October 16, 2025
#Crime

ഭക്ഷണം കഴിക്കാന്‍ നിര്‍ബന്ധിച്ച് യുവാവിനെ മാനവീയത്തിനടുത്ത് എത്തിച്ചു ; യുവാവിന് കുത്തേറ്റു, യുവതി പിടിയില്‍

തിരുവനന്തപുരം: മാനവീയം വീഥിക്കടുത്ത് വെച്ച് യുവാവിന് കുത്തേറ്റ സംഭവത്തില്‍ സുഹൃത്തായ യുവതി പിടിയില്‍. പത്തനംതിട്ട മലയാലപ്പുഴ സ്വദേശി സ്‌നേഹ അനിലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് വെമ്പായം തേക്കട സ്വദേശിയായ സുജിത്തിന്(25) കുത്തേല്‍ക്കുന്നത്. മാനവീയം വിഥിക്കടുത്തുള്ള ആല്‍ത്തറ ക്ഷേത്രത്തിന് സമീപത്ത് വെച്ചാണ് ഇയാള്‍ക്ക് കുത്തേല്‍ക്കുന്നത്. ഇയാളുടെ മുന്‍ സുഹൃത്തുക്കള്‍ തന്നെയാണ് കുത്തിയത്.

Also Read ; മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പറിടിച്ച് രണ്ട് മരണം

സുജിത്തിനെ കുത്തിയത് ലഹരി കേസുകളില്‍ പ്രതിയായ ഷിയാസും കൂട്ടുകാരുമാണെന്നും, പ്രതികള്‍ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.ലഹരി സംഘത്തിനുള്ളിലെ തര്‍ക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നാണ് പോലീസ് കണ്ടെത്തല്‍. വട്ടപ്പാറ സ്റ്റേഷനിലെ റൗഡി ലിസ്റ്റില്‍ പെട്ടയാളാണ് സുജിത്ത്. നഗരത്തിലും വെമ്പായത്ത് വച്ചും കഞ്ചാവ് കച്ചവടത്തെ ചൊല്ലി സുജിത്തും ഷിയാസും തമ്മില്‍ തര്‍ക്കമുണ്ടായിട്ടുണ്ട്. രണ്ടു ദിവസങ്ങള്‍ക്കു മുമ്പും രണ്ടു പേരും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു.

സംഭവ ദിവസം പ്രതികളുടെ നിര്‍ദ്ദേശ പ്രകാരം സുജിത്തിനെ മാനവീയം വീഥിയിലേക്ക് സ്‌നേഹയാണ് എത്തിച്ചത്. ഭക്ഷണം കഴിക്കാനെന്ന് പറഞ്ഞാണ് യുവതി സുജിത്തിനെ ആല്‍ത്തറ ക്ഷേത്രത്തിനടുത്ത് എത്തിച്ചത്. ഇവിടെ വെച്ച് സുജിത്തും ഷിയാസും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് ഷിയാസ് കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷിജിത്തിനെ കുത്തുകയായിരുന്നു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

സംഭവത്തിന് പിന്നാലെ കഴിഞ്ഞ ദിവസം ഏറത്തെ വീട്ടില്‍ നിന്നാണ് സ്നേഹയെ അറസ്റ്റ് ചെയ്തത്. യുവതിയെ ചോദ്യം ചെയ്തതില്‍ നിന്ന് ലഹരിമാഫിയയുമായി ബന്ധപ്പെട്ട നിര്‍ണ്ണായക വിവരങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ടെന്നാണ് വിവരം. സുജിത്തിന് കുത്തേറ്റ് നെഞ്ചില്‍ ആഴത്തില്‍ പരിക്കേറ്റിട്ടുണ്ട്. സുജിത്തിന്റെ ശസ്ത്രക്രിയ പൂര്‍ത്തിയായി. സുജിത്തിന്റെ മരണ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലുള്ള പ്രതികളെ പിടികൂടാന്‍ അന്വേഷണം ശക്തമാക്കിയതായി പോലീസ് അറിയിച്ചു.

 

Leave a comment

Your email address will not be published. Required fields are marked *