#kerala #Top Four

പെരിയ ഇരട്ടക്കൊലപാതകം: സി പി ഐ എം മുന്‍ എം എല്‍ എ ഉള്‍പ്പടെ 14 പ്രതികള്‍ കുറ്റക്കാര്‍; ഗൂഡാലോചന തെളിഞ്ഞെന്ന് കോടതി

കാസര്‍കോട്: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിപിഐഎം മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമനടക്കം 14 പ്രതികള്‍ കുറ്റക്കാരെന്ന് കോടതി. പത്ത് പ്രതികളെ കുറ്റവിമുക്തരാക്കി. 9,11, 12, 13, 16, 18, 17, 19, 23, 24 എന്നീ പ്രതികളെയാണ് കുറ്റവിമുക്തരാക്കിയത്. സിപിഐഎം മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനാണ് കേസിലെ ഒന്നാം പ്രതി. സിബിഐ കോടതിയാണ് കേസില്‍ വിധി പ്രസ്താവിച്ചത്. 2019 ഫെബ്രുവരി 17ന് നടന്ന സംഭവത്തിലാണ് വിധി. കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാല്‍, കൃപേഷ് എന്നിവരെ വെട്ടിക്കൊലപ്പെടുത്തിയെന്നതാണ് കേസ്. മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനും സിപിഎം നേതാക്കളുമടക്കം 24 പേരായിരുന്നു കേസില്‍ പ്രതിപട്ടികയിലുണ്ടായത്.

Also Read ; മൂക്കിലെ ദശമാറ്റുന്നതിന് ശസ്ത്രക്രിയ നടത്തി വലതു കണ്ണിന്റെ കാഴ്ച നഷ്ടമായി ; പരാതിയുമായി യുവതി

കൊലപാതകം, ഗൂഢാലോചന, തെളിവ് നശിപ്പിക്കല്‍ ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് നിലവില്‍ പെരിയ മുന്‍ ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരന്‍, സജി സി ജോര്‍ജ്, എം സുരേഷ്, അനില്‍കുമാര്‍, ജിജിന്‍, അശ്വിന്‍, ശ്രീരാഗ്, എ സുബിന്‍ എന്നിവര്‍ക്കെതിരെ തെളിഞ്ഞത്. ഗൂഢാലോചന, തെളിവുനശിപ്പിക്കല്‍ എന്നിവയാണ് മുരളി താനിത്തോട്, പ്രദീപ്, ആലക്കോട് മണികണ്ഠന്‍, എന്‍ ബാലകൃഷ്ണന്‍ എന്നിവര്‍ക്കെതിരെ തെളിഞ്ഞത്.

അതേസമയം കുടുംബ പ്രശ്‌നങ്ങള്‍ പറഞ്ഞ് ശിക്ഷ ഇളവ് തേടുകയാണ് പ്രതികള്‍. പ്രായം ചെന്ന മാതാപിതാക്കളും കുട്ടികളുമുണ്ടെന്ന് പ്രതികള്‍ കോടതിയില്‍ പറഞ്ഞു. പതിനെട്ടാം വയസ്സില്‍ ജയിലില്‍ കയറിയതെന്നാണ് ഏഴാം പ്രതി അശ്വിന്റെ വാദം. പട്ടാളക്കാരന്‍ ആകാന്‍ ആഗ്രഹിച്ചു. വീട്ടുകാരെ ആറ് വര്‍ഷമായിട്ടും കാണാനായിട്ടില്ലെന്നും ഡിഗ്രിക്ക് പഠിക്കണമെന്ന് ആഗ്രഹമുണ്ടെന്നും പ്രതി കോടതിയില്‍ പറഞ്ഞു. അമ്മ രോഗാവസ്ഥയിലെന്ന് എട്ടാം പ്രതിയും കോടതിയെ അറിയിച്ചു. വധശിക്ഷ നല്‍കണമെന്ന് പതിനഞ്ചാം പ്രതി പ്രതികരിച്ചു. കരഞ്ഞു കൊണ്ടായിരുന്നു അപേക്ഷ. തന്നെ ജീവിതം അവസാനിപ്പിക്കാന്‍ സഹായിക്കണമെന്നും പതിനഞ്ചാം പ്രതി കോടതിയോട് പറഞ്ഞു.

ടിപി വധക്കേസിന് ശേഷം സമീപകാലത്ത് സിപിഐഎമ്മിനെ ഏറ്റവും പ്രതിരോധത്തിലാക്കിയ കേസാണ് പെരിയ ഇരട്ടക്കൊലക്കേസ്. പെരിയ ഇരട്ടക്കൊലപാതകം തുടക്കത്തില്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിര്‍ദേശപ്രകാരം പിന്നീട് സിബിഐ ഏറ്റെടുക്കുകയായിരുന്നു. 270 സാക്ഷികളായിരുന്നു കേസിലുണ്ടായിരുന്നത്. തിരുവനന്തപുരത്തെ സിബിഐ യൂണിറ്റ് കേസ് അന്വേഷിച്ചത്. 2023 ഫെബ്രുവരി രണ്ടിനാണ് കൊച്ചി സിബിഐ കോടതിയില്‍ വിചാരണ ആരംഭിച്ചത്.

14 പേരായിരുന്നു ആദ്യം പ്രതിപട്ടികയിലുണ്ടായിരുന്നത്. ഇതില്‍ 11 പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് സിബിഐ കേസ് ഏറ്റെടുത്തതോടെയാണ് മറ്റ് പത്ത് പേരെ കൂടി പ്രതി ചേര്‍ത്തത്. യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒന്നാം പ്രതി പീതാംബരന്‍ ഉള്‍പ്പെടെയുള്ളവരെ ആദ്യഘട്ടത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. കൃത്യത്തിന് ഗൂഢാലോചന നടത്തിയത് കേന്ദ്രീകരിച്ചായിരുന്നു സിബിഐ അന്വേഷണം. ഈ ഘട്ടത്തിലാണ് ഉദുമ മുന്‍ എംഎല്‍എയും സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്ന കെ വി കുഞ്ഞിരാമന്‍ പ്രതിയായത്. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ മണികണ്ഠന്‍, സിപിഐഎം നേതാക്കളായ രാഘവന്‍ വെളുത്തോളി, എന്‍ ബാലകൃഷ്ണന്‍ , ഭാസ്‌കരന്‍ വെളുത്തോളി തുടങ്ങിയവരും പിന്നീട് പ്രതികളായി.

കൊല്ലപ്പെട്ട ശരത് ലാലിനും കൃപേഷിനും വേണ്ടി ഹാജരായ അഭിഭാഷകന്‍ അഡ്വ. സി കെ ശ്രീധരന്‍ പിന്നീട് പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നു. വിധി പ്രസ്താവിക്കുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. കല്ല്യോട്ട് പ്രദേശം ഉള്‍ക്കൊളളുന്ന പെരിയ വില്ലേജില്‍ പ്രകടനങ്ങള്‍ക്ക് വിലക്കുണ്ട്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

Leave a comment

Your email address will not be published. Required fields are marked *