December 21, 2024
#india #Top Four

രാമക്ഷേത്രം ഒരു വികാരമായിരുന്നു, അത് എല്ലായിടത്തും ഉദാഹരണമാക്കേണ്ടതില്ല : മോഹന്‍ ഭാഗവത്

ന്യൂഡല്‍ഹി: രാജ്യത്ത് ക്ഷേത്ര-മസ്ജിത് തര്‍ക്കങ്ങള്‍ കൂടുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. അയോധ്യയില്‍ രാമക്ഷേത്രം പണിതത് അതൊരു വികാരമായിരുന്നു. എന്നാല്‍ എല്ലായിടത്തും ഇത് ഉദാഹരണമാക്കേണ്ടെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം. രാമക്ഷേത്രം പണിതതിന് പിന്നാലെ രാജ്യത്ത് വിവിധയിടങ്ങളില്‍ സമാനമായ അവകാശവാദങ്ങള്‍ ഉയര്‍ന്നുവരുന്നതിനിടെയാണ് മോഹന്‍ ഭാഗവതിന്റെ പരാമര്‍ശം.

Also Read ; ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിച്ചതിന് ശേഷം ചില വ്യക്തികള്‍ അത്തരം പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നു. അവര്‍ ഹിന്ദുക്കളുടെ നേതാക്കളാകാന്‍ ശ്രമിക്കുന്നുവെന്നും മോഹന്‍ ഭാഗവത് വിമര്‍ശിച്ചു. വ്യത്യസ്തമായ വിശ്വാസങ്ങള്‍ക്കും പ്രത്യയശാസ്ത്രങ്ങള്‍ക്കും എങ്ങനെ യോജിപ്പോടെ പോകാനാകും എന്നതിന് ഇന്ത്യ ഒരു മാതൃകയാകണമെന്നും പൂനെയില്‍ ഒരു പരിപാടിയില്‍ സംസാരിക്കവെ മോഹന്‍ ഭാഗവത് പറഞ്ഞു.

‘മുന്‍കാലങ്ങളില്‍ സംഭവിച്ച തെറ്റുകളില്‍ നിന്ന് ഭാരതീയര്‍ പാഠം പഠിക്കുകയും ലോകത്തിന് മുന്നില്‍ രാജ്യത്തെ മാതൃകയാക്കാന്‍ ശ്രമിക്കുകയും വേണം. രാമക്ഷേത്രം വിശ്വാസത്തിന്റെ കാര്യമായിരുന്നു. അത് നിര്‍മ്മിക്കപ്പെടണമെന്ന് ഹിന്ദുക്കള്‍ക്ക് തോന്നി. എന്നാല്‍ മറ്റ് പലയിടങ്ങളിലും പുതിയ പ്രശ്നങ്ങള്‍ ഉന്നയിച്ച് വിദ്വേഷമുണ്ടാക്കുന്നത് അംഗീകരിക്കാനാകില്ല’, മോഹന്‍ ഭാഗവത് പറഞ്ഞു. രാജ്യത്ത് ന്യൂനപക്ഷവും ഭൂരിപക്ഷവും ഇല്ലെന്നും എല്ലാവരും ഒന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *