January 15, 2025
#Top News

മഹാകുംഭമേളക്ക് പ്രയാഗ് രാജില്‍ ഇന്ന് തുടക്കം ; ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് 40 കോടിയിലേറെ തീര്‍ത്ഥാടകരാണ് എത്തുക

ഡല്‍ഹി: മഹാകുംഭമേളക്ക് ഇന്ന് തുടക്കം. ഉത്തര്‍ പ്രദേശിലെ പ്രയാഗ് രാജിലാണ് കുംഭമേള നടക്കുന്നത്. ഒരു മാസത്തിലധികം നീളുന്ന ചടങ്ങുകള്‍ക്ക് ഇന്ന് തുടക്കം കുറിക്കും. ഈ ദിവസങ്ങളിലായി ആകെ 40 കോടി തീര്‍ത്ഥാടകര്‍ ചടങ്ങിനെത്തുമെന്നാണ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്രമോദിയെ ചടങ്ങിലേക്ക് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഡല്‍ഹിയിലെത്തി ക്ഷണിച്ചിരുന്നു.

Also Read ; പത്തനംതിട്ട പീഡനം ; 28 പേര്‍ അറസ്റ്റില്‍, പ്രതികളില്‍ ചിലര്‍ വിദേശത്തെന്ന് പോലീസ്, നാട്ടിലെത്തിക്കാന്‍ നീക്കം

മഹാകുംഭമേളക്കായി പ്രയാഗ് രാജില്‍ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയിരിക്കുന്നത്. ഇന്നത്തെ പൗഷ് പൂര്‍ണിമ മുതല്‍ ഫെബ്രുവരി 26ന് മഹാശിവരാത്രി വരെ 45 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്നതാണ് ചടങ്ങുകള്‍. ഇന്ന് മുതല്‍ കുംഭമേളയിലെ പ്രധാനപ്പെട്ട ചടങ്ങായ ത്രിവേണി സംഗമത്തിലെ സ്‌നാനം തുടങ്ങും. 14 ന് മകര സംക്രാന്തി ദിനത്തിലും, 29 ന് മൗനി അമാവാസ്യ ദിനത്തിലും, ഫെബ്രുവരി 3 ന് വസന്ത പഞ്ചമി ദിനത്തിലും, ഫെബ്രുവരി 12 ന് മാഘി പൂര്‍ണിമ ദിനത്തിലും, ഫെബ്രുവരി 26 ന് മഹാ ശിവരാത്രി ദിനത്തിലുമാണ് പ്രധാന സ്‌നാനങ്ങള്‍ നടക്കുക. കുംഭമേളയില്‍ പങ്കെടുത്ത് ത്രിവേണീ സംഗമത്തില്‍ കുളിച്ചാല്‍ പാപങ്ങളില്ലാതാകുമെന്നാണ് വിശ്വാസം. സനാതന ധര്‍മ്മത്തിന്റെ മഹത്വം തിരിച്ചറിയാന്‍ എല്ലാവരും കുംഭമേളയില്‍ പങ്കെടുക്കണമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

പ്രയാഗ് രാജില്‍ 12 കിലോമീറ്റര്‍ നീളത്തില്‍ സ്‌നാന ഘാട്ടുകള്‍ തയാറാക്കി. വാച്ച് ടവറടക്കം വിപുലമായ സുരക്ഷാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. കുംഭമേള നടക്കുന്ന ദിവസങ്ങളിലാകെ 3000 സ്‌പെഷല്‍ സര്‍വീസുകളുള്‍പ്പടെ 13000 ട്രെയിന്‍ സര്‍വീസുകള്‍ ഒരുക്കുമെന്ന് റെയില്‍വേയും അറിയിച്ചു. കേന്ദ്ര ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഐടിഡിസിയും പ്രയാഗ് രാജില്‍ പ്രത്യേക ലക്ഷ്വറി ടെന്റുകള്‍ ഒരുക്കിയിട്ടുണ്ട്. 14000 മുതല്‍ 45000 വരെ വാടക ഈടാക്കുന്നതാണ് ഐടിഡിസിയുടെ ലക്ഷ്വറി സ്യൂട്ടുകള്‍. ഐടിഡിസിയെ പോലെ സ്വകാര്യ സ്ഥാപനങ്ങളും വന്‍ സൗകര്യങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കുംഭമേളയിലൂടെ 2 ലക്ഷം കോടി രൂപയുടെ സാമ്പത്തിക വളര്‍ച്ച സംസ്ഥാനത്തിന് ലഭിക്കുമെന്നാണ് യുപി സര്‍ക്കാറിന്റെ പ്രതീക്ഷ.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *