‘കൈ’ പിടിച്ച് സന്ദീപ് വാര്യര്‍, സ്‌നേഹത്തിന്റെ കടയില്‍ അംഗത്വമെടുത്തു; രാഷ്ട്രീയയാത്ര ഇനിമുതല്‍ കോണ്‍ഗ്രസിനൊപ്പം
പാലക്കാട് : ബിജെപിയുമായി ഇടഞ്ഞ സന്ദീപ് വാര്യര്‍ ഇനി കോണ്‍ഗ്രസ് ചേരിയില്‍. പാലക്കാട്ടെ കെപിസിസി ഓഫീസില്‍ കെ സുധാകരന്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ തുടങ്ങിയ നേതാക്കള്‍ ഷോള്‍ അണിയിച്ച് സന്ദീപിനെ സ്വാഗതം ചെയ്തു. കോണ്‍ഗ്രസില്‍ അംഗത്വമെടുത്തതിന് പിന്നാലെ ‘സ്‌നേഹത്തിന്റെ കടയില്‍ ഒരു മെമ്പര്‍ഷിപ്പെടുക്കുകയാണ് ഞാനെന്ന് സന്ദീപ് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പ്രതികരിച്ചു.
Also Read; സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക്; കെപിസിസി പ്രഖ്യാപനം ഉടന്‍
വെറുപ്പ് മാത്രം ഉത്പാദിപ്പിക്കുന്ന ഫാക്ടറിയില്‍ നിന്ന് സ്‌നേഹവും കരുതലും ഞാന്‍ പ്രതീക്ഷിച്ചുവെന്നതാണ് എന്റെ തെറ്റ്. പലഘട്ടത്തിലും പിന്തുണ തേടി പെട്ട് പോയ അവസ്ഥയിലായിരുന്നു ബിജെപിയില്‍ ഞാന്‍. ജനാധിപത്യത്തെ മതിക്കാത്ത ഒരിടത്ത് വീര്‍പ്പ് മുട്ടി കഴിയുകയായിരുന്നു. മനുഷ്യ പക്ഷത്ത് നിന്ന് സംസാരിക്കാനുളള സ്വാതന്ത്രം പോലുമില്ലാതെ അച്ചടക്ക നടപടി നേരിട്ടു സന്ദീപ് പറഞ്ഞു.
മാധ്യമ ചര്‍ച്ചയ്ക്ക് പോകരുതെന്ന് പോലും എന്നോട് പറഞ്ഞു, വിലക്ക് നേരിട്ടു. മതം പറയാനോ, കാലുഷ്യമുണ്ടാക്കാനോ എനിക്ക് താല്‍പര്യമില്ല. വ്യക്തിപരമായി ഫേസ്ബുക്കിലിട്ട ഒരു പോസ്റ്റിന്റെ പേരില്‍ ഒരു വര്‍ഷക്കാലം നടപടി നേരിട്ടു. ഞാനിന്ന് ഈ നിമിഷം കോണ്‍ഗ്രസിന്റെ ത്രിവര്‍ണ്ണ ഷാള്‍ അണിഞ്ഞ് ഇരിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദിത്തം കെ സുരേന്ദ്രനും സംഘത്തിനുമാണ്.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
സിപിഎം -ബിജെപി ഡീലിനെ എതിര്‍ത്തതാണ് ഞാന്‍ ചെയ്ത തെറ്റ്. കരിവന്നൂരും കൊടകരയും പരസ്പരം വെച്ചുമാറുന്നതിനെ എതിര്‍ത്തുവെന്നതാണ് ഞാന്‍ ചെയ്ത തെറ്റ്. കൊടകര കുഴല്‍പ്പണ കേസ് പ്രതി ധര്‍മ്മ രാജന്റെ കോള്‍ ലിസ്റ്റില്‍ പേരില്ലാതെ പോയതാണ് ഞാന്‍ ചെയ്ത കുറ്റം. സ്‌നേഹത്തിന്റെ ഇടത്തേക്കാണ് താന്‍ വരുന്നതെന്നും സന്ദീപ് വാര്യര്‍ പാലക്കാട്ട് കെപിസിസി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.