January 22, 2025
#Others

കൂറുമാറ്റത്തിന് 100 കോടി കോഴ വാഗ്ദാനം ചെയ്തതിന് തെളിവില്ല ; തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ്

തിരുവനന്തപുരം : കൂറുമാറ്റത്തിന് 100 കോടി രൂപ വാഗ്ദാനം ചെയ്തുവെന്ന ആരോപണം തള്ളി എന്‍സിപി അന്വേഷണ കമ്മീഷന്‍. എംഎല്‍എ തോമസ് കെ തോമസിന് ക്ലീന്‍ ചിറ്റ് നല്‍കിയ റിപ്പോര്‍ട്ട് സംസ്ഥാന പ്രസിഡന്റ് പി സി ചാക്കോക്ക് കമ്മീഷന്‍ കൈമാറി. കോഴ ആരോപണത്തിന് പിന്നില്‍ ആന്റണി രാജുവിന്റെ ഗൂഡാലോചനയെന്നാണ് തോമസ് കെ തോമസ് കമ്മീഷന് നല്‍കിയ മൊഴി. ഉപതെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം റിപ്പോര്‍ട്ടിന്റെ പകര്‍പ്പുമായി മുഖ്യമന്ത്രിയെ കണ്ട് എ കെ ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കണമെന്ന് പി സി ചാക്കോ ആവശ്യപ്പെടും.

Also Read ; വയനാടും ചേലക്കരയിലും ഇന്ന് നിശ്ശബ്ദ പ്രചാരണം ; പൗരപ്രമുഖരുമായി സ്ഥാനാര്‍ത്ഥികള്‍ കൂടിക്കാഴ്ച നടത്തും, നാളെ വോട്ടെടുപ്പ്

തോമസ് കെ തോമസ് ആഗ്രഹിച്ച റിപ്പോര്‍ട്ടാണ് പാര്‍ട്ടി അന്വേഷണ കമ്മീഷന്‍ നല്‍കിയത്. എന്‍ഡിഎ കക്ഷിയായ അജിത് പവാര്‍ വിഭാഗത്തിലേക്ക് കൂറുമാറാന്‍ ആന്റണി രാജുവിനും കോവൂര്‍ കുഞ്ഞുമോനും 100 കോടി തോമസ് കെ തോമസ് വാഗ്ദാനം ചെയ്‌തെന്നായിരുന്നു ഉയര്‍ന്ന ആരോപണം. ആന്റണി രാജു ഇക്കാര്യം മുഖ്യമന്ത്രിയോട് ശരിവെച്ചതോടെയാണ് തോമസിന്റെ മന്ത്രിസ്ഥാനം പോയത്. വിവാദം കത്തിപ്പടര്‍ന്നപ്പോഴാണ് അന്വേഷണത്തിന് നാലംഗ കമ്മീഷനെ എന്‍സിപി നിയോഗിച്ചത്. എന്നാല്‍ അന്വേഷണത്തില്‍ കോഴക്ക് തെളിവില്ലെന്നാണ് കണ്ടെത്തല്‍. പണം ഓഫര്‍ ചെയ്തില്ലെന്ന തോമസിന്റയും വാഗ്ദാനം ലഭിച്ചില്ലെന്ന കോവൂര്‍ കുഞ്ഞുമോന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി റിപ്പോര്‍ട്ട്.

പക്ഷെ ആന്റണി രാജു എന്‍സിപി കമ്മീഷനോട് സഹകരിച്ചിരുന്നില്ല. കുട്ടനാട് സീറ്റിന്റെ പേരില്‍ തന്നോടും സഹോദരന്‍ തോമസ് ചാണ്ടിയോടും ജനാധിപത്യ കേരള കോണ്‍ഗ്രസിന് വിരോധമുണ്ടെന്നാണ് മൊഴി. പാര്‍ട്ടി റിപ്പോര്‍ട്ട് ആയുധമാക്കി ശശീന്ദ്രനെ മാറ്റി തോമസിനെ മന്ത്രിയാക്കാനാണ് എന്‍സിപിയുടെ അടുത്ത നീക്കം.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

പിഎം സുരേഷ് ബാബു. കെആര്‍ രാജന്‍, ലതികാ സുഭാഷ്, ജോബ് കാട്ടൂര്‍ എന്നിവരായിരുന്നു കമ്മീഷന്‍. അതേസമയം പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിനെ പരിഹസിക്കുകയാണ് ശശീന്ദ്രന്‍ പക്ഷം. ചാക്കോയോടും തോമസിനോടും അടുപ്പമുള്ളവര്‍ മറിച്ചൊരു റിപ്പോര്‍ട്ട് നല്‍കുമോ എന്നാണ് ഇവര്‍ ഉന്നയിക്കുന്ന ചോദ്യം. ഗൂഡാലോചന വാദം ഉയര്‍ത്തുന്ന തോമസോ എന്‍സിപി പ്രസിഡണ്ടോ ഇത് വരെ പോലീസ് അന്വേഷണത്തിന് ആവശ്യപ്പെട്ടിട്ടില്ല. എന്‍സിപി റിപ്പോര്‍ട്ട് മുഖ്യമന്ത്രി അംഗീകരിക്കുമോ എന്നാണ് അറിയേണ്ടത്. കോഴ ഓഫര്‍ ഉണ്ടെന്ന് മുഖ്യമന്ത്രിയോട് പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുകയാണ് ആന്റണിരാജു.

Leave a comment

Your email address will not be published. Required fields are marked *