കണ്ണൂരിൽ പൂട്ടിയിട്ട വീട്ടിൽ നിന്ന് 300 പവനും ഒരു കോടി രൂപയും കവർന്നു
കണ്ണൂര്‍: വളപട്ടണം മന്നയില്‍ പൂട്ടിയിട്ട വീട്ടില്‍നിന്ന് 300 പവനും ഒരുകോടി രൂപയും മോഷണം പോയി. അരി മൊത്തവ്യാപാരിയായ കെ.പി അഷ്‌റഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാരെല്ലാം മധുരയിലുള്ള ബന്ധുവീട്ടില്‍ വിവാഹത്തിന് പോയ സയമത്താണ് മോഷണം നടക്കുന്നത്.
19-ാം തിയതി വീടടച്ച് മധുരയിലേക്ക് പോയ കുടുംബം ഇന്നലെ രാത്രി തിരികെയെത്തിയപ്പോഴാണ് മോഷണ വിവരം അറിയുന്നത്. വീട് കുത്തിത്തുറന്ന് അകത്തുകയറി ലോക്കര്‍ തകര്‍ത്താണ് കവര്‍ച്ച നടത്തിയത്. കിടപ്പുമുറിയിലെ ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണവും പണവുമാണ് നഷ്ടമായതെന്നാണ് വിവരം.
ബുധനാഴ്ച രാത്രിയാണ് മോഷണം നടന്നതെന്നാണ് സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത്. ബുധനാഴ്ച രാത്രി എട്ട് മണിയോടെ രണ്ടു പേര്‍ മതില്‍ ചാടിക്കടക്കുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ടെന്ന് അയല്‍വാസി പറഞ്ഞു. ഇടക്ക് അഷറഫും കുടുംബവും ബംഗളൂരുവിലും മറ്റുമുള്ള കുടുംബ വീടുകളില്‍ പോയി താമസിക്കാറുണ്ട്. ഈ വിവരങ്ങള്‍ മനസ്സിലാക്കിയിട്ടുള്ളവരാണോ മോഷണത്തിന് പിന്നിലെന്ന് പരിശോധിക്കുന്നുണ്ട്. സംഭവത്തില്‍ വളപട്ടണം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..





Malayalam 














































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































