കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു
ബെംഗളൂരു: കര്‍ണാടക മുന്‍ മുഖ്യമന്ത്രി എസ് എം കൃഷ്ണ അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ബെഗളൂരുവിലെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. 1999 മുതല്‍ 2004 വരെ കര്‍ണാടകയുടെ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. കൂടാതെ യുപിഎ മന്ത്രിസഭയിലെ മുന്‍ വിദേശകാര്യ മന്ത്രിയുമായിരുന്നു.
കര്‍ണാടകയുടെ മുഖ്യമന്ത്രിയാകുന്നതിന് മുമ്പ് നിയമസഭാ സ്പീക്കറായും മറ്റും പ്രവര്‍ത്തിച്ചിട്ടുണ്ട്. അതിന് ശേഷം 2004 മുതല്‍ 2008 വരെ മഹാരാഷ്ട്ര ഗവര്‍ണറായി. പിന്നീടാണ്, 2009 മുതല്‍ 2012 വരെ യുപിഎ മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായത്. അതിന് ശേഷം കൃഷ്ണ ബിജെപിയിലേക്ക് ചേക്കേറി.
കര്‍ണാടകയെ ഐടി ഹബ്ബാക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച നേതാവായിരുന്നു എസ് എം കൃഷ്ണ. 1962ല്‍ പ്രജാ സോഷ്യലിസ്റ്റ് പാര്‍ട്ടിയിലൂടെയാണ് എസ് എം കൃഷ്ണ രാഷ്ട്രീയ രംഗത്തേക്കെത്തിയത്. കോണ്‍ഗ്രസിന്റെ വൊക്കലിഗ മുഖമായിരുന്ന കൃഷ്ണ, ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി, മന്‍മോഹന്‍സിംഗ് സര്‍ക്കാരുകളില്‍ കേന്ദ്രമന്ത്രിയായ നേതാവാണ്. 1962ല്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നെഹ്‌റു പ്രചാരണത്തിനെത്തിയിട്ടും കോണ്‍ഗ്രസ് എതിര്‍സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തിയ ചരിത്രമുള്ള നേതാവാണ് കൃഷ്ണ. പിന്നീട് 1971ല്‍ കോണ്‍ഗ്രസിലെത്തി. 2023ല്‍ പത്മ പുരസ്‌കാരം നല്‍കി കൃഷ്ണയെ രാജ്യം ആദരിച്ചു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..