉരുൾപൊട്ടലിൽ മരിച്ചയാളുടേതാണെന്ന് സംശയം
വയനാട്: വയനാട് പരപ്പന്‍പാറ ഭാഗത്തുനിന്നും മൃതദേഹഭാഗം കണ്ടെത്തി. വയനാട് ഉരുള്‍പൊട്ടലില്‍ മരിച്ചയാളുടേതെന്ന് സംശയിക്കുന്ന മൃതദേഹ ഭാഗമാണ് കണ്ടെത്തിയത്. മരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു ഭാഗമുണ്ടായിരുന്നത്. കാടിനുള്ളില്‍ തേന്‍ ശേഖരിക്കാന്‍ പോയവരാണ് മൃതദേഹഭാഗം ആദ്യം കണ്ടെത്തിയത്. ചൂരല്‍മലയില്‍ നിന്നും സൂചിപ്പാറയും കഴിഞ്ഞ് താഴെയുള്ള പ്രദേശമാണ് പരപ്പന്‍പാറ.
Also Read; കൊടകര കുഴല്‍പ്പണക്കേസില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തണം : കെ മുരളീധരന്‍
മൃതദേഹ ഭാഗം കണ്ടെത്തിയെന്ന വിവരത്തെ തുടര്‍ന്ന് ചൂരല്‍മലയില്‍ ക്യാമ്പ് ചെയ്യുന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥര്‍ പരപ്പന്‍പാറയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. അതേസമയം മൃതദേഹഭാഗം ഇന്ന് പുറത്തെത്തിക്കാനാകുമോ എന്ന കാര്യത്തില്‍ സംഘം സംശയം പ്രകടിപ്പിക്കുന്നുണ്ട്. വനത്തിനുള്ളിലേക്ക് കിലോമീറ്ററുകള്‍ നടക്കാനുണ്ടെന്നും അതിനാല്‍ സംഘം എത്തി മൃതദേഹഭാഗമെടുക്കുന്നത് ദുഷ്‌കരമായേക്കാമെന്നും തൊഴിലാളികള്‍ പറയുന്നു.
തിരച്ചില്‍ നിര്‍ത്തിയതുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൃതദേഹഭാഗം കണ്ടെത്തിയത്. ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം മാത്രമേ മൃതദേഹം ഉരുള്‍പൊട്ടലില്‍ കാണാതായവരില്‍ ആരുടേതെങ്കിലും ആണോ എന്ന് സ്ഥിരീകരിക്കാനാകൂ. നേരത്തേയും പരപ്പന്‍പാറയില്‍ നിന്നും മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയിരുന്നു. ജനകീയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
47 പേരെയാണ് മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കാണാതായത്. ജൂലൈ 29നായിരുന്നു വയനാട്ടിലെ ചൂര്‍മല-മുണ്ടക്കൈ പ്രദേശത്ത് ഉരുള്‍പൊട്ടലുണ്ടാകുന്നത്. അതിശക്തമായി നിര്‍ത്താതെ പെയ്ത മഴയായിരുന്നു ദുരന്തത്തിന് കാരണമായതെന്നാണ് റിപ്പോര്‍ട്ട്. ഏഴ് കിലോമീറ്ററോളമാണ് പാറക്കല്ലുള്‍പ്പെടെയുള്ള അവശിഷ്ടങ്ങള്‍ ഒഴുകി നീങ്ങിയത്.