January 8, 2025
#kerala #Politics #Top Four

യുഡിഎഫ് അധികാരത്തില്‍ വരണം,പിണറായി വിജയന്‍ സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും : പി വി അന്‍വര്‍

മലപ്പുറം : യുഡിഎഫ് അധികാരത്തില്‍ വരണമെന്ന് വാര്‍ത്താ സമ്മേളനത്തിനിടെ തുറന്നടിച്ച് പി വി അന്‍വര്‍ എംഎല്‍എ. യുഡിഎഫ് പ്രവേശനം സാധ്യമാക്കാനുള്ള നീക്കം ശക്തമാക്കി പി വി അന്‍വര്‍. എല്ലാ യുഡിഎഫ് നേതാക്കളുമായും കൂടിക്കാഴ്ച നടത്തുമെന്നും അന്‍വര്‍ വ്യക്തമാക്കി. അതേസമയം തന്നെ വേണോ എന്ന് അവര്‍ തീരുമാനിക്കട്ടേയെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Also Read ; ടിബറ്റിലും നേപ്പാളിലും ശക്തമായ ഭൂചലനം; 32 പേര്‍ മരണപ്പെട്ടതായി റിപ്പോര്‍ട്ട്

പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി ഫോണില്‍ സംസാരിച്ചു. സതീശന്‍ അടക്കം എല്ലാ യുഡിഎഫ് നേതാക്കളെയും കാണും. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയോടെ സാദിഖലി ശിഹാബ് തങ്ങളെ കാണാന്‍ അന്‍വര്‍ പാണക്കാട് എത്തുമെന്നും അന്‍വര്‍ പറഞ്ഞു.അതേസമയം ഇന്ന് രാവിലെ സാദിഖലി തങ്ങളെ ഫോണില്‍ വിളിച്ച അന്‍വര്‍, അറസ്റ്റ് സമയത്ത് നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ചിരുന്നു. തങ്ങളുമായുള്ള സന്ദര്‍ശന വേളയില്‍ പി കെ കുഞ്ഞാലിക്കുട്ടിയുമായും കൂടിക്കാഴ്ച നടത്തും. പിറകെ മറ്റു യുഡിഎഫ് നേതാക്കളെയും നേരിട്ട് കാണാനാണ് അന്‍വറിന്റെ നീക്കം. യുഡിഎഫില്‍ എനിക്ക് ഒരു സ്ഥാനവും വേണ്ടെന്നും ഒരു പ്രവര്‍ത്തകന്‍ ആയാല്‍ മതിയെന്നുമാണ് ഏറ്റവും ഒടുവില്‍ അന്‍വര്‍ പറഞ്ഞത്. മുന്നണി പ്രവേശനത്തിന് യുഡിഎഫിന് നേരിട്ട് കത്ത് നല്‍കുന്ന കാര്യം പിന്നീട് പരിഗണിക്കുമെന്നും മരിച്ചു കൂടെ നില്‍ക്കുമെന്നും തന്നെ വേണോ എന്ന് യുഡിഎഫ് പരിശോധിക്കട്ടേയെന്നുമായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ അന്‍വറിന്റെ പ്രതികരണം.

അതേസമയം വന്യജീവി ആക്രമണം രാഷ്ട്രീയ വിഷയമാക്കിയ അന്‍വര്‍, വനഭേദഗതി നിയമത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും അറിയിച്ചു. ഈ പോരാട്ടത്തിന് യുഡിഎഫ് പിന്തുണ നല്‍കണമെന്നും, യുഡിഎഫ് തന്റെ കൂടെ നില്‍ക്കുകയാണെങ്കില്‍ പൂര്‍ണമായും സഹകരിക്കുമെന്നും അന്‍വര്‍ പറഞ്ഞു. സിപിഎം മുന്‍ നേതാക്കള്‍ തന്റെ ഒപ്പം വരും എന്ന് പറഞ്ഞപ്പോള്‍ ആണ് എന്നെ അറസ്റ്റ് ചെയ്തത്. യുഡിഫിനെ ശക്തിപെടുത്താന്‍ പുറത്ത് ആളുകള്‍ ഉണ്ട്. ആര്‍എസ്എസ്-സിപിഎം നെക്‌സസ് കേരളത്തിലുണ്ട്. ന്യൂനപക്ഷങ്ങളെ പറ്റിക്കുന്നു. അജിത് കുമാര്‍ ആര്‍എസ്എസുമായി ഇടപെട്ടത് ഡല്‍ഹിയില്‍ വെച്ചാണ്. പിണറായി സിപിഎമ്മിന്റെ കേരളത്തിലെ അവസാന മുഖ്യമന്ത്രിയാകും. തൊഴിലാളി സംഘടനകളെ പിണറായി തകര്‍ത്തു. അന്‍വര്‍ പറഞ്ഞു.

വനം വകുപ്പ് മന്ത്രി രാജി വെക്കുന്നതാണ് നല്ലത്. എന്തിനാണ് ഇങ്ങിനെ തുടരുന്നത് ? ഫോറസ്റ്റ് മാഫിയയുടെ തലവനാണ് വനം മന്ത്രി. വനമേഖലയിലെ ജനങ്ങള്‍ക്ക് കിട്ടേണ്ട പണം വനം വകുപ്പ് ഉദ്യോഗസ്ഥര്‍ കട്ടെടുക്കുന്നു. വന ഭേദഗതി നിയമത്തില്‍ ജനങ്ങളുടെ അഭിപ്രായം തേടിയില്ല.കേരള കോണ്‍ഗ്രസ് അടക്കം പ്രതികരിച്ചില്ല. എല്‍ഡിഎഫില്‍ നില്‍ക്കുന്ന സമയത്ത് ഞാന്‍ നിയമ പോരാട്ടം തുടങ്ങിയതാണെന്നും അന്‍വര്‍ വ്യക്തമാക്കി.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *