December 21, 2024
#kerala #Top Four

നവീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം തുറന്നു ; കേന്ദ്രമന്ത്രി സുരേഷ്‌ഗോപി ഉദ്ഘാടനം ചെയ്തു

തൃശൂര്‍: പുനസജ്ജീകരിച്ച തൃശൂര്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരം തുറന്നു. നവീകരിച്ച മ്യൂസിയത്തിന്റെ ഉദ്ഘാടനം കേന്ദ്ര മന്ത്രി സുരേഷ് ഗോപി നിര്‍വഹിച്ചു. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയും പരിപാടിയില്‍ പങ്കെടുത്തു.പഴയ കാലം മുതല്‍ ഇപ്പോഴുള്ളത് വരെയുള്ള ആയിരത്തിലധികം പ്രദര്‍ശന വസ്തുക്കള്‍ ഉള്‍പ്പെടുത്തിയാണ് മ്യൂസിയം പുനസജ്ജീകരിച്ചിരിക്കുന്നത്.

Also Read ; ശബരിമല ; മണ്ഡലപൂജക്കും മകരവിളക്കിനും വെര്‍ച്വല്‍ ക്യൂ വെട്ടിക്കുറച്ചു, സ്‌പോട് ബുക്കിങ് ഒഴിവാക്കും

കേവലം സന്ദര്‍ശനത്തിനുള്ള ഇടങ്ങളില്‍ നിന്നും പൈതൃകത്തിന്റെയും പാരമ്പര്യത്തിന്റെയും സത്യസന്ധമായ കഥകള്‍ പറയുന്ന ഇടങ്ങളായി മ്യൂസിയങ്ങളെ മാറ്റുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് പുരാവസ്തു പുരാരേഖാ മ്യൂസിയം രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പറഞ്ഞു. പുനസജ്ജീകരിച്ച ശക്തന്‍ തമ്പുരാന്‍ കൊട്ടാരം പുരാവസ്തു മ്യൂസിയത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.

തൃശൂര്‍ എന്ന സാംസ്‌കാരിക തലസ്ഥാനത്തിന്റെ തിലകക്കുറിയായ ശക്തന്‍ തമ്പുരാന്‍ മ്യൂസിയത്തിന്റെ നവീകരണ ഉദ്യമം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയ കേരള സര്‍ക്കാരിനെ കേന്ദ്ര പെട്രോളിയം, പ്രകൃതിവാതകം, ടൂറിസം വകുപ്പ് സഹമന്ത്രി സുരേഷ് ഗോപി അഭിനന്ദിച്ചു. ഭാരതത്തിലെ മണ്‍മറഞ്ഞുപോയ സാംസ്‌കാരിക കേന്ദ്രങ്ങളുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് കേന്ദ്ര സര്‍ക്കാരിന്റെ ലക്ഷ്യമാണെന്നും കേന്ദ്രമന്ത്രി പറഞ്ഞു.

പുരാതത്ത്വ പഠനങ്ങള്‍ക്കായി കൊച്ചി രാജ്യത്ത് ഒരു നൂറ്റാണ്ടു മുമ്പ് സ്ഥാപിക്കപ്പെട്ട കൊച്ചിന്‍ ആര്‍ക്കിയോളജി വകുപ്പിന്റെ നേതൃത്വത്തില്‍ 1938 ല്‍ സ്ഥാപിതമായ ചിത്രശാലയാണ് തൃശ്ശൂര്‍ പുരാവസ്തു മ്യൂസിയമായി വികസിച്ചത്. പിന്നീട് കൊല്ലങ്കോട് ഹൗസിലേക്ക് മാറ്റിയ മ്യൂസിയം കേരളത്തിന്റെ ചരിത്രം വരച്ചുകാട്ടുന്ന അപൂര്‍വ്വ പുരാവസ്തുക്കള്‍ കൂടി ഉള്‍പ്പെടുത്തി 2005 ല്‍ ശക്തന്‍ തമ്പുരാന്‍ കൊട്ടാരത്തില്‍ പുനസജ്ജീകരിക്കപ്പെട്ടു.

രാജരഥം, പുരാതത്ത്വ പഠനത്തിന്റെ കേരള വഴികള്‍, ശിലാശില്പങ്ങള്‍, കൊച്ചി രാജാവും ശക്തന്‍ തമ്പുരാനും തുടങ്ങി 14 ഗ്യാലറികളിലായി തിരിച്ച് ആയിരത്തിലധികം പ്രദര്‍ശന വസ്തുക്കളാണ് മ്യൂസിയത്തില്‍ സജ്ജീകരിച്ചിട്ടുള്ളത്. സിസിടിവി ക്യാമറകള്‍, മിനിമാസ്റ്റ് ലൈറ്റുകള്‍, ശവകുടീരത്തിന് അടുത്തായി നവീകരിച്ച നടപ്പാത, പൈതൃകോദ്യാനത്തിലടക്കം ഇരിപ്പിടങ്ങള്‍ തുടങ്ങിയവയും മ്യൂസിയത്തില്‍ സജ്ജം.

യോഗത്തില്‍ എംഎല്‍എ പി ബാലചന്ദ്രന്‍, മേയര്‍ എം കെ വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി എസ് പ്രിന്‍സ് എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു. ഡെപൂട്ടി മേയര്‍ എം എല്‍ റോസി, പുരാവസ്തു ഡയറക്ടര്‍ ഇ ദിനേശന്‍, കേരള മ്യൂസിയം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ആര്‍ ചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു. സമ്മേളനത്തിന്റെ അവസാനത്തില്‍ ബാംബൂ ബാന്‍ഡായ വയലി ഫോക് ഗ്രൂപ്പ് മുളസംഗീതം അവതരിപ്പിച്ചു.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *