#Crime #Top Four

മകള്‍ക്ക് ലൈംഗിക പീഡനം; കുവൈത്തില്‍ നിന്നെത്തി പ്രതിയെ കൊലപ്പെടുത്തി തിരിച്ചുപോയി പിതാവ്

ഹൈദരാബാദ്: 12 വയസ്സുള്ള മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന ആരോപണം നേരിടുന്ന ബന്ധുവിനെ വകവരുത്താന്‍ ഗള്‍ഫില്‍ നിന്നും പറന്നെത്തി പിതാവ്. അക്രമിയെ കൊലപ്പെടുത്തിയശേഷം അന്ന് വൈകീട്ടുതന്നെ പിതാവ് വിദേശത്തേക്ക് മടങ്ങുകയും ചെയ്തു. ഡിസംബര്‍ ആറിന് ആന്ധ്രാപ്രദേശിലാണ് ഞെട്ടിക്കുന്ന സംഭവമുണ്ടായത്. കൊലപാതകക്കേസ് അന്വേഷിച്ച പോലീസിന് ആദ്യഘട്ടത്തില്‍ തുമ്പൊന്നും കിട്ടിയിരുന്നില്ല. എന്നാല്‍ സ്വന്തം യുട്യൂബ് ചാനലിലൂടെ കൊലപാതകം നടത്തിയയാള്‍ ഇക്കാര്യം ഏറ്റുപറഞ്ഞതോടെയാണ് വിവരം പുറത്തറിയുന്നത്. 15 വര്‍ഷമായി കുവൈത്തില്‍ ജോലിചെയ്യുന്ന ആന്ധ്രപ്രദേശ് സ്വദേശിയാണ് കൊലപാതകം നടത്തിയത്.

Also Read; 18-ാമത്തെ ലോക ചെസ് കിരീടം 18-ാം വയസില്‍; ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ താരം ഗുകേഷ്

സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെയാണ്. കൊലപാതകം നടത്തിയ വ്യക്തിയും ഭാര്യയും മകളും കുവൈത്തിലാണ് താമസിച്ചിരുന്നത്. എന്നാല്‍ പിന്നീട് അയാള്‍ മകളെ നാട്ടിലുള്ള ഭാര്യയുടെ മാതാപിതാക്കളുടെ അടുത്താക്കുകയും മകളുടെ ചെലവുകള്‍ക്കുള്ള പണം ബന്ധുക്കള്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഭാര്യാ മാതാവിനെയും അദ്ദേഹം വിദേശത്തേക്ക് കൊണ്ടുപോയി. ഭാര്യയുടെ കുടുംബത്തിന്റെ സാമ്പത്തികനില മോശമായതിനെ തുടര്‍ന്നായിരുന്നു ഇത്. ഇതോടെ 12 കാരിയുടെ സംരക്ഷണ ചുമതല ഭാര്യയുടെ ഇളയ സഹോദരിയെ ഏല്‍പ്പിക്കുകയായിരുന്നു.

ആദ്യമൊക്കെ കുട്ടിയെ നന്നായി നോക്കിയിരുന്ന ഭാര്യാസഹോദരിയുടെ കുടുംബം പിന്നീട് അതിന് വിസമ്മതമറിയിച്ചു. ഇതോടെ ഭാര്യാമാതാവ് നാട്ടിലേക്ക് തിരിച്ചെത്തി. ഇതോടെയാണ് ഇവരുടെ ബന്ധു കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതായി മുത്തശ്ശി തിരിച്ചറിയുന്നത്. ഇതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. എന്നാല്‍ പോലീസിന്റെ ഭാഗത്തുനിന്ന് കാര്യമായ നീക്കങ്ങളുണ്ടായില്ല. പോലീസ് അക്രമിയെ താക്കീതുചെയ്ത് വിട്ടയച്ചുവെന്നും പരാതിക്കാരെ ശകാരിച്ച് മടക്കിയയക്കുകയുമാണ് ഉണ്ടായതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു. ഇതോടെയാണ് മകളോട് അതിക്രമം കാട്ടിയവരോട് പ്രതികാരം ചെയ്യാന്‍ പിതാവ് തീരുമാനിക്കുന്നത്. ഇതിനുവേണ്ടി പിതാവ് കുവൈത്തില്‍നിന്ന് ആന്ധ്രയിലെത്തുകയും ഇരുമ്പ് ദണ്ഡുകൊണ്ട് മര്‍ദിച്ച് ആരോപണവിധേയനായ ബന്ധുവിനെ കൊലപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് അന്നേദിവസംതന്നെ വിദേശത്തേക്ക് മടങ്ങി. യുട്യൂബ് ചാനലിലൂടെ കൊലപാതകി തന്നെ സത്യം വെളിപ്പെടുത്തിയതിന് പിന്നാലെ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. പ്രതിയെ വിദേശത്തുനിന്ന് നാട്ടിലെത്തിക്കാനുള്ള നീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *