മാതാവും പിതാവും ചേര്‍ന്ന് നവജാത ശിശുവിനെ വിറ്റു; അഞ്ച് പേര്‍ അറസ്റ്റില്‍
ഈറോഡ്: നവജാത ശിശുവിനെ വില്‍പ്പന നടത്തിയ അഞ്ച് പേര്‍ അറസ്റ്റില്‍. തമിഴ്നാട്ടിലെ ഈറോഡിലാണ് 40 ദിവസം പ്രായമായ പെണ്‍കുഞ്ഞിനെ മാതാവും പിതാവുള്‍പ്പടെ ചേര്‍ന്ന് വിറ്റത്. സംഭവത്തില്‍ സി സന്തോഷ് കുമാര്‍(28), ആര്‍ സെല്‍വി(47), എ സിദ്ദിഖ ഭാനു(44), എസ് രാധ(39), ജി രേവതി(35) എന്നിവരെ അറസ്റ്റ് ചെയ്തു.
തഞ്ചാവൂര്‍ സ്വദേശിയായ 28-കാരിയാണ് കുഞ്ഞിന് ജന്മം നല്‍കിയതെന്ന് പോലീസ് അറിയിച്ചു. സന്തോഷ് കുമാറാണ് പിതാണ്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ യുവതി കുറച്ചു വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈറോഡിലെത്തിയത്. തുടര്‍ന്ന് സന്തോഷ് കുമാറുമായി അടുപ്പത്തിലായി. സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡിനടുത്താണ് ഇരുവരും താമസിച്ചിരുന്നത്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
ഇതിനിടയില്‍ ഗര്‍ഭിണിയായ യുവതി ഗര്‍ഭഛിദ്രത്തിന് സഹായം തേടിയാണ് സെല്‍വിയെ സമീപിക്കുന്നത്. എന്നാല്‍ ഇവര്‍ സമീപിച്ച ആശുപത്രികളെല്ലാം ഗര്‍ഭഛിദ്രത്തിന് വിസമ്മതിക്കുകയായിരുന്നു. തുടര്‍ന്ന് സെല്‍വിക്കൊപ്പം താമസിച്ചിരുന്ന യുവതി ഈറോഡ് സര്‍ക്കാര്‍ ആശുപത്രിയില്‍ വെച്ചാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
സെല്‍വിയുടെ ആവശ്യപ്രകാരമാണ് കുഞ്ഞിനെ വില്‍ക്കാന്‍ യുവതിയും സന്തോഷ് കുമാറും തീരുമാനിച്ചതെന്ന് പോലീസ് പറഞ്ഞു. തുടര്‍ന്ന് ഒക്ടോബര്‍ 30ന് കുഞ്ഞിനെ നാഗര്‍കോവിലില്‍ നിന്നുള്ള ദമ്പതികള്‍ക്ക് വിറ്റ് നാലര ലക്ഷം രൂപയും വാങ്ങി. സിദ്ദിഖ ഭാനു, രാധ, രേവതി എന്നിവരായിരുന്നു വില്‍പ്പനയുടെ ഇടനിലക്കാര്‍. ഇതിന് പിന്നാലെ കുഞ്ഞിനെ വിറ്റതിന് ലഭിച്ച നാലര ലക്ഷത്തില്‍ തനിക്ക് ലഭിച്ച വിഹിതം മതിയായില്ലെന്ന് പറഞ്ഞ് കുഞ്ഞിന്റെ അമ്മ മറ്റുള്ളവരുമായി ഇടഞ്ഞു. ഇതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്.
യുവതി വിവരം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സിനോടാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇവര്‍ വിവരം അധികൃതരെ അറിയിക്കുകയും ശിശുക്ഷേമ സമിതിയില്‍ പരാതി നല്‍കുകയുമായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. പോലീസ് രക്ഷപ്പെടുത്തിയ കുഞ്ഞ് ഈറോഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ അമ്മയുടെയും കുഞ്ഞിനെ പണം നല്‍കി വാങ്ങിയവരുടെയും അറസ്റ്റ് ഉടനുണ്ടാകുമെന്ന് ഈറോഡ് എസ്പി ജി ജവാഹര്‍ അറിയിച്ചു.