യുവമോര്‍ച്ച നേതാവടക്കം 60 സംഘപരിവാറുകാര്‍ സിപിഎമ്മില്‍ ചേര്‍ന്നു

പത്തനംതിട്ട: സംഘ്പരിവാര്‍ ബന്ധം ഉപേക്ഷിച്ച് 60 പേര്‍ സി.പി.എമ്മില്‍ ചേര്‍ന്നതായി സി.പി.എം പത്തനംതിട്ട ജില്ലാ കമ്മിറ്റി. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജിത്തു രഘുനാഥ്, ബിജെപി ജില്ല ഐടി സെല്‍ കണ്‍വീനര്‍ വിഷ്ണുദാസ്, ആര്‍എസ്എസ് മണ്ഡലം ശാരീരിക് പ്രമുഖ് പി.എസ്. പ്രണവ്, എ.ബി.വി.പി ജില്ല കമ്മിറ്റിയംഗം ശിവപ്രസാദ്, ആര്‍.എസ്.എസ് നാരങ്ങാനം മണ്ഡലം വിദ്യാര്‍ഥി പ്രമുഖ് ശരത് എന്നിങ്ങനെ 60 പേരാണ് സിപിഎമ്മില്‍ ചേര്‍ന്നത്
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയം അവസാനിപ്പിക്കുന്നുവെന്നാണ് ബി.ജെ.പി ജില്ലാ ഐ.ടി സെല്‍ കണ്‍വീനറായിരുന്ന വിഷ്ണുദാസ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്. കുറെ നാളായി ബി.ജെ.പി പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഇവര്‍ വിട്ടു നില്‍ക്കുകയായിരുന്നു. യുവമോര്‍ച്ച ജില്ലാ സെക്രട്ടറി ജിത്തു രഘു നാഥ് സ്ഥാനം രാജി വയ്ക്കാതെയാണ് സി.പി.എമ്മില്‍ ചേര്‍ന്നത്. ബി.ജെ.പി നേതൃത്വവുമായി ഏറെ നാളായി തുടര്‍ന്ന പ്രശ്‌നങ്ങളാണ് പാര്‍ട്ടി വിടാന്‍ കാരണമെന്നാണ് ഇവര്‍ പറയുന്നത്. ഉപാധികളില്ലാതെയാണ് സി.പി.എമ്മില്‍ ചേര്‍ന്നതെന്നും കൂടുതല്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ പാര്‍ട്ടി വിടുമെന്നും ഇവര്‍ പറയുന്നു.
Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..
പത്തനംതിട്ട കോ ഓപ്പറേറ്റീവ് കോളേജില്‍ നടന്ന ചടങ്ങില്‍ സി.പി.എം ജില്ല സെക്രട്ടറി രാജു ഏബ്രഹാം, സംസ്ഥാന കമ്മിറ്റി അംഗം കെ.പി. ഉദയഭാനു എന്നിവരുടെ നേതൃത്വത്തില്‍ ഇവരെ സിപിഎമ്മിലേക്ക് സ്വീകരിച്ചു. ഏരിയ സെക്രട്ടറി എം.വി സഞ്ജു അധ്യക്ഷത വഹിച്ചു. ജില്ല കമ്മിറ്റിയംഗം എന്‍. സജികുമാര്‍, ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി ബി. നിസാം, ജില്ല കമ്മിറ്റിയംഗങ്ങളായ സൂരജ് എസ്. പിള്ള, സോബി ബാലന്‍ എന്നിവര്‍ സംബന്ധിച്ചു.