ജാമ്യം കിട്ടിയിട്ടും ജയിലില്‍ നിന്ന് പുറത്തിറങ്ങാനാവാത്ത 26 പേര്‍ എന്റെ എടുത്തുവന്നു, അവര്‍ക്ക് വേണ്ടിയാണ് ജയിലില്‍ തുടര്‍ന്നതെന്ന് ബോബി ചെമ്മണ്ണൂര്‍
കൊച്ചി: ജാമ്യം കിട്ടിയിട്ടും ജയിലില്‍നിന്ന് പുറത്തിറങ്ങാന്‍ കഴിയാത്ത ചിലര്‍ തന്നെ ജയിലില്‍ വെച്ച് കാണാനെത്തിയെന്നും അവര്‍ക്ക് വേണ്ടിയാണ് ജയിലില്‍ തുടര്‍ന്നതെന്നും ബോബി ചെമ്മണൂര്‍ പറഞ്ഞു. ഹണിറോസിന്റെ പരാതിയില്‍ റിമാന്‍ഡിലായിരുന്ന ബോബി, ജാമ്യംകിട്ടി കാക്കനാട് ജയിലില്‍നിന്ന് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ഇക്കാര്യം പറഞ്ഞത്.
”ജയിലില്‍ പത്തിരുപത്താറ് കേസുകളുണ്ട്. ജാമ്യംകിട്ടാന്‍ അയ്യായിരമോ പതിനായിരമോ രൂപയില്ലാത്തതിനാല്‍ വിഷമിക്കുന്നവരാണ് അവരൊക്കെ. അങ്ങനെ 26 പേര്‍ എന്റെ അടുത്തുവന്നു. അതൊക്കെ നമുക്ക് പരിഹരിക്കാമെന്ന് ഞാന്‍ അവരോട് പറഞ്ഞു. അതിനുള്ള സമയത്തിന് വേണ്ടി ഞാന്‍ ഒരുദിവസം കൂടി ജയിലില്‍ നിന്നു. അത്രയേ ഉള്ളൂ”, എന്നാണ് ബോബി ചെമ്മണൂര്‍ പ്രതികരിച്ചത്.
അതേസമയം, ജാമ്യം കിട്ടിയിട്ടും പുറത്തിറങ്ങാതെ വൈകിപ്പിച്ചത് കോടതിയലക്ഷ്യമല്ലേ എന്ന് ചോദിച്ചപ്പോള്‍ അല്ലെന്നായിരുന്നു ബോബിയുടെ പ്രതികരണം. മാത്രമല്ല, ജാമ്യ ഉത്തരവ് ചൊവ്വാഴ്ച ഇവിടെ കിട്ടിയില്ലെന്നും ഇന്നാണ് കിട്ടിയതെന്നുമാണ് പറഞ്ഞതെന്നും ബോചെ കൂട്ടിച്ചേര്‍ത്തു.
അതിനിടെ, ബോബിയുടെ കേസില്‍ രാവിലെ ഹൈക്കോടതിയില്‍നിന്ന് അസാധാരണനീക്കമുണ്ടായി. ജാമ്യം നല്‍കിയിട്ടും കഴിഞ്ഞദിവസമുണ്ടായ നാടകീയസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ ബോബി ചെമ്മണൂരിന്റെ കേസ് ഹൈക്കോടതി സ്വമേധയാ പരിഗണിക്കുകയായിരുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണനാണ് കേസ് പരിഗണിച്ചത്. ബോബിയുടെ അഭിഭാഷകരെ അടക്കമുള്ളവരെ കോടതി വിളിച്ചുവരുത്തുകയും ചെയ്തു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
അതേസമയം, ബോബിയുടെ കേസ് രാവിലെ 10.15-ന് പരിഗണിക്കാനിരിക്കെ ബോബിയെ ജയിലില്‍നിന്ന് അതിവേഗം പുറത്തിറക്കാനുള്ള നീക്കങ്ങള്‍ അഭിഭാഷകര്‍ ആരംഭിച്ചിരുന്നു. ട്രാഫിക് ബ്ലോക്ക് കാരണമാണ് കഴിഞ്ഞദിവസം ജാമ്യഉത്തരവ് എത്തിക്കാന്‍ വൈകിയതെന്ന വിശദീകരണവും അഭിഭാഷകര്‍ നല്‍കി. തുടര്‍ന്ന് ബുധനാഴ്ച രാവിലെ പത്തുമണിക്ക് മുമ്പേ അഭിഭാഷകര്‍ ജയിലിലെത്തി ജാമ്യഉത്തരവും മറ്റുരേഖകളും കൈമാറി. ഇതിനുപിന്നാലെയാണ് ബോബി ജയിലില്‍നിന്ന് പുറത്തിറങ്ങിയത്.