November 12, 2024
#Crime #Top News

ആത്മഹത്യ ചെയ്ത യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ ഭര്‍ത്താവിന് ചോര്‍ത്തി നല്‍കി : പോലീസുകാരന് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം: കഴിഞ്ഞ ഓഗസ്റ്റ് മാസം തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവതിയുടെ ഫോൺകോൾ വിവരങ്ങള്‍ പോലീസില്‍ നിന്നും ഭര്‍ത്താവിന് ചോര്‍ത്തിക്കൊടുത്ത സംഭവത്തില്‍ നടപടി. ഫോണ്‍വിളി വിവരങ്ങള്‍ ചോര്‍ത്തികൊടുത്ത പൂന്തുറ പോലീസ് സ്‌റ്റേഷനിലെ അസിസ്റ്റന്റ് റൈറ്റര്‍ നവീന്‍ മുഹമ്മദിനെതിരെയാണ് നടപടി. സംഭവം പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. നവീനെ കമ്മീഷണര്‍ ജി സ്പര്‍ജന്‍ കുമാര്‍ സസ്‌പെന്‍ഡ് ചെയ്തു.

Also Read; തിരൂരിലെ ഡെപ്യൂട്ടി തഹസില്‍ദാരെ കാണാതായ സംഭവം: ഭാര്യക്ക് ഫോണ്‍ ചെയ്തതായി വിവരം, അന്വേഷണം കര്‍ണാടകയിലേക്ക്

അതേസമയം യുവതിയുടെ ആത്മഹത്യക്ക് കാരണം ഭര്‍ത്താവാണെന്ന് ആത്മഹത്യക്കുറിപ്പിലുണ്ടായിരുന്നു. ഇതിന് പിന്നാലെ ആത്മഹത്യക്കേസില്‍ അന്വേഷണം നടക്കുന്നതിനിടെ ഭാര്യയുടെ മരണത്തില്‍ ഭാര്യയുടെ സുഹൃത്തായ യുവാവിനു പങ്കുണ്ടെന്നാരോപിച്ച് ഭര്‍ത്താവ് രംഗത്തെത്തുകയും ഭാര്യയും സുഹൃത്തും തമ്മിലുള്ള ഫോണ്‍ വിളിയുടെ രേഖകള്‍ പുറത്തുവിടുകയും ചെയ്തു.

ഇതില്‍ സംശയം തോന്നിയ വട്ടിയൂര്‍ക്കാവ് പോലീസ്, സുഹൃത്തിന്റെ ഫോണ്‍ വിളി വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന് അപേക്ഷ നല്‍കിയപ്പോഴാണ് പൂന്തുറ സ്റ്റേഷനില്‍ നിന്നു മോഷണക്കേസുമായി ബന്ധപ്പെട്ട് ജൂണില്‍ ഇതേ നമ്പറിന്റെ വിവരങ്ങള്‍ ശേഖരിച്ചതായി കണ്ടെത്തിയത്. മോഷണക്കേസില്‍ ഈ യുവാവിന് ബന്ധമില്ലെന്നും നമ്പര്‍ എങ്ങനെ കടന്നുകൂടിയെന്ന് അറിയില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചതോടെ സംശയം ബലപ്പെട്ടു.അന്വേഷണത്തില്‍ യുവതിയുടെ ഭര്‍ത്താവും നവീനുമായുള്ള ബന്ധം കണ്ടെത്തി. പിന്നാലെ ഇയാളെ സസ്പെന്‍ഡ് ചെയ്യുകയായിരുന്നു.

