ആലപ്പുഴയില്‍ ഗുരുതര ആരോഗ്യ വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യവകുപ്പ് ; സമരത്തിനൊരുങ്ങി കുടുംബം
ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ് മൂലം ഗുരുതര വൈകല്യങ്ങളോടെ ജനിച്ച നവജാത ശിശുവിനെ കയ്യൊഴിഞ്ഞ് ആരോഗ്യ വകുപ്പ്. കുഞ്ഞിന്റെ ചികിത്സ ഏറ്റെടുക്കുമെന്നായിരുന്നു ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം ആശുപത്രിയിലെത്തിയ ഇവരുടെ പക്കല്‍ നിന്നും വിവിധ പരിശോധനകള്‍ക്കായി പണം ഈടാക്കി. കൂടാതെ വിഷയത്തില്‍ ഡോക്ടര്‍മാര്‍ക്കെതിരായ നടപടിയും വൈകുകയാണ്. അതേസമയം സര്‍ക്കാര്‍ അവഗണനക്കെതിരെ കടപ്പുറത്തെ വനിത ശിശു ആശുപത്രിക്ക് മുന്നില്‍ സമരം ചെയ്യാന്‍ ഒരുങ്ങുകയാണ് കുടുംബം.
Also Read ; പുഷ്പ 2 റിലീസിനിടെ മരിച്ച സ്ത്രീയുടെ മകന് മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു
ഗര്‍ഭകാലപരിചരണത്തിലും ചികിത്സയിലുമുണ്ടായ പിഴവാണ് കുട്ടിക്ക് ഗുരുതര വൈകല്യങ്ങളുണ്ടാകാന്‍ കാരണമെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. സംഭവം വലിയ വിവാദമായതോടെ സര്‍ക്കാര്‍ ഇടപെടുകയും കുട്ടിയുടെ തുടര്‍ചികിത്സയെല്ലാം സൗജന്യമായിരിക്കുമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് ഉറപ്പ് നല്‍കുകയും ചെയ്തിരുന്നു.
അലപ്പുഴ ലജനത്ത് വാര്‍ഡില്‍ താമസിക്കുന്ന അനീഷ് മുഹമ്മദിന്റെയും സുറുമിയുടേയും മൂന്നാമത്തെ കുഞ്ഞിനാണ് ജന്മനാല്‍ ഗുരുതര വൈകല്യങ്ങളുണ്ടായത്. ഗര്‍ഭകാലത്ത് എഴുതവണ സ്‌കാനിങ്ങ് നടത്തിയിട്ടും കുട്ടിയുടെ വൈകല്യങ്ങള്‍ കണ്ടെത്താനായില്ലെന്നായിരുന്നു കുടുംബത്തിന്റെ പരാതി. സംഭവത്തില്‍ ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കൂടുതല്‍ ചികിത്സാ രേഖകള്‍ ഹാജരാക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടെങ്കിലും ഇല്ലെന്നായിരുന്നു കടപ്പുറം ആശുപത്രിയുടെ മറുപടി.
Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..