പാലക്കാട്ടെ പരസ്യ പ്രചാരണം ഇന്ന് സമാപിക്കും; വൈകീട്ട് ആറിന് സ്റ്റേഡിയം പരിസരത്ത് കൊട്ടിക്കലാശം
പാലക്കാട്: വാശിയേറിയ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് പിന്നാലെ പാലക്കാട്ടെ നിയമസഭാ ഉപതെരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. ഇന്ന് വൈകീട്ട് ആറിന് കൊട്ടിക്കലാശത്തോടെയാണ് പരസ്യ പ്രചാരണം അവസാനിക്കുക. കൊട്ടിക്കലാശത്തിന് മുന്നോടിയായി മൂന്ന് മുന്നണികളുടെയും റോഡ് ഷോ ഉച്ചയ്ക്ക് ആരംഭിക്കും. മൂന്ന് മുന്നണികളുടെയും പ്രകടനങ്ങളും പാലക്കാട് സ്റ്റേഡിയം പരിസരത്താണ് സമാപിക്കുക.
Also Read ; പാണക്കാട് തങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തില്‍ പ്രതികരണവുമായി രാഹുല്‍
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ റോഡ് ഷോ ഉച്ചയ്ക്ക് രണ്ടിന് ഒലവക്കോട് നിന്ന് തുടങ്ങും. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്റെ റോഡ്‌ഷോ വൈകീട്ട് നാലിന് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്നും ബിജെപി സ്ഥാനാര്‍ത്ഥി സി.കൃഷ്ണകുമാറിന്റെ റോഡ് ഷോ മേലാമുറി ജങ്ഷനില്‍ നിന്നുമാണ് തുടങ്ങുക. ഒരു മാസത്തോളം നീണ്ടുനിന്ന പാലക്കാട്ടെ രാഷ്ട്രീയ പോരില്‍ ഗ്രൂപ്പുകള്‍ക്കുള്ളിലെ സ്വരചേര്‍ച്ചകളും കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഡോ. പി സരിന്‍ കോണ്‍ഗ്രസ് വിട്ട് ഇടത് പാളയത്തിലെത്തിയതും ബിജെപിയുമായി ഇടഞ്ഞ് നിന്ന സന്ദീപ് വാര്യര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറിയതുമടക്കും നിരവധി അപ്രതീക്ഷിത സംഭവങ്ങളാണ് പാലക്കാട് അരങ്ങേറിയത്.
അതിനിടെ പാലക്കാട്ടെ ഇരട്ട വോട്ടില്‍ നടപടി ആവശ്യപ്പെട്ട് ഇടത് മുന്നണി ഇന്ന് കളക്ട്രേറ്റിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചിരിക്കുകയാണ്. രാവിലെ 10 മണിക്കാണ് മാര്‍ച്ച്. 2700 ഓളം ഇരട്ട വോട്ടുകള്‍ പാലക്കാട് ഉണ്ടെന്നും ഇവ നീക്കം ചെയ്യണമെന്നുമാണ് ആവശ്യം. ബിജെപി ജില്ലാ പ്രസിഡണ്ട് ഹരിദാസന്‍ അടക്കമുള്ളവരുടെ വോട്ട് ചൂണ്ടിക്കാട്ടിയാണ് ബഹുജന പ്രക്ഷോഭം. കുറ്റക്കാര്‍ക്കെതിരെ നടപടിയും ഇടതുമുന്നണി ആവശ്യപ്പെടുന്നു. എന്നാല്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ത്ഥി സരിന്‍ വ്യാജരേഖ ഹാജരാക്കിയാണ് വോട്ട് ചേര്‍ത്തതെന്ന് കോണ്‍ഗ്രസും ആരോപിക്കുന്നുണ്ട്. 2017 ല്‍ പാലക്കാട് മണ്ഡലത്തില്‍ വാങ്ങിയ സ്വന്തം വീടെന്ന് കാട്ടിയാണ് സരിന്റെ പ്രതിരോധം.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..




Malayalam 

































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