ഫോണ്‍ വിളി വിവരങ്ങള്‍ എടുക്കാനായി എസ്എച്ച്ഒ അവധിയിലായിരുന്ന ദിവസം ചാര്‍ജ് ഉണ്ടായിരുന്ന രണ്ട് എസ്ഐമാരെ കബളിപ്പിച്ചാണ് യുവതിയുടെ സുഹൃത്തിന്റെ മൊബൈല്‍ നമ്പര്‍ എഴുതിച്ചേര്‍ത്തത്. സുഹൃത്തിനെ സഹായിക്കാനാണു കോള്‍ ലിസ്റ്റ് ചോര്‍ത്തിയതെന്നും അസി.റൈറ്റര്‍ക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നും സ്പെഷല്‍ ബ്രാഞ്ചും ഡിസിആര്‍ബി അസി.കമ്മിഷണറും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.

പൂന്തുറ പൊലീസ് സ്റ്റേഷനില്‍ തെളിയാതെ കിടക്കുന്ന വിഗ്രഹമോഷണം, അമ്പലത്തറയിലെ പച്ചക്കറി മൊത്തവിതരണ കടയിലെ മോഷണം എന്നീ കേസുകളുടെ അന്വേഷണത്തിനായി സൈബര്‍ സെല്‍ വഴി പലരുടെയും കോള്‍ ലിസ്റ്റ് ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ എടുത്തിട്ടുണ്ട്. കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരും ഷാഡോ പോലീസും സ്പെഷല്‍ ബ്രാഞ്ചും നല്‍കുന്ന മൊബൈല്‍ഫോണ്‍ നമ്പറുകളാണ് കോള്‍ ലിസ്റ്റിനായി നല്‍കിയിരുന്നത്. ഇതിനിടയിലാണ് അസി.റൈറ്ററുടെ അടുത്ത സുഹൃത്തിന്റെ ഭാര്യ ഓഗസ്റ്റ് 4ന് വട്ടിയൂര്‍ക്കാവിലെ വീട്ടില്‍ ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ആത്മഹത്യയ്ക്കു പിന്നില്‍ സുഹൃത്തിനു പങ്കുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഇവര്‍ തമ്മിലുള്ള കോള്‍ ലിസ്റ്റ് എടുക്കാന്‍ ഭര്‍ത്താവ് അസി.റൈറ്ററുടെ സഹായം തേടി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

തുടര്‍ന്ന്, മോഷണക്കേസിനായി സൈബര്‍സെല്ലിന് നല്‍കുന്ന അപേക്ഷയില്‍ യുവാവിന്റെ മൊബൈല്‍ ഫോണ്‍ നമ്പര്‍ എഴുതിച്ചേര്‍ത്തു. ഓഗസ്റ്റ് 7ന് എസ്എച്ച്ഒ അവധിയെടുത്ത ദിവസം നോക്കിയാണ് ഫയല്‍ നീക്കിയത്. പുതുതായി ചാര്‍ജ് എടുത്ത എസ്ഐയെ കബളിപ്പിച്ച് പ്രഫോമയും സ്റ്റേഷന്റെ ചാര്‍ജ് ഉണ്ടായിരുന്ന എസ്ഐക്കു മുന്‍പില്‍ ധൃതി കാണിച്ച് റെക്കമന്‍ഡ് ഫോമും ഒപ്പിട്ടു വാങ്ങി കമ്മിഷണര്‍ ഓഫിസിലേക്ക് അയച്ചു. സൈബര്‍ സെല്ലില്‍ നിന്നു സ്റ്റേഷനില്‍ എത്തിയ കോള്‍ ലിസ്റ്റിന്റെ പകര്‍പ്പ് യുവതിയുടെ ഭര്‍ത്താവിന് അസി.റൈറ്റര്‍ കൈമാറുകയും ചെയ്തു. ആത്മഹത്യയ്ക്കു മുന്‍പും ഫോണ്‍വിളി വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയിട്ടുണ്ടോയെന്നും കോള്‍ ലിസ്റ്റ് ചോര്‍ത്തിയതിനെ തുടര്‍ന്നാണോ ആത്മഹത്യയെന്നും അന്വേഷിക്കുന്നുണ്ട്.

 

Leave a comment

Your email address will not be published. Required fields are marked *