പാര്‍ട്ടി നടപടിക്ക് പിന്നാലെ ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഉത്തരവ് ഇന്ന്
കണ്ണൂര്‍: നവീന്‍ ബാബു ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രേരണാകുറ്റം ചുമത്തി റിമാന്‍ഡില്‍ കഴിയുന്ന പ്രതി പിപി ദിവ്യയുടെ ജാമ്യഹര്‍ജിയില്‍ ഇന്ന് ഉത്തരവ്. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജ് നിസാര്‍ അഹമ്മദാണ് ഉത്തരവ് പറയുക.അന്വേഷണവുമായി സഹകരിച്ചെന്നും ജാമ്യം നല്‍കണമെന്നുമാണ് ദിവ്യയുടെ വാദം. എഡിഎം കൈക്കൂലി വാങ്ങിയതിന് സാഹചര്യത്തെളിവുകളുണ്ടെന്നും ആരോപണം നല്ല ഉദ്ദേശത്തിലെന്നും വാദിച്ച പ്രതിഭാഗം യാത്രയയപ്പ് യോഗത്തിലെ സംസാരം ഒഴിവാക്കേണ്ടതായിരുന്നുവെന്ന് കോടതിയില്‍ സമ്മതിച്ചിരുന്നു.
Also Read ; ദിവ്യക്കെതിരെ പാര്‍ട്ടി നടപടി ; ദിവ്യ ഇനി സിപിഎം അംഗം മാത്രം
എന്നാല്‍ ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷനും നവീന്‍ ബാബുവിന്റെ കുടുംബവും എതിര്‍ത്തു. പതിനൊന്ന് ദിവസമായി പളളിക്കുന്നിലെ വനിതാ ജയിലില്‍ റിമാന്‍ഡിലാണ് പിപി ദിവ്യ. ചൊവ്വാഴ്ചയാണ് റിമാന്‍ഡ് കാലാവധി അവസാനിക്കുന്നത്. ജില്ലാ കോടതി ജാമ്യം നിഷേധിച്ചാല്‍ ഹൈക്കോടതിയെ സമീപിക്കാനാണ് അവരുടെ തീരുമാനം.
അതേസമയം ഇന്നലെ ദിവ്യക്കെതിരെ പാര്‍ട്ടി കടുത്ത നടപടികളെടുത്തതിന് പിന്നാലെയാണ് ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധിയെത്തുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട് റിമാന്‍ഡില്‍ കഴിയുന്ന പിപി ദിവ്യയെ തരംതാഴ്ത്തുന്നതായിരുന്നു പാര്‍ട്ടി നടപടി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന ദിവ്യയെ സിപിഎം പ്രാഥമിക അംഗത്വത്തിലേക്കാണ് തരംതാഴ്ത്തിയത്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..