#International #Top Four

അമേരിക്കയുടെ നാല്‍പത്തിയേഴാമത് പ്രസിഡന്റായി ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും

വാഷിംങ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് ഇന്ന് സ്ഥാനമേല്‍ക്കും. അമേരിക്കയുടെ നാല്‍പത്തിയേഴാമത്തെ പ്രസിഡന്റായാണ് ട്രംപ് സ്ഥാനമേല്‍ക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്ക് ഔദ്യോഗിക ചടങ്ങുകള്‍ക്ക് തുടക്കമാകും. ക്യാപിറ്റോള്‍ മന്ദിരത്തിലാണ് ചടങ്ങുകള്‍ നടക്കുക. പ്രതികൂല കാലാവസ്ഥ മൂലം 1985ന് ശേഷം ഇതാദ്യമായാണ് മന്ദിരത്തിന് അകത്താണ് ചടങ്ങുകള്‍ നടക്കുന്നത്. ട്രംപിന്റെ സത്യപ്രതിജ്ഞയ്ക്ക് സാക്ഷികളാകാന്‍ നിരവധി ലോകനേതാക്കളും അമേരിക്കയിലെത്തും. ഇന്ത്യയെ പ്രതിനിധീകരിച്ച് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ചടങ്ങില്‍ പങ്കെടുക്കും.

Also Read ; പാലക്കാട് ബ്രൂവറിക്കായി മലമ്പുഴ ഡാമില്‍ നിന്ന് വെള്ളം ; സര്‍ക്കാരിന്റെ നീക്കം ഹൈക്കോടതി ഉത്തരവ് ലംഘിച്ച്

അതിനിടെ, സ്ഥാനാരോഹണത്തിന് മുന്‍പ് വാഷിംഗ്ടണില്‍ റാലി നടത്തിയിരിക്കുകയാണ് ട്രംപ്. താന്‍ തെരഞ്ഞെടുക്കപ്പെട്ടത് കൊണ്ടാണ് ഇസ്രയേല്‍- ഹമാസ് സമാധാന കരാര്‍ നടപ്പായതെന്ന് ട്രംപ് പറഞ്ഞു. ഇന്ന് അധികാരമേറ്റെടുത്തു കഴിഞ്ഞാല്‍ ട്രംപ് വെള്ളിയാഴ്ച്ച ലോസ് ആഞ്ചലസ് അഗ്‌നി ബാധ പ്രദേശങ്ങള്‍ സന്ദര്‍ശിക്കും. ബൈഡന്‍ സര്‍ക്കാരിന്റെ നിരവധി നിയമങ്ങള്‍ എക്‌സിക്യൂട്ടീവ് ഉത്തരവുകള്‍ വഴി പിന്‍വലിക്കുമെന്ന് ട്രംപ് പറഞ്ഞു. ടിക് ടോക്കിനെ സംരക്ഷിക്കുന്ന ഉത്തരവും പുറത്തിറക്കും.

അതേസമയം, അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് തിരിച്ചെത്തുന്നതിന് പിന്നാലെ ഡൊണാള്‍ഡ് ട്രംപ് ചൈന സന്ദര്‍ശിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുണ്ട്. അധികാരമേറ്റ് ആദ്യ 100 ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം ചൈന സന്ദര്‍ശിക്കുമെന്നാണ് വിവരം. ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും കഴിഞ്ഞ വെള്ളിയാഴ്ച്ച ഫോണില്‍ സംസാരിച്ചിരുന്നു. വ്യാപാരം, ഫെന്റനൈല്‍, ടിക് ടോക്ക് എന്നിവയുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഇരുവരും ചര്‍ച്ച നടത്തി. ഇന്ന് നടക്കുന്ന ട്രംപിന്റെ സ്ഥാനാരോഹണ ചടങ്ങിലേയ്ക്ക് ചൈനീസ് പ്രസിഡന്റിനെയും ക്ഷണിച്ചിട്ടുണ്ട്. എന്നാല്‍ ചൈനീസ് നേതാവ് ഒരിക്കലും വിദേശ നേതാക്കളുടെ സത്യപ്രതിജ്ഞയില്‍ പങ്കെടുക്കാറില്ല. അതുകൊണ്ട് തന്നെ വൈസ് പ്രസിഡന്റിനെ അയയ്ക്കാന്‍ തീരുമാനിച്ചു.ഇതാദ്യമായാണ് ഒരു മുതിര്‍ന്ന ചൈനീസ് ഉദ്യോഗസ്ഥന്‍ യുഎസ് പ്രസിഡന്റ് സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കുന്നത്.

Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..

 

Leave a comment

Your email address will not be published. Required fields are marked *