December 18, 2024
#news #Top Four

ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച സംഭവം; പ്രതികളെ പിടികൂടാനാവാതെ പോലീസ്

കല്‍പ്പറ്റ: വയനാട് മാനന്തവാടി കൂടല്‍കടവില്‍ ആദിവാസി യുവാവിനെ റോഡിലൂടെ വലിച്ചിഴച്ച കേസിലെ പ്രതികളെ ഇനിയും പോലീസിന് പിടികൂടാനായില്ല. യുവാവിനെ ഉപദ്രവിച്ച കമ്പളക്കാട് സ്വദേശി ഹര്‍ഷിദിനും സുഹൃത്തുക്കള്‍ക്കുമായി പോലീസ് തെരച്ചില്‍ തുടരുകയാണ്. ഇന്നലെ രാത്രി വൈകിയും വയനാട്ടിലെ ഇവരുടെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളില്‍ പോലീസ് പരിശോധന നടത്തി. ഇന്നലെ തന്നെ ആദിവാസി യുവാവ് മാതനെ വലിച്ചിഴച്ച കാര്‍ കണിയാംപറ്റയില്‍ നിന്ന് കണ്ടെത്തി പിടിച്ചെടുത്തതായി പോലീസ് അറിയിച്ചിരുന്നു. അതേസമയം, ആദിവാസി വിഭാഗക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ തുടരുന്നതിലും മന്ത്രി ഒ ആര്‍ കേളുവിന്റെ നിഷ്‌ക്രിയത്വത്തിലും പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് മന്ത്രിയുടെ മാനന്തവാടി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

വയനാട് മാനന്തവാടി കൂടല്‍ കടവിലാണ് ആദിവാസി യുവാവ് മാതനെ വിനോദ സഞ്ചാരത്തിന് വന്ന യുവാക്കള്‍ കാറില്‍ കൈ ചേര്‍ത്ത് പിടിച്ച് അര കിലോമീറ്ററോളം വലിച്ച് ഇഴച്ചത്. കൈയ്ക്കും കാലിനും ശരീരത്തിന്റെ പിന്‍ഭാഗത്തും സാരമായി പരിക്കേറ്റ ആദിവാസി യുവാവ് മാതനെ മാനന്തവാടി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വധശ്രമത്തിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

ചെക്ക് ഡാം കാണാന്‍ എത്തിയ യുവാക്കള്‍ കൂടല്‍ കടവില്‍ വച്ച് മറ്റ് ഒരു കാര്‍ യാത്രക്കാരുമായി വാക്ക് തര്‍ക്കം ഉണ്ടായി. ഇതില്‍ ഇടപെട്ട നാട്ടുകാര്‍ക്ക് നേരെയായി പിന്നീട് അതിക്രമം. പ്രദേശവാസിയായ ഒരു അധ്യാപകനെ കല്ലുകൊണ്ട് ആക്രമിക്കാന്‍ തുടങ്ങിയപ്പോള്‍ മാതന്‍ തടഞ്ഞു. കാറില്‍ വിരല്‍ കുടുങ്ങിയ മാതനെ കൈ വാഹനത്തോട് ചേര്‍ത്തു പിടിച്ച് അരകിലോമീറ്ററോളം ടാറിട്ട റോഡിലൂടെ യുവാക്കള്‍ വലിച്ചിഴക്കുകയായിരുന്നു. പിന്നാലെ വന്ന കാര്‍ യാത്രക്കാര്‍ ബഹളം വെച്ചതോടെ മാതനെ വഴിയില്‍ തള്ളുകയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *