ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി
ഹൈദരാബാദ്: ഒരു രാത്രിയിലെ ജയില്‍ വാസത്തിന് ശേഷം അല്ലു അര്‍ജുന്‍ പുറത്തിറങ്ങി. പുഷ്പ 2 സിനിമയുടെ പ്രൈമറി ഷോയ്ക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച സംഭവത്തില്‍ മനപൂര്‍വമല്ലാത്ത നരഹത്യാ കുറ്റം ചുമത്തിയാണ് നടനെ പോലീസ് അറസ്റ്റ് ചെയതത്. ഇന്നലെ ഉച്ചമുതല്‍ ആരംഭിച്ച നാടകീയ സംഭവങ്ങള്‍ക്കൊടുവിലാണ് നടനെ പോലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ഇന്നലെ രാത്രി ജയില്‍ വാസത്തിന് ഒടുവിലാണ് അല്ലു അര്‍ജുന്‍ പുറത്തിറങ്ങുന്നത്.
ഇടക്കാല ജാമ്യം നല്‍കിയുള്ള ഹൈക്കോടതിയുടെ ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചതോടെയാണ് അല്ലുവിന്റെ ജയില്‍ മോചനത്തിന് വഴിയൊരുങ്ങിയത്. പുലര്‍ച്ചെ അല്ലു അര്‍ജുനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നതിലും വന്‍ ട്വിസ്റ്റുണ്ടായി. ജയിലിലെ പ്രധാന കവാടത്തിന് പുറത്ത് ആരാധകരടക്കമുള്ള നിരവധി പേര്‍ കാത്തുനില്‍ക്കെ പിന്‍ഗേറ്റ് വഴിയാണ് അല്ലുവിനെ പുറത്തിറക്കിയത്. തെലങ്കാന ചഞ്ചല്‍ഗുഡ ജയിലിലെ ബാരക്ക് ഒന്നിലാണ് അല്ലു അര്‍ജുന്‍ ഇന്നലെ കഴിഞ്ഞത്. സുരക്ഷാ കാരണങ്ങള്‍ ചൂണ്ടികാണിച്ചാണ് മുന്‍ഗേറ്റ് വഴി അല്ലു അര്‍ജുനെ പുറത്തേക്ക് കൊണ്ടുവരണ്ട എന്ന് തീരുമാനിച്ചത്.
അല്ലു അര്‍ജുനൊപ്പം തീയറ്റര്‍ ഉടമകളും ജയില്‍ മോചിതരായി. അതേസമയം, ജയില്‍ മോചനം വൈകിപ്പിച്ചതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അല്ലു അര്‍ജുന്റെ അഭിഭാഷകര്‍ പറഞ്ഞു. ഇന്നലെ രാത്രി ഒപ്പിട്ട ജാമ്യ ഉത്തരവ് ജയിലില്‍ എത്തിയിരുന്നു. എന്നിട്ടും ജയില്‍ മോചനം വൈകി എന്ന് അഭിഭാഷകര്‍ ആരോപിച്ചു. ഇതിനെതിരെ നിയമനടപടികളിലേക്ക് നീങ്ങുമെന്നും അഭിഭാഷകര്‍ വ്യക്തമാക്കി.
അതേസമയം, അറസ്റ്റില്‍ അല്ലു അര്‍ജുനെ പിന്തുണച്ചും തെലങ്കാന സര്‍ക്കാരിനെ വിമര്‍ശിച്ചും കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തി. പുഷ്പ-2 റിലീസിനിടെ ഉണ്ടായ മരണത്തിന് ഉത്തരവാദി സംസ്ഥാന സര്‍ക്കാരാണെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് ആരോപിച്ചു. മരണത്തിന്റെ ഉത്തരവാദിത്വം താരത്തിന്റെ തലയില്‍ കെട്ടിവെയ്ക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.അതേസമയം, സന്ധ്യ തീയറ്റര്‍ മാനേജ്മെന്റ് വാദം ശക്തമായി നിഷേധിച്ച് പോലീസും രംഗത്തെത്തി. നേരത്തെ സുരക്ഷ ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയെന്ന് തീയറ്റര്‍ മാനേജ്മെന്റ് കോടതിയില്‍ വാദിച്ചിരുന്നു. തെളിവായി സമൂഹമാധ്യമങ്ങളിലൂടെ കത്തും പുറത്ത് വിട്ടു.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..