ജിതിന്‍ ബോസ് രക്ഷപ്പെട്ടതില്‍ നിരാശ, മൂന്ന് പേരെ കൊലപ്പെടുത്തിയിട്ടും പശ്ചാത്താപമില്ലെന്ന് പ്രതി റിതു

കൊച്ചി: ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നുപേരെ അടിച്ചുകൊലപ്പെടുത്തിയ സംഭവത്തില്‍ പശ്ചാത്താപമില്ലെന്നും ജിതിന്‍ ബോസ് കൊല്ലപ്പെടാത്തതില്‍ നിരാശയുണ്ടെന്നും പ്രതി റിതു ജയന്‍ പോലീസിനോട് പറഞ്ഞു. പ്രതിയെ ഇന്ന് വീട്ടില്‍ എത്തിച്ച് തെളിവെടുപ്പ് നടത്തും. തിരിച്ചറിയല്‍ പരേഡും വൈദ്യ പരിശോധനയും പൂര്‍ത്തിയായിട്ടുണ്ട്. നാളെ റിതുവിന്റെ കസ്റ്റഡി അവസാനിക്കും. അതേസമയം ജിതിന്‍ ബോസിന്റെ ആരോഗ്യ നിലയില്‍ നേരിയ പുരോഗതിയുണ്ട്.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
റിതുവിന് മാനസിക പ്രശ്‌നമില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. മറ്റൊരു കേസില്‍ പ്രതി റിമാന്‍ഡില്‍ കഴിഞ്ഞിട്ടുണ്ട്. ചേന്ദമംഗലത്ത് ഒരു കുടുബത്തിലെ 3 പേരെയാണ് അതിക്രൂരമായി അടിച്ചു കൊലപ്പെടുത്തിയത്. വേണു, വിനിഷ, ഉഷ, ജിതിന്‍ എന്നിവരാണ് അതിക്രമത്തിനിരയായത്. ഇവരില്‍ വേണുവും ഉഷയും വിനീഷയും തലയില്‍ മാരകമായ മുറിവേറ്റാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ജിതിന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ക്രൂരകൃത്യത്തിനു ശേഷം പ്രതിതന്നെ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു. സ്ഥിരം ക്രിമിനലും അഞ്ച് കേസുകളില്‍ പ്രതിയുമാണ് റിതു ജയന്‍. 2021 മുതല്‍ ഇയാള്‍ പോലീസ് നിരീക്ഷണത്തിലുമാണ്. കഴിഞ്ഞ നവംബറിലും ഡിസംബറിലും റിതുവിനെ അന്വേഷിച്ച് പോലീസ് ചേന്ദമംഗലത്തെ വീട്ടില്‍ എത്തിയിരുന്നു. റിതുവിനെതിരെ നേരത്തെ ശക്തമായ നടപടി എടുത്തിരുന്നെങ്കില്‍ ഈ ദാരുണ സംഭവം ഉണ്ടാകില്ലായിരുന്നുവെന്നാണ് നാട്ടുകാരുടെ ആരോപണം.